അഭയ കൊലക്കേസിൽ വാദം തുടങ്ങി: ഒന്നാം സാക്ഷി സിസ്റ്റർ അനുപമ പ്രതികൾക്കനുകൂലമായി കൂറുമാറി

സ്വന്തം ലേഖിക

തിരുവനന്തപുരം : അഭയ കേസിൽ ഒന്നാം സാക്ഷി കൂറുമാറി. സിസ്റ്റർ അനുപമയാണ് കൂറുമാറിയത്. അഭയ ധരിച്ചിരുന്ന ശിരോവസ്ത്രവും ചെരിപ്പും കണ്ടില്ലെന്ന് അനുപമ കോടതിയെ അറിയിച്ചു. കോടതി ഇവരെ കൂറുമാറിയതായി പ്രഖ്യാപിച്ചു.

കേസിൽ ഏറെ നിർണായകമായ മൊഴി നൽകിയിരുന്ന സാക്ഷിയായിരുന്നു സിസ്റ്റർ അനുപമ. കൊല്ലപ്പെട്ട സിസ്റ്റർ അഭയയോടൊപ്പമാണ് അനുപമയും താമസിച്ചിരുന്നത്. സംഭവ ദിവസം രാവിലെ അടുക്കളയിൽ അഭയയുടെ ചെരിപ്പും ശിരോവസ്ത്രവും കണ്ടുവെന്നാണ് അനുപമ സിബിഐ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നത്.

27 വർഷങ്ങൾക്കിപ്പുറമാണ് സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണ ഇന്ന് ആരംഭിച്ചത്. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിചാരണ. തോമസ് കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവരാണ് പ്രതികൾ. ഏറെ വിവാദം സൃഷ്ടിച്ച അഭയ കൊലക്കേസിൽ ആദ്യമായാണ് വിചാരണ ആരംഭിക്കുന്നത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും സി.ബി.ഐയും അന്വേഷിച്ച കേസിൽ സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്.