ഊർജ്ജത്തിന്റെ ഉറവിടമാണ് മാലിന്യം; വലിച്ചെറിയാനുള്ളതല്ല

ഊർജ്ജത്തിന്റെ ഉറവിടമാണ് മാലിന്യം; വലിച്ചെറിയാനുള്ളതല്ല

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന മാലിന്യക്കൂമ്പാരവും വൈദ്യുതി പ്രതിസന്ധിയും ഇന്ന് കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ്.സംസ്ഥാനത്തിന്റെ ഏത് കോണിലൂടെ യാത്ര ചെയ്താലും നമ്മുക്ക് കാണാന്‍ കഴിയുന്ന ഒന്നായി ഇന്ന് മാലിന്യക്കൂമ്പാരങ്ങള്‍ മാറി. പലയിടങ്ങളിലും രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിന് വരെ അശാസ്ത്രീയ മാലിന്യ സംസ്‌കരണം ഇടയാക്കുന്നുവെന്നത് നിഷേധിക്കാനാവില്ല. പല രോഗങ്ങള്‍ക്കും മാലിന്യങ്ങള്‍ വഴിയൊരുക്കുമ്പോഴും ഇവയുടെ സംസ്‌കരണം ഫലവത്താകുന്നില്ലെന്നതാണ് ഇന്ന് നമ്മുടെ നാട് നേരിടുന്ന പ്രശ്‌നം. നമ്മള്‍ ഓരോരുത്തരും വലിച്ചെറിയുന്ന മാലിന്യം വൈദ്യുതിയുടെ ഉറവിടമാണെന്ന സത്യം പലപ്പോഴും മലയാളികള്‍ മറന്നുപോകുന്നു. ഖരമാലിന്യത്തില്‍ നിന്ന് വന്‍തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നതിനാല്‍ നമ്മുടെ മാലിന്യ സംസ്‌കരണത്തിനും വേസ്റ്റ് ടു എനര്‍ജി പ്ലാന്റുകളാണ് ഉത്തമം. ഇതിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി എന്ന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്കും ശാശ്വത പരിഹാരമാകുമെന്നതില്‍ സംശയമില്ല.

ഉത്പാദിപ്പിക്കാം വൈദ്യുതി

നിരവധി വൈദ്യുതി പദ്ധതികള്‍ കേരളത്തില്‍ ഉണ്ടെങ്കിലും ആവശ്യത്തിനുള്ള വൈദ്യുതി ഉത്പാദിപ്പിക്കാന്‍ നമുക്ക് കഴിയാറില്ല. ഈ അവസ്ഥയില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട അവസ്ഥയിലാണ് ഇന്ന് കേരളം. ഇത്തരത്തില്‍ കേന്ദ്രത്തില്‍ നിന്നും വൈദ്യുതി വാങ്ങുന്നതോടെ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ചെറുതല്ല. ഈ അവസരത്തിലാണ് സംസ്ഥാനത്തിന്റെ വൈദ്യുതി മേഖലയ്ക്കും ഖരമാലിന്യത്തില്‍ നിന്നും വൈദ്യുതി പദ്ധതി ഉപകാരപ്പെടുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഒരുപരിധി വരെ നമ്മുടെ വൈദ്യുതി പ്രതിസന്ധിക്കും പരിഹാരം കാണാനാകുമെന്നാണ് സര്‍്ക്കാരിന്റെ വിലയിരുത്തല്‍. സ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഖരമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ പദ്ധതി.
പൊതു സ്വകാര്യ-പങ്കാളിത്തത്തോടെ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുക.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുന്ന പദ്ധതി കോഴിക്കോട് ഞെളിയന്‍ പറമ്പിലാകും ആദ്യം പദ്ധതി നടപ്പാക്കുന്നത്.

പരിസ്ഥിതി സൗഹൃദം ഈ പ്ലാന്റ്

ഖരമാലിന്യ സംസ്‌കരണ പ്ലാന്റിനെ കുറിച്ച് ഇപ്പോള്‍ ആശങ്കകള്‍ നിരവധിയാണ്. എന്നാല്‍ ഇത്തരം ആശങ്കക്ള്‍ക്ക് പ്രസക്തിയില്ലെന്നതാണ് വസ്തുക. പൂര്‍ണമായും പരിസ്ഥിതിക്ക് ഇണങ്ങിയ രീതിയിലാണ് പ്ലാന്റിന്റെ പ്രവര്‍ത്തനമെന്ന് നോഡല്‍ ഏജന്‍സിയായ കെഎസ്‌ഐഡിസി പറയുന്നു.
ഖരമാലിന്യ സംസ്‌കരണം വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ കത്തിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പുകയിലെ ദോഷകരമായ കണങ്ങളുടെ അളവ് മലിനീകരണ നിയന്ത്രണബോര്‍ഡ് നിഷ്‌കര്‍ഷിച്ചിട്ടുള്ള അളവിലും താഴെ മാത്രമായിരിക്കും.
ജൈവ ഇന്ധനങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന ദോഷകരമായ വാതകങ്ങള്‍ ഒന്നും തന്നെ ഈ പ്ലാന്റിന്റെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്നില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. മാത്രമല്ല വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യം കൃത്യമായി വേര്‍തിരിച്ച് ആവരണം ചെയ്ത വാഹന്തതിലാകും പ്ലാന്റില്‍ എത്തിക്കു. അതിനാല്‍ മാലിന്യശേഖരണത്തിലും അന്തരീക്ഷ മലിനീകരണമോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടാകുന്നില്ലെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.