സാരമായ പരുക്കുകളോടെ കിംസ് ആശുപത്രി വിട്ട ശ്രീറാം മെഡിക്കൽ കോളേജിലെത്തിയപ്പോൾ ഗുരുതര രോഗി ; തിരിമറി നടന്നതെവിടെയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നു

സാരമായ പരുക്കുകളോടെ കിംസ് ആശുപത്രി വിട്ട ശ്രീറാം മെഡിക്കൽ കോളേജിലെത്തിയപ്പോൾ ഗുരുതര രോഗി ; തിരിമറി നടന്നതെവിടെയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും യുവ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെ കേസിൽ നിന്നും രക്ഷിക്കാനായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ ഒത്തുകളിച്ചതായി അന്വേഷണ സംഘത്തിന്റെ നിഗമനം. അപകടം നടന്ന ദിവസം ശ്രീറാമിനെ പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴിയാണ് നിർണായകമായത്. അപകടം നടന്നതിന് പിന്നാലെ ശ്രീറാമിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. എന്നാൽ മെഡിക്കൽ കോളേജിൽ പോകുന്നതിന് പകരം ശ്രീറാം തിരുവനന്തപുരത്ത് തന്നെയുള്ള കിംസ് ആശുപത്രിയിലാണ് പോയത്.

ഈ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രധാന ഡോക്ടറുടെയും അസിസ്റ്റന്റിന്റെയും മൊഴിയാണ് കേസ് അന്വേഷിക്കുന്ന സംഘം രേഖപ്പെടുത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ശ്രീറാമിന് ഗുരുതര പരിക്കുകളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് ഇവരുടെ മൊഴി. അത്യാഹിത വിഭാഗത്തിൽ സാധാരണ ചികിത്സ മാത്രമാണ് നൽകിയത്. കയ്യിലും മുതുകിലും നിസാര പരിക്കുണ്ടായിരുന്നുവെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, സ്വകാര്യ ആശുപത്രിയിൽ ശ്രീറാം വെങ്കിട്ടരാമന് സുഖചികിത്സയാണെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് കോടതി ഇടപെട്ട് അവിടെ നിന്നും ഡിസ്ചാർജ് ചെയ്യിക്കുകയായിരുന്നു. ശ്രീറാമിന്റെ പഞ്ചനക്ഷത്ര വാസം മാദ്ധ്യമങ്ങൾ പുറത്തുവിട്ടതോടെ പൊലീസ് പ്രതിരോധത്തിലായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയും സിറാജ് ദിനപത്രം മാനേജ്മെന്റും മറ്റും ശ്രീറാമിന്റെ സ്വകാര്യ ആശുപത്രിവാസം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സർക്കാരിനും ഇടപെടാതിരിക്കാനായില്ല. തുടർന്ന്, വൈകുന്നേരത്തോടെ ആശുപത്രി അധികൃതർക്ക് നോട്ടീസ് നൽകിയ ശേഷം ശ്രീറാമിനെ മജിസ്ട്രേറ്റിന്റെ വീട്ടിലേക്ക് ആംബുലൻസിൽ കൊണ്ടുപോവുകയായിരുന്നു. മുഖത്ത് മാസ്‌ക് ധരിപ്പിച്ച്, ശരീരം പൂർണമായും മൂടിയ നിലയിലാണ് ശ്രീറാമിനെ പൊലീസ് പുറത്തേക്ക് കൊണ്ടുവന്നത്. തുടർന്ന് ജയിലിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോഴേക്കും ശ്രീറാം ഗുരുതര അസുഖങ്ങൾ ഉള്ള രോഗിയായി തീർന്നു. അവിടെ പൊലീസ് സെല്ലിന് പകരം മൾട്ടി സ്‌പെഷ്യാലിറ്റി ട്രോമാ കെയറിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ശ്രീറാമിനെ പ്രവേശിപ്പിച്ചത്.മെഡിക്കൽ കോളേജിൽ തന്നെ പഠിച്ചിറങ്ങിയ ശ്രീറാമിന്റെ അദ്ധ്യാപകരും സഹപാഠികളും ചേർന്നായിരുന്നു ഈ നാടകം ഒരുക്കിയത്. അപകടം നടന്നതിന് തൊട്ടുമുമ്പുള്ള സമയങ്ങളിലെ കാര്യങ്ങളെല്ലാം മറന്ന് പോകുന്ന റിട്രോഗ്രേഡ് അംനീഷ്യ ശ്രീറാമിനുണ്ടെന്നും ഡോക്ടർമാർ പ്രസ്താവനയിറക്കി. അതേസമയം, നിസാര പരിക്കുകളോടെ സ്വകാര്യ ആശുപത്രി വിട്ട ശ്രീറാം മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ എങ്ങനെ ഗുരുതര രോഗിയായെന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഇരുആശുപത്രികളിലും നൽകിയ ചികിത്സയുടെ പൂർണ വിവരങ്ങളും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം പരിശോധിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Tags :