ഏറ്റുമാനൂരിലെ വീട്ടുജോലിക്കാരിയുടെ കൊലപാതകം മുപ്പതിനായിരം രൂപയ്ക്ക് വേണ്ടി: പ്രതി പൊലീസ് കസ്റ്റഡിയിൽ; വിളിച്ചു വരുത്തിയത് പണം തിരികെ വാങ്ങാൻ

ഏറ്റുമാനൂരിലെ വീട്ടുജോലിക്കാരിയുടെ കൊലപാതകം മുപ്പതിനായിരം രൂപയ്ക്ക് വേണ്ടