‘നിര്‍ത്തിയങ്ങ് അപമാനിക്കുവാണോന്ന് കൊറോണ..!’; ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ആലപ്പുഴ നഗരസഭയിലെ ധൂമസന്ധ്യ; അപരാജിത ധൂമചൂര്‍ണ്ണം പുകച്ച് അണുനശീകരണം നടത്തിയത് അന്‍പതിനായിരത്തിലധികം വീടുകളില്‍; അശാസ്ത്രീയത പരത്തിയ നഗരസഭയ്‌ക്കെതിരെ നടപടി എടുക്കേണ്ടത് നാടിന്റെ ആവശ്യം

‘നിര്‍ത്തിയങ്ങ് അപമാനിക്കുവാണോന്ന് കൊറോണ..!’; ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ആലപ്പുഴ നഗരസഭയിലെ ധൂമസന്ധ്യ; അപരാജിത ധൂമചൂര്‍ണ്ണം പുകച്ച് അണുനശീകരണം നടത്തിയത് അന്‍പതിനായിരത്തിലധികം വീടുകളില്‍; അശാസ്ത്രീയത പരത്തിയ നഗരസഭയ്‌ക്കെതിരെ നടപടി എടുക്കേണ്ടത് നാടിന്റെ ആവശ്യം

സ്വന്തം ലേഖകന്‍

ആലപ്പുഴ: ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് അണുനശീകരണം എന്ന പേരില്‍ ആയുര്‍വേദ മരുന്നുകള്‍ പുകച്ച് ആലപ്പുഴ നഗരസഭ. അപരാജിത ധൂമ ചൂര്‍ണ്ണം എന്ന് പേരിട്ട ഈ ഔഷധക്കൂട്ടുകള്‍ ആന്റി ബാക്ടീരിയലും ആന്റി വൈറലുമാണെന്നാണ് നഗരസഭയുടെ അവകാശ വാദം.

നഗരസഭാ പരിധിയിലുള്ള അമ്പതിനായിരം വീടുകളില്‍ ഇന്നലെ വൈകിട്ട് അപരാജിത ചൂര്‍ണ്ണം പുകച്ചു. ധൂമസന്ധ്യ എന്ന് പേരിട്ട പരിപാടിയിലൂടെ വായുവിലൂടെ പകരുന്ന എല്ലാ പകര്‍ച്ച വ്യാധിയും തടയാമെന്നാണ് അവകാശ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുകച്ച് പുറത്ത് ചാടിക്കാന്‍ കൊറോണ വൈറസ്, കൊതുകോ മുപ്ലി വണ്ടോ വിളക്ക് പ്രാണിയോ അല്ല എന്ന വിവരം പോലും ഇല്ലാത്തവരാണോ ആലപ്പുഴ നഗരസഭ ഭരിക്കുന്നത്…? ചൂര്‍ണ്ണം പുകയ്ക്കുകയോ കൂട്ടിയിട്ട് കത്തിക്കുകയോ ചെയ്യാം, പക്ഷേ അത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ചെലവായ വകയില്‍ എഴുതി ചേര്‍ക്കരുത്.

എല്ലാ വീടുകളും സാനിറ്റൈസ് ചെയ്യുകയോ എല്ലാവര്‍ക്കും മാസ്‌ക് വിതരണം ചെയ്യുകയോ ആയിരുന്നുവെങ്കില്‍ ആലപ്പുഴ നഗരസഭയുടേത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനമായി കാണാമായിരുന്നു.

 

സാധാരണക്കാരായ എത്രയോ മനുഷ്യരെയാണ് ഇല്ലാത്ത കള്ളങ്ങള്‍ പറഞ്ഞ് പറ്റിക്കുന്നത്. ചൂര്‍ണ്ണം ആന്റി ബാക്ടീരിയലും ആന്റി വൈറലുമാണ് പോലും..! കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ ആലപ്പുഴ നഗരസഭ പുകച്ച് കളഞ്ഞ പണം എത്രയാണെന്നും, നഗരസഭയ്ക്ക് ഏതൊക്കെ ലാടവൈദ്യന്മാരുമായി ബന്ധമുണ്ടെന്നും അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ കൊറോണയെ കൂട്ട് പിടിച്ച് ഖജനാവിലെ പണം ഇനിയും പുകയ്ക്കുന്നത് കാണേണ്ടി വരും.

