പട്ടാപ്പകല്‍ മൂന്നംഗ കുടുംബത്തെ വീടിനുള്ളിലിട്ട് തീകൊളുത്തി കൊല്ലാന്‍ ശ്രമം; വീട്ടമ്മയും മകളും കൊച്ചുമകനും രക്ഷപെട്ടത് തലനാരിഴക്ക്; വിമുക്തഭടന്‍ കസ്റ്റഡിയില്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരത്ത്
പട്ടാപ്പകൽ മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളിലിട്ട് തീകൊളുത്തി കൊല്ലാന്‍ ശ്രമം. കാട്ടാക്കട അമ്പലത്തുംകാലയില്‍ താമസിക്കുന്ന കുടുംബത്തിന് നേരേയാണ് അതിക്രമം.
വീടിനകത്ത് തീപടരുന്നത് കണ്ട വീട്ടമ്മയും മകളും കൊച്ചുമകനും വീടിന്റെ പിന്‍വാതില്‍ വഴി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയല്‍വാസിയും വിമുക്തഭടനുമായ അജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീട്ടമ്മയും മകളും കൊച്ചുമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മണ്ണെണ്ണയോ പെട്രോളോ പോലുള്ള ഇന്ധനവുമായി ഇവരുടെ വീട്ടിലെത്തിയ അജയകുമാര്‍, ജനലിനുള്ളിലൂടെ ഇതൊഴിച്ചശേഷം തീയിടുകയായിരുന്നു. വീട്ടുകാര്‍ രക്ഷപ്പെടാതിരിക്കാനായി വീടിന്റെ മുന്‍വാതില്‍ ഇയാള്‍ പുറത്തുനിന്ന് പൂട്ടിയിടുകയും ചെയ്തു. എന്നാല്‍ മുറിക്കുള്ളില്‍ തീപടരുന്നത് കണ്ടതോടെ മൂന്നംഗകുടുംബം ഉടന്‍തന്നെ പിന്‍വാതില്‍ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അതേസമയം, വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും ഫര്‍ണ്ണീച്ചറുകളും ചിലരേഖകളും കത്തിനശിച്ചിട്ടുണ്ട്.
മുഖംമൂടി ധരിച്ചെത്തിയാണ് അജയകുമാര്‍ തീയിട്ടതെന്നാണ് വിവരം. സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നും ഇയാള്‍ നേരത്തെ പീഡനക്കേസില്‍ ഉള്‍പ്പെട്ടയാളാണെന്നും പോലീസ് പറഞ്ഞു. പ്രതിക്കെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് പോലീസ് സംഘം വിശദമായ പരിശോധന നടത്തി.