ഭാസ്‌കര പൊതുവാളിന് അച്ഛന്റെ രൂപമായിരുന്നു, രൂപം കണ്ട് ശബ്ദമിടറിക്കൊണ്ട് അച്ഛനെപ്പോലെ തന്നെയിരിക്കുന്നെടാ എന്നാണ് അമ്മ പറഞ്ഞത് : വികാരഭരിതനായി സുരാജ് വെഞ്ഞാറമൂട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന അവാർഡ് കിട്ടിയതിന്റെ സന്തോഷത്തിലാണ് സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരം സുരാജ് വെഞ്ഞാറമൂട്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയെക്കുറിച്ച് ചർച്ച നടക്കുന്ന സമയത്ത് സുരാജ് വെഞ്ഞാറമൂടിനെ കാസ്റ്റ് ചെയ്തിരുന്നില്ല. എന്നാൽ ടേക്ക് ഓഫ് ‘സിനിമയുടെ സംവിധായകൻ മഹേഷ് നാരായണൻ, ആ സിനിമയെക്കുറിച്ചു പറഞ്ഞ് കേട്ടപ്പോൾ സുരാജിന്റെ മനസ് ചിത്രത്തിലെ ഭാസ്‌കര പൊതുവാളിനോട് അടുക്കുകയായിരുന്നു.

അന്ന് ചിത്രത്തിന് പേരും ഇട്ടിരുന്നില്ല.പിന്നീട് മാസങ്ങൾ കഴിഞ്ഞ് അച്ഛന്റെ മരണശേഷം അതിന്റെ ചടങ്ങുകളുമായി ബന്ധപ്പെട്ട് വീട്ടിൽ കഴിയുന്ന സമയത്താണ് നിർമ്മാതാവ് സന്തോഷ് ടി. കുരുവിളയുടെ കാൾ സുരാജിന് എത്തിയത്.

‘സുരാജ് അഭിനയിക്കുകയാണെങ്കിൽ ഞാനീ സിനിമ നിർമ്മിക്കും’. മനസ്സുകൊണ്ട് ആഗ്രഹിച്ച വേഷം തേടിവന്നതുകണ്ട് സുരാജ് അത്ഭുതപ്പെട്ടുപോയിരുന്നു.മഹേഷ് നാരായണൻ പറഞ്ഞ സിനിമയായിരുന്നു അത്.

”ഭാസ്‌കരപൊതുവാളിന്റെ രൂപം ഉറപ്പിക്കുന്നതിനായി രാവിലെ മുതൽ രാത്രിവരെ മേക്കപ്പ്മാന് മുന്നിൽ ഇരുന്നു. എന്റെ മുഖത്ത് അവർ മാറി മാറി പരീക്ഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു.മേക്കപ്പ് പൂർത്തിയാക്കി കണ്ണാടിക്കുമുന്നിൽ ചെന്നപ്പോൾ അച്ഛന്റെ രൂപമായിരുന്നു, അച്ഛൻ വിട്ടുപിരിഞ്ഞിട്ട് അന്നേക്ക് ഒരുവർഷമാകുന്നേയുള്ളൂ.

ചിത്രീകരണം തുടങ്ങുംമുൻപ് ചാരുകസേരയിൽ നീണ്ടുനിവർന്ന് കിടന്ന് ചേച്ചിയെ വീഡിയോ കാളിൽ വിളിച്ച് ഫോൺ അമ്മയ്ക്ക് നൽകാൻ പറഞ്ഞു. എന്റെ രൂപം കണ്ട് ശബ്ദമിടറിക്കൊണ്ട് ‘മക്കളെ അച്ഛനെപ്പോലെതന്നെയിരിക്കുന്നെടാ’ എന്നാണ് അമ്മ പറഞ്ഞതെന്നും സുരാജ് പറഞ്ഞു.

2019ൽ ഒരുപാട് മികച്ച സിനിമകളും വേഷങ്ങളും കിട്ടിയിരുന്നു. ജനം അതു കണ്ടു. ഇപ്പോൾ സർക്കാരും അതിനെ അംഗീകരിക്കുന്നു.

ഒരുപാട് നല്ല വേഷങ്ങൾ തേടിയെത്തുന്നുണ്ട്. ഇതൊക്കെ ജനങ്ങളിലെത്താൻ ജനജീവിതം സാധാരണ രീതിയിലാവണം. അതുവേഗം ഉണ്ടാകട്ടെ, ജനം തിയേറ്ററിലെത്തട്ടെ. ഇപ്പോൾ ഞാനും പൃഥ്വിയും അഭിനയിക്കുന്ന ജനഗണമന എന്ന സിനിമയുടെ ലൊക്കേഷനിലാണ്. അവാർഡ് പ്രഖ്യാപിച്ചതോടെ വൻചെലവ് ഇവിടെ വേണ്ടിവരുമെന്നും സുരാജ് പറയുന്നു.