ബിഷപ്പ് ഫ്രാങ്കോ കേസ്: മജിസ്ട്രേറ്റ് കോടതിയിലെ നടപടി പൂർത്തിയായി; വിചാരണ ഇനി കോട്ടയം സെഷൻസ് കോടതിയിൽ

ബിഷപ്പ് ഫ്രാങ്കോ കേസ്: മജിസ്ട്രേറ്റ് കോടതിയിലെ നടപടി പൂർത്തിയായി; വിചാരണ ഇനി കോട്ടയം സെഷൻസ് കോടതിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ വിചാരണയ്ക്ക് മുമ്പുള്ള നടപടികൾ കോടതി പൂർത്തിയാക്കി. കേസിന്റെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ പാലാ മജിസ്ട്രേറ്റ് കോടതി കേസ് വിചാരണയ്ക്കായി കോട്ടയം സെഷൻസ് കോടതിക്ക് കൈമാറി. കേസിൽ പ്രത്യേക അന്വേഷണ സംഘം പാലാ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നത് അടക്കമുള്ള നടപടികൾ ഇനി കോട്ടയം സെഷൻസ് കോടതിയിലാകും നടക്കുക. കെവിൻ കേസ് പരിഗണിച്ച കോട്ടയം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് തന്നെയാവും ബിഷപ്പ് ഫ്രാങ്കോ കേസും പരിഗണിക്കുക. കോട്ടയം സെഷൻസ് കോടതിയിൽ കേസ് എത്തുമ്പോൾ ഈ ജഡ്ജി കേസ് ഏത് കോടതി പരിഗണിച്ച് വിചാരണ നടത്തണമെന്നു തീരുമാനിക്കും. കേസ് സ്വയം കേൾക്കുന്നതിനോ , മറ്റേതെങ്കിലും കോടതിയെ ഏൽപ്പിക്കുന്നതിനോ സെഷൻസ് കോടതിയ്ക്ക് തീരുമാനിക്കാം. ഇതിന്റെ അടിസ്ഥാനത്തിലാവും കോടതിയിൽ വിചാരണ നടപടികൾ ആരംഭിക്കുക. വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രതിയായ ബിഷപ്പ് ഫ്രാങ്കോയ്ക്ക് കോടതി സമൻസ് അയക്കും. തുടർന്ന് കോടതിയിൽ വിചാരണ നടക്കുമ്പോൾ ഫ്രാങ്കോ നേരിട്ട് ഹാജരാകണം.
ജലന്ധർ രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. തുടർന്ന് കന്യാസ്ത്രീ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ബിഷപ്പിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രമുഖ അഭിഭാഷകനായ അഡ്വ.ജിതേഷ് ജെ ബാബുവാണ് കേസിൽ സർക്കാർ നിയോഗിച്ച സ്പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ.