ട്രംപ് തങ്ങുന്ന ഹോട്ടലിന് ഒരു രാത്രിക്ക് മാത്രം എട്ട് ലക്ഷം രൂപ : ഹോട്ടലിലെ 438 മുറികളും ട്രംപിനും സംഘത്തിനും വേണ്ടി മാത്രം ; ത്രിതല സുരക്ഷയിൽ ഐ.ടി.സി മൗര്യ

ട്രംപ് തങ്ങുന്ന ഹോട്ടലിന് ഒരു രാത്രിക്ക് മാത്രം എട്ട് ലക്ഷം രൂപ : ഹോട്ടലിലെ 438 മുറികളും ട്രംപിനും സംഘത്തിനും വേണ്ടി മാത്രം ; ത്രിതല സുരക്ഷയിൽ ഐ.ടി.സി മൗര്യ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അമേരിക്കൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തങ്ങുന്ന ഹോട്ടലിന് ഒരു രാത്രിക്ക് മാത്രം എട്ട് ലക്ഷം രൂപ. ഹോട്ടലിലെ 438 മുറികളും ട്രംപിനും സംഘത്തിനും വേണ്ടി മാത്രം ബുക്ക് ചെയ്തു. ത്രിതല സുരക്ഷയിൽ ഹോട്ടൽ ഐ.ടി. സി മൗര്യ.

ആഗ്രയിൽ താജ്മഹൽ സന്ദർശനത്തിന് ശേഷം വൈകീട്ടോടെയാണ് ട്രംപും ഭാര്യ മിലാനിയയും ഡൽഹിയിലെത്തുക. ഐ.ടി.സി. മൗര്യ ഹോട്ടലിലാണ് ഇവർ ഇന്ന് തങ്ങുന്നത്. അഞ്ച് വർഷങ്ങൾക്ക് മുൻപ് മുൻ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ വന്നപ്പോഴും അവിടെയായിരുന്നു താമസിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രംപിനായി അത്യാഡംബര സൗകര്യങ്ങളെല്ലാം ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ ഐ.ടി.സി. മൗര്യയിൽ ഒരുക്കും. ഭക്ഷണ പരിശോധനാ ലബോറട്ടറി, അതീവസുരക്ഷാ സംവിധാനങ്ങൾ, ആഡംബര സൗകര്യങ്ങൾ, സ്പാ എന്നിവയെല്ലാം അതിലുൾപ്പെടും.

ഇതിന് പുറമെ വായുനിലവാരം ഓരോ സമയത്തും പരിശോധിച്ച് മെച്ചപ്പെടുത്താനുള്ള സംവിധാനവും ഹോട്ടലിലുണ്ടായിരിക്കും. ട്രംപിന് നൽകുന്ന ഗ്രാൻഡ് പ്രസിഡൻഷ്യൽ സ്യൂട്ടിൽ രണ്ട് കിടപ്പുമുറികളുണ്ടാകും. പട്ടുപതിച്ച ചുവരുകളും തടികൊണ്ടുള്ള ഫ്‌ളോറിങ്ങുമാണ് സ്യൂട്ടിലുള്ളത്. അതിഗംഭീര കലാസൃഷ്ടികളും സ്യൂട്ടിന് ഭംഗിയേകുന്നു.

വലിയ റിസപ്ഷൻ ഏരിയ, ലിവിങ് റൂം, സ്റ്റഡി റൂം, മയിലിന്റെ പ്രമേയത്തിൽ 12 സീറ്റുള്ള സ്വകാര്യ ഡൈനിങ് റൂം, പേൾ കൊണ്ടുള്ള ഉപകരണങ്ങളടങ്ങുന്ന ബാത്ത് റൂം, മിനി സ്പാ, ജിംനേഷ്യം എന്നിവയെല്ലാം ഈ സ്യൂട്ടിലുണ്ട്.

ട്രംപ് ഹോട്ടലിലുള്ള ദിവസം മറ്റ് അതിഥികൾക്ക് അവിടെ തങ്ങാനാവില്ല. ട്രംപിന്റെയും സംഘത്തിന്റെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഹോട്ടലിലെ ഓരോ നിലയിലും പോലീസുകാർ സാധാരണ വേഷത്തിൽ പട്രോളിങ് നടത്തും. യു.എസിന്റെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരുമായി സഹചരിച്ചാണ് ഡൽഹി പൊലീസിന്റെ സുരക്ഷാവിഭാഗം പ്രവർത്തിക്കുക.

കൂടാതെ ആറ് ജില്ലകളിൽ നിന്നുമുള്ള പൊലീസുകാരും കേന്ദ്ര സായുധ പൊലീസ് സേനയുടെ 40 കമ്പനികളും സുരക്ഷയൊരുക്കുന്നുണ്ട്. ഐ.ടി.സി. മൗര്യ ഹോട്ടൽ സ്ഥിതിചെയ്യുന്ന സർദാർ പട്ടേൽ മാർഗിൽ ഹൈ ഡെഫനിഷൻ സി.സി.ടി.വി. ക്യമാറകൾ നൂറുകണക്കിന് സ്ഥാപിച്ചിട്ടുണ്ട്. ഇറാനും യു.എസും തമ്മിൽ ചില പ്രശ്‌നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ സന്ദർശനം എന്നതിനാൽ സുരക്ഷ ഇത്തവണ കൂടുതൽ ശക്തമാണ്.

വൈകുന്നേരം ഹോട്ടലിലെത്തുന്ന ട്രംപിനും സംഘത്തിനും പരമ്പരാഗത വരവേൽപ്പാകും നൽകുക. ട്രംപിനെയും ഭാര്യ മെലാനിയയേയും പരമ്പരാഗത രീതിയിൽ പൊട്ടുതൊട്ടും മാലചാർത്തിയുമാണ് താലപ്പൊലിയോടെ സ്വീകരിക്കുക.തിങ്കളാഴ്ച രാത്രിയാണ് പഞ്ചനക്ഷത്ര ഹോട്ടലായ ഐ.ടി.സി. മൗര്യയിൽ ഇവരെത്തുക.പരമ്പരാഗത വേഷമണിഞ്ഞ വനിതകളാണ് ട്രംപിനേയും പത്‌നിയേയും ഹോട്ടലിൽ സ്വീകരിക്കുക