വോട്ടിംഗ് ശതമാനം ട്രെൻഡോ: കമ്മിഷൻ പിടിമുറുക്കിയപ്പോൾ വോട്ടിംഗ് ശതമാനം കൂടി; പട്ടിക ക്ലീനായി കൂടുതൽ ആളുകൾ എത്തി

വോട്ടിംഗ് ശതമാനം ട്രെൻഡോ: കമ്മിഷൻ പിടിമുറുക്കിയപ്പോൾ വോട്ടിംഗ് ശതമാനം കൂടി; പട്ടിക ക്ലീനായി കൂടുതൽ ആളുകൾ എത്തി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന പോളിംഗ് ശതമാനം സൂചിപ്പിക്കുന്നത് ട്രെൻഡ് അല്ലെന്ന് സൂചന. വോട്ടർ പട്ടിക ക്ലീനാക്കിയതും, വോട്ടർമാരെ പരമാവധി സ്വാധീനിയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ പ്രചാരണ പ്രവർത്തനങ്ങളും വോട്ടിംഗ് ശതമാനത്തെ സ്വാധീനിച്ചതായാണ് സൂചന. എല്ലാ മണ്ഡലങ്ങളിലും അഞ്ചു മുതൽ എട്ടു ശതമാനം വരെ വോട്ടർമാർ വർധിച്ചിരുന്നു. പുതിയ വോട്ടർമാരായ ഇവരും കൃത്യമായി വോട്ട് ചെയ്യാൻ എത്തിയതോടെയാണ് വോട്ടിംഗ് ശതമാനം വർധിച്ചത്. മുൻ വർഷങ്ങളിലേതിനു സമാനമായി ഏതെങ്കിലും മേഖലകളിൽ നിന്നും പ്രത്യേകമായി വോട്ട് വർധിച്ചതല്ല ഇത്തവണ ശതമാനം വർധിച്ചതെന്നാണ് കണക്കുകൾ നൽകുന്ന സൂചനകൾ.
ത്രികോണ മത്സരം നടന്ന പത്തനംതിട്ടയിൽ എട്ടു ശതമാനമാണ് വോട്ടിങ് ശതമാനം വർധിച്ചത്. എന്നാൽ, ഇവിടെ ഒന്നര ലക്ഷമാണ് പുതിയ വോട്ടർമാർ. പന്ത്രണ്ട് ലക്ഷം വോട്ടുള്ള മണ്ഡലത്തിൽ ഒന്നര ലക്ഷം പുതിയ വോട്ടു തന്നെ വന്നത് വോട്ടിംങ് ശതമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. പുതിയ വോട്ടർമാരിൽ ഭൂരിപക്ഷവും വോട്ട് ചെയ്യാൻ എത്തിയിട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഗമനം. ഇത് എല്ലാ മണ്ഡലത്തിലും വോട്ടിംഗ് ശതമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇതുകൂടാതെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടികയിലെ ഇരട്ടിപ്പും, മരിച്ചവരുടെ പേരും എല്ലാം ഒഴിവാക്കിയിരുന്നു. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയവർ മാത്രമാണ് പട്ടികയിൽ ഉണ്ടായിരുന്നത്.
ഓൺലൈൻ വഴി വോട്ടർ പട്ടിക നൽകിയിരുന്നതിനാൽ മറ്റൊരു മണ്ഡലത്തിൽ വോട്ടുള്ളവരുടെ പോലും പേരുകൾ കൃത്യമായി വെട്ടി നീക്കപ്പെട്ടു. ഇതിനു ശേഷമാണ് അന്തിമ വോട്ടർപട്ടിക തിരഞ്ഞെടുപ്പു കമ്മിഷൻ തയ്യാറാക്കിയത്. ഈ സാഹചര്യത്തിലാണ് ഓരോ മണ്ഡലത്തിലും വോട്ടിംഗ് ശതമാനം വർധിച്ചതെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങൾ നൽകുന്ന സൂചന.
മുൻ വർഷങ്ങളിൽ പത്തു മുതൽ 15 ശതമാനം വരെ ആളുകൾ വോട്ട് ചെയ്യാൻ എത്താതിരിക്കുകയും, മരിച്ചവരും കൂടി പട്ടികയിൽ ഉൾപ്പെടുന്നതോടെ വോട്ടിംഗ് ശതമാനം ഏറെ താഴ്ന്നു പോകുമായിരുന്നു. എന്നാൽ, ഇക്കുറി വോട്ടിംഗ് ശതമാനം കൃത്യമാകാൻ കാരണം ഇത്തരത്തിലുള്ള പിഴവുകളെല്ലാം ഒഴിവാക്കിയതിനെ തുടർന്നാണെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ അവകാശവാദം.
എന്നാൽ, ഓരോ മണ്ഡലത്തിലും വോട്ടിംഗ് ശതമാനം വർധിച്ചത് തങ്ങൾക്ക് അനുകൂലമാണെന്ന നിഗമനമാണെന്ന അവകാശവാദമാണ് മുന്നണികൾ ഉയർത്തുന്നത്. ഇത് എത്രത്തോളം യാഥാർത്ഥ്യമാണെന്നറിയാൻ ഇനിയും ഒരു മാസത്തോളം കാത്തിരിക്കേണ്ടി വരും.