കൂടത്തായി കൊലപാതക പരമ്പര ; മരിച്ച സിലിയുടെ നാൽപത് പവൻ സ്വർണ്ണം കാണാനില്ല, കാണിക്കവഞ്ചിയിൽ ഇട്ടെന്ന് ഷാജു

കൂടത്തായി കൊലപാതക പരമ്പര ; മരിച്ച സിലിയുടെ നാൽപത് പവൻ സ്വർണ്ണം കാണാനില്ല, കാണിക്കവഞ്ചിയിൽ ഇട്ടെന്ന് ഷാജു

Spread the love

 

സ്വന്തം ലേഖിക

കോഴിക്കോട്: കൂടത്തായി കൊലക്കേസിൽ, മരിച്ച സിലിയുടെ ആഭരണങ്ങൾ സംബന്ധിച്ച അന്വേഷണം നിർണായകമാകുമെന്ന് സൂചന. വിവാഹ ആഭരങ്ങളുൾപ്പെടെ 40 പവനോളം സ്വർണം സിലി ധ്യാനവേദിയിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്നാണ് ഭർത്താവ് ഷാജു പറഞ്ഞിരുന്നതെന്നും ഇതു ശരിയല്ലെന്നു വ്യക്തമായിട്ടും അന്നു തർക്കത്തിനു പോയില്ലെന്നുമാണ് സിലിയുടെ ബന്ധുക്കൾ പറയുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഇവർ പരാതി നൽകാനൊരുങ്ങുകയാണ്. ആഭരണങ്ങൾ കാണാതായതിൽ ജോളിക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് ഇപ്പോൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. നേരത്തേ, മകൾ ആൽഫൈൻ മരിച്ച ദുഃഖത്തിൽ കുഞ്ഞിന്റെ ആഭരണങ്ങൾ ഏതെങ്കിലും പള്ളിക്ക് നൽകാമെന്ന് സിലി പറഞ്ഞിരുന്നു. ഇതറിഞ്ഞാണു പുതിയ കഥയുണ്ടാക്കിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
സിലി മരിച്ച ദിവസം ആഭരണങ്ങളണിഞ്ഞ് പൊന്നാമറ്റം കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുത്ത ശേഷമാണ് താമരശ്ശേരിയിലെ ദന്താശുപത്രിയിലെത്തിയത്. ഓമശ്ശേരി ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചുകഴിഞ്ഞ് നഴ്‌സുമാർ ഈ ആഭരണങ്ങൾ കവറിലാക്കി ഷാജുവിനെ ഏൽപ്പിച്ചിരുന്നു. ഈ കവർ ജോളി സിലിയുടെ ബന്ധുവിനെ ഏൽപ്പിച്ച് സൂക്ഷിക്കാൻ ആവശ്യപ്പെട്ടു. അന്നുതന്നെ ഷാജുവിനെ തിരിച്ചേൽപ്പിക്കുകയും ചെയ്തു.
ഒന്നര മാസത്തോളം കഴിഞ്ഞ് ഷാജു ഫോണിൽ വിളിച്ചു പറഞ്ഞത് സിലി ആഭരണങ്ങളിൽ ഒന്നുപോലും ബാക്കി വയ്ക്കാതെ കാണിക്കവഞ്ചിയിൽ ഇട്ടെന്നായിരുന്നു. സഹോദരിയുടെ ഒരു വള സിലിയുടെ കൈവശമുണ്ടായിരുന്നെന്നും അത് ഉറപ്പായും അങ്ങനെ ചെയ്യില്ലെന്നും അമ്മ മറുപടി നൽകി. പിന്നീട് ജോളിയുമായുള്ള വിവാഹം കഴിഞ്ഞ് ഒരു ദിവസം ഷാജു വീട്ടിലെത്തി ഒരു പവന്റെ പുതിയ വള ഏൽപ്പിച്ചു മടങ്ങി. സിലി മരണദിവസം ഏതെല്ലാം ആഭരണം ധരിച്ചിരുന്നു എന്നറിയാൻ കുടുംബം അന്നത്തെ വിവാഹ ആൽബം പരശോധിച്ചെങ്കിലും എവിടെയും ഫോട്ടോ കണ്ടെത്താനായില്ല.