സ്വന്തം ലേഖകൻ
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ 40ാം ചരമദിനാചരണം ഇന്ന്. പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ രാവിലെ 6.30ന് ഡോ. യാക്കോബ് മാര്‍ ഐറേനിയസിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ ഓര്‍മ കുര്‍ബാന നടന്നു. കല്ലറയില്‍ നടക്കുന്ന ധൂപ പ്രാര്‍ഥനക്ക് ഡോ. യൂഹാനോൻ മാര്‍ ദിയസ്കോറസ് നേതൃത്വം നല്‍കും. വീട്ടിലും ധൂപ പ്രാര്‍ഥനയുണ്ടാകും. ഇതോടെ 40 ദിവസമായി പള്ളിയില്‍ നടന്നുവന്നിരുന്ന കുര്‍ബാനയും പ്രാര്‍ഥനയും അവസാനിക്കും. പള്ളിയുടെ നേതൃത്വത്തിലാണ് ചരമദിനാചരണം.
ചടങ്ങുകള്‍ക്കുശേഷം പതിനായിരത്തോളം പേര്‍ക്കുള്ള പ്രഭാതഭക്ഷണവും ദേവാലയത്തില്‍ ഒരുക്കിയിട്ടുണ്ട്. വിതരണം ചെയ്യാനുള്ള നെയ്യപ്പവും തയാറാക്കിക്കഴിഞ്ഞു. 40ാം ഓര്‍മച്ചടങ്ങുകളുടെ ഭാഗമായി കല്ലറയിലേക്ക് നൂറുകണക്കിനുപേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പുതുപ്പള്ളി നിയാജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും രാവിലെ സ്മൃതി യാത്രകള്‍, ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന, സര്‍വമത പ്രാര്‍ഥന എന്നിവയും നടത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യു.ഡി.എഫിന്‍റെ സ്ഥാനാര്‍ഥി പര്യടനം ശനിയാഴ്ചയുണ്ടാകില്ല. വൈകീട്ട് കുടുംബസംഗമങ്ങള്‍ മാത്രമാകും നടക്കുകയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വൈകീട്ട് അഞ്ചിന് പുതുപ്പള്ളി പള്ളിയുടെ അങ്കണത്തില്‍നിന്ന് പുതുപ്പള്ളി കവലയിലേക്ക് പദയാത്രയും തുടര്‍ന്ന് യുവജനസംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.
41ാം ചരമദിനമായ ഞായറാഴ്ച തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ ധൂപപ്രാര്‍ഥന നടക്കും. തിരുവനന്തപുരം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ രാവിലെ കുര്‍ബാനയും നടക്കും.