അശാസ്ത്രീയമായതൊന്നും പ്രചരിപ്പിക്കരുതെന്ന് മാത്രമല്ല, ശാസ്ത്രീയ അവബോധം വളര്‍ത്തണമെന്നതും ഓരോ പൗരന്റെയും കടമയാണ്. ആയുര്‍വ്വേദം മോശമാണെന്നല്ല, പക്ഷേ, കോവിഡിനെ നേരിടാന്‍ ഇത്തരം ചൂര്‍ണ്ണങ്ങള്‍ക്ക് കെല്‍പ്പില്ല എന്ന കാര്യം പകല്‍ പോലെ സത്യമാണ്. ശാശ്വതമായ പ്രതിവിധി സാമൂഹിക അകലം പാലിക്കലും സാനിറ്റൈസേഷനും മാസ്‌ക് ധാരണവും മാത്രമാണ്. വാക്‌സിന്‍ സ്വീകരിച്ചവര്‍ പോലും വീണ്ടും രോഗബാധിതരാകുന്ന അവസ്ഥയുള്ളപ്പോഴാണ് ഇത്തരം കപടനാട്യങ്ങളുമായി നഗരസഭ ഇറങ്ങിയത്.

ഈ മഹാമാരിക്കാലത്തല്ല ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രഹസനങ്ങള്‍ കാണിക്കേണ്ടത്. പുകച്ച് കളയാനും മാത്രം ഫണ്ട് ആലപ്പുഴ നഗരസഭയ്ക്കുണ്ടെങ്കില്‍ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചമാക്കിയ ശേഷം പുകയ്ക്കുക.

സമയത്ത് ആംബുലന്‍സ് കിട്ടാതെ ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിയെ ബൈക്കില്‍ കൊണ്ടുപോകേണ്ടി വന്ന നിസ്സഹായരായ ആലപ്പുഴയിലെ ആരോഗ്യപ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം കേരളം കണ്ടതാണ്, ധൂമ’സന്ധ്യ’യ്ക്ക് മുന്‍പ് ‘ഉച്ച’യ്‌ക്കെങ്കിലും അതോര്‍ക്കാമായിരുന്നു…

ആലപ്പുഴ നഗരസഭ പുറത്തിറക്കിയ നോട്ടീസിന്റെ പൂര്‍ണ്ണ രൂപം,

‘കോവിഡ് 19 രണ്ടാം തരംഗം അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ നഗരസഭ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. നഗരത്തിലെ 50000 വീടുകളിലും ഒറ്റ ദിവസം ഒരേ സമയത്ത് അണുനശീകരണത്തിന്റെ ഭാഗമായി ആയുര്‍വ്വേദ പ്രതിരോധ മാര്‍ഗമായ അപരാജിത ധൂമചൂര്‍ണ്ണം പുകയ്ക്കുന്നു. 2021 മെയ് 8 ശനിയാഴ്ച 6.30നാണ് ധൂമസന്ധ്യ ആചരിക്കുന്നത്. അപരാജിത ധൂമ ചൂര്‍ണ്ണം വായുവിലൂടെ പകരുന്ന എല്ലാ പകര്‍ച്ച വ്യാധികളും തടയാനുതകുന്നതാണ്. ഈ ചൂര്‍ണ്ണം ആന്റി ബാക്ടീരിയലും ആന്റി വൈറലുമാണ്. എല്ലാവരും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഈ ധൂമസന്ധ്യ ആചരിച്ച് അണുനശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹത്തോടെ സൗമ്യ രാജ്(ഇന്ദു ടീച്ചര്‍), നഗരസഭാ ചെയര്‍ പെഴ്‌സണ്‍.’