അച്ഛന്റെ കണ്ണ് വെട്ടിച്ച് ദേശീയപാതയിൽ ഒരുവയസുകാരൻ സവാരിക്കിറങ്ങിയത് മുട്ടിലഴഞ്ഞ് ; പിഞ്ചുബാലന് രക്ഷകരായി വന്നത് മീൻവണ്ടിയിലെ ജീവനക്കാർ

അച്ഛന്റെ കണ്ണ് വെട്ടിച്ച് ദേശീയപാതയിൽ ഒരുവയസുകാരൻ സവാരിക്കിറങ്ങിയത് മുട്ടിലഴഞ്ഞ് ; പിഞ്ചുബാലന് രക്ഷകരായി വന്നത് മീൻവണ്ടിയിലെ ജീവനക്കാർ

സ്വന്തം ലേഖകൻ

കൊല്ലം: വാഹനങ്ങൾ ചീറിപ്പായുന്ന ദേശീയപാതയിൽ അച്ഛന്റെ കണ്ണ് വെട്ടിച്ച് ഒരു വയസുകാരൻ സവാരിക്കിറങ്ങി. തിരക്കുള്ള റോഡിലൂടെ മുട്ടിലിഴഞ്ഞ് നടന്ന പിഞ്ചുകുഞ്ഞിന് രക്ഷകരായി മീൻ കയറ്റിവന്ന വാൻ. മീനുമായി കൊല്ലത്തു നിന്നു തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്ന വാനിലുണ്ടായിരുന്നവരാണ് വാഹനം റോഡിനു കുറുകെ നിർത്തി കുഞ്ഞിനെ അപകത്തിൽപ്പെടാതെ വാരിയെടുത്ത് രക്ഷിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ പാരിപ്പള്ളിക്കു സമീപമായിരുന്നു സംഭവം. കുഞ്ഞിനെ ബന്ധുക്കളെ ഏൽപിച്ചു വാനിൽ യാത്ര തുടർന്ന സംഘം ആരാണെന്ന് ഇപ്പോഴും അറിയില്ലെങ്കിലും അവർക്ക് നന്ദി പറയുകയാണ് ഒരു നാടാകെ.

റോഡരികിൽ നിന്നും കഷ്ടിച്ച് 20 മീറ്റർ മാത്രം അകലമുള്ള വീട്ടിൽ നിന്നാണ് ഒരു വയസ്സും രണ്ട് മാസവും പ്രായമുള്ള ആ കുഞ്ഞ് ആരും അറിയാതെ റോഡിലേക്ക് സവാരിക്കിറങ്ങിയത്. ദേശീയപാതയുടെ മധ്യഭാഗത്ത് കുഞ്ഞ് മുട്ടിലിഴഞ്ഞ് എത്തിയപ്പോഴായിരുന്നു മീൻവണ്ടി പാഞ്ഞുവന്നത്. റോഡിൽ പിഞ്ചുകുഞ്ഞിനെ കണ്ട് ഹോണടിച്ച് ഡ്രൈവർ കുഞ്ഞിന് രക്ഷാകവചം തീർത്ത് വാൻ കുറുകെ നിർത്തി. ഈ സമയം ഇരുവശത്തുനിന്നും വന്ന അൻപതിലേറെ വാഹനങ്ങളാണ് നിരനിരയായി റോഡിൽ കിടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാനിൽ ഡ്രൈവർക്കൊപ്പം ഉണ്ടായിരുന്ന ആൾ ഓടിയിറങ്ങി കുഞ്ഞിനെ എടുക്കുകയായിരുന്നെന്നു ദൃക്‌സാക്ഷികൾ പറയുന്നു. റോഡിലെ ബഹളം കേട്ടു വാഹനാപകടം ആണെന്നു കരുതി പരിസരവാസികളും പാഞ്ഞെത്തി. പിന്നാലെ ബന്ധുക്കളും. രാവിലെ അച്ഛൻ മുറ്റത്തേക്കിറങ്ങിയപ്പോൾ ഒപ്പമിറങ്ങിയതായിരുന്നു കുഞ്ഞ്. കാണാതായപ്പോൾ വീടിനകത്തേക്ക് കയറിയെന്നാണ് അച്ഛൻ കരുതിയത്. എന്നാൽ കക്ഷി മുട്ടിലിഴഞ്ഞും പിച്ചവെച്ചുമെല്ലാം റോഡിലെത്തിയിരുന്നു. ഒരു പോറൽപോലും ഏൽക്കാതെ അവനെ തിരികെക്കിട്ടിയതിലുള്ള ആശ്വാസത്തിലാണ് അച്ഛനും അമ്മയും നാല് വയസുകാരൻ സഹോദരനും.