പാലക്കാട് ദുരഭിമാനക്കൊല; ഇന്ന് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും; ഭീഷണിയുണ്ടെന്ന് അറിയിച്ചിട്ടും പോലീസ് തിരിഞ്ഞ് നോക്കിയില്ലെന്ന ആരോപണവുമായി കുടുംബം; ഇലക്ഷന്‍ തിരക്കുകള്‍ കാരണമാണ് നടപടി വൈകിയതെന്ന് പോലീസ്

പാലക്കാട് ദുരഭിമാനക്കൊല; ഇന്ന് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും; ഭീഷണിയുണ്ടെന്ന് അറിയിച്ചിട്ടും പോലീസ് തിരിഞ്ഞ് നോക്കിയില്ലെന്ന ആരോപണവുമായി കുടുംബം; ഇലക്ഷന്‍ തിരക്കുകള്‍ കാരണമാണ് നടപടി വൈകിയതെന്ന് പോലീസ്

സ്വന്തം ലേഖകന്‍

പാലക്കാട്: തേങ്കുറിശ്ശിയില്‍ നടന്ന ദുരഭിമാനക്കൊലയില്‍ ഇന്ന് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നീ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കേസിന്റെ പുരോഗതി അനുസരിച്ച് ഗൂഡാലോചന അടക്കമുള്ള കുറ്റങ്ങളും ഇവരുടെ മേല്‍ ചുമത്തും.

അനീഷിന്റെ കുടുംബം പോലീസിനെതിരെ ആരോപണം ഉന്നയിച്ചതിനാല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് കൈമാറി. ഉച്ചയ്ക്ക് മുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനീഷിനെ കൊന്നവര്‍ക്ക്് ഏറ്റവും കടുത്ത ശിക്ഷ നല്‍കണമെന്ന് ഭാര്യ ഹരിത പറഞ്ഞു. വിവാഹം കഴിഞ്ഞത് മുതല്‍ വീട്ടുകാര്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണി പൊലീസ് കാര്യമായെടുത്ത് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ അനീഷ് കൊല്ലപ്പെടില്ലായിരുന്നു. തിരഞ്ഞെടുപ്പ് സമയമായതിനാല്‍ തുടര്‍നടപടി ഉണ്ടായില്ലെന്നും ഹരിത പറഞ്ഞു.

തര്‍ക്കത്തില്‍ വീണ്ടും ഇടപെട്ടിരുന്നതായും തിരഞ്ഞെടുപ്പു തിരക്കു മൂലമാണു നടപടി നീണ്ടതെന്നും കുഴല്‍മന്ദം ഇന്‍സ്പെക്ടര്‍ ഇ.പി. രാമദാസും എസ്ഐ എ. അനൂപും പറയുന്നു. ഹരിതയെയും അനീഷിന്റെ വീട്ടുകാരെയും സന്ദര്‍ശിച്ച ജില്ലാ പൊലീസ് മേധാവി സുജിത്ദാസും കുടുംബത്തിന്റെ പരാതികളില്‍ നടപടി സ്വീകരിച്ചിരുന്നതായി പറഞ്ഞു. തുടര്‍നടപടികളില്‍ വീഴ്ചയുണ്ടായോ എന്നു പരിശോധിക്കുമെന്നും അറിയിച്ചു.

 

വ്യത്യസ്ത ജാതികളില്‍പ്പെട്ട അനീഷും ഹരിതയും സ്‌കൂള്‍ കാലം മുതല്‍ പ്രണയത്തിലായിരുന്നു. സാമ്പത്തിക അന്തരവും പ്രതികളുടെ വൈരാഗ്യത്തിനു കാരണമായെന്നു പൊലീസ് പറയുന്നു. അനീഷ് പെയിന്റിങ് തൊഴിലാളിയായിരുന്നു. ഹരിതയുടെ വീട്ടുകാര്‍ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിനു പിറ്റേന്നാണ് ഇരുവരും വിവാഹിതരായത്. ഇതും പ്രകോപനത്തിന് ഇടയാക്കി.

25നു വൈകിട്ട് അഞ്ചരയോടെ, അനീഷ് സഹോദരന്‍ അരുണിനൊപ്പം കടയില്‍പ്പോയി മടങ്ങുമ്പോഴായിരുന്നു അക്രമണം. പ്രഭുകുമാറും സുരേഷ്‌കുമാറും ഇരുമ്പ്ദണ്ഡുകൊണ്ടു തലയ്ക്കടിക്കുകയും കത്തി കൊണ്ടു കുത്തുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച് ആന്തരിക രക്തസ്രാവവും കാലില്‍ ആഴത്തിലുണ്ടായ മുറിവുമാണ് മരണ കാരണം. സംസ്‌കാരം നടത്തി.