ഈ വിജയം കോണ്‍ഗ്രസിന്റെ വഞ്ചനയ്ക്കുള്ള മറുപടി, സഭയും നേതൃത്വവും ഒപ്പം നിന്നില്ലെങ്കിലും ജനങ്ങള്‍ എനിക്കൊപ്പം : പി.ഡി. സുരേഷ്

ഈ വിജയം കോണ്‍ഗ്രസിന്റെ വഞ്ചനയ്ക്കുള്ള മറുപടി, സഭയും നേതൃത്വവും ഒപ്പം നിന്നില്ലെങ്കിലും ജനങ്ങള്‍ എനിക്കൊപ്പം : പി.ഡി. സുരേഷ്

ശ്രീലക്ഷ്മി അരുൺ

കോട്ടയം: എല്‍.ഡി.എഫ് 22 സീറ്റും യു.ഡി.എഫ് 21 സീറ്റും ബി.ജെ.പി 8 സീറ്റും നേടിയ കോട്ടയം നഗരസഭയില്‍ ആര് ഭരണം പിടിക്കുമെന്നതില്‍ സ്വതന്ത്രര്‍ നിര്‍ണ്ണയിക്കുന്ന പങ്ക് ചെറുതല്ല. നഗരസഭയിലെ 18-ാം വാര്‍ഡില്‍ നിന്ന് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച്, 265 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അസൂയാവഹമായ വിജയം നേടിയ ആളാണ് പി.ഡി.സുരേഷ്. 37 വര്‍ഷമായി വലത്പക്ഷ സഹയാത്രികനായിരുന്ന സുരേഷിന് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നതിന് കാരണം, യു.ഡി.എഫില്‍ നിന്ന് നേരിട്ട അവഗണനയാണ്. സഭയുടെയും കരയോഗത്തിന്റെയും പല്ല് കൊഴിഞ്ഞ നേതാക്കളുടെയും താല്പര്യ പ്രകാരം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയതാണ് യു.ഡി.എഫിന് തിരിച്ചടിയായതെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ബിന്‍സിയുടെയും സുരേഷിന്റെയും വിജയം സൂചിപ്പിക്കുന്നു. പരാതികളില്ലാതെ രണ്ട് തവണ മത്സരരംഗത്ത് നിന്നും മാറി നിന്ന പാരമ്പര്യമാണ് സുരേഷിനുള്ളത്. ഏത് ചിഹ്നത്തിന്‍ മത്സരിച്ചാലും 18-ാം വര്‍ഡില്‍ വിജയം ഉറപ്പുള്ള സുരേഷിനെ കോണ്‍ഗ്രസ് തഴഞ്ഞത്, സഭയെ പ്രീതിപ്പെടുത്താനായിരുന്നെങ്കിലും സഭാഗംങ്ങള്‍ സുരേഷിനൊപ്പം നിന്നു.

കഴിഞ്ഞ 37 വര്‍ഷമായി കോണ്‍ഗ്രസിനൊപ്പം നിന്നിട്ടും എന്ത്‌കൊണ്ട് സ്വതന്ത്രനായി മത്സരിച്ചു?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണ്ട്, രണ്ട് തവണ നോമിനേഷന്‍ കൊടുത്തിട്ടുണ്ട്. അന്ന് സഭയുടെ ആള്‍ക്കേ സീറ്റുള്ളൂ എന്ന് പറഞ്ഞപ്പോള്‍ പരാതി ഇല്ലാതെ മാറി നിന്ന ആളാണ് ഞാന്‍. ഇത്തവണയും സീറ്റ് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിക്കുമെന്ന ഘട്ടം വന്നപ്പോള്‍ അണികളുടെ നിര്‍ബന്ധപ്രകാരം സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സീറ്റ് നിഷേധിക്കാന്‍ കാരണം?

മുതിര്‍ന്ന നേതാക്കളുടെയും സഭയുടെയും വ്യക്തമായ ഇടപെടല്‍ കാരണമാണ് മുന്നണി എനിക്ക് സീറ്റ് നിഷേധിച്ചത്. പക്ഷേ, സഭാഗംങ്ങളും പ്രവര്‍ത്തകരും മികച്ച പിന്തുണ നല്‍കി.

ഇടത് പക്ഷത്തിന്റെ സഹകരണം എത്രത്തോളമുണ്ടായിരുന്നു ?

വി. എന്‍. വാസവന്‍ സാറുള്‍പ്പെടെയുള്ളവരും ഇടത് പക്ഷ പ്രവര്‍ത്തകരും മികച്ച പിന്തുണയാണ് നല്‍കിയത്. അത് കൊണ്ട്  തന്നെ ഇടത് പക്ഷത്തിനൊപ്പം തുടർന്ന് പ്രവർത്തിക്കാനാണ് തീരുമാനം.

പ്രചാരണം എങ്ങനെയായിരുന്നു?

വോട്ടർമാർ എല്ലാവരും വർഷങ്ങളായി എന്നേയും എനിക്കും അറിയാവുന്നവരാണ്, ഇടതുപക്ഷ പ്രവർത്തകരും നേതാക്കളും ശക്തമായ പിന്തുണ തന്നു. പ്രചാരണം കൂടുതലും സോഷ്യൽ മീഡിയാ വഴി ആയിരുന്നു. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഹാപ്പി കുര്യനായിരുന്നു.

വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുണ്ടോ ?

പാര്‍ലമെന്ററി വ്യാമോഹങ്ങളില്ലാത്തയാളാണ് ഞാന്‍. പക്ഷേ, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സ്ഥാനം ഏറ്റെടുക്കും. കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ നടപ്പിലാക്കും.

സ്വന്തം വാര്‍ഡില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്?

കൊല്ലാട്- കളത്തിക്കടവ് പാലമാണ് വാര്‍ഡിന്റെ അതിര്‍ത്തി. അവിടം വോക് വേ ആക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ മനസ്സിലുണ്ട്. മാലിന്യ നിര്‍മാര്‍ജനത്തിനുള്ള പദ്ധതികളും അടിയന്തിരശ്രദ്ധ നല്‍കി നടപ്പിലാക്കും.

കഞ്ഞിക്കുഴി സ്വദേശിയായ പി.ഡി.സുരേ് സിനിമാ മേഖലയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ ബീന സുരേഷ്. രണ്ടു മക്കൾ: ലോജിസ്റ്റിക് മാനേജ്‌മെന്റില്‍ ബിരുദം പൂര്‍ത്തിയാക്കിയ മഹാദേവനാണ് മകന്‍. ബി.എസ്.സി നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനിയാണ് മകള്‍ മാളവിക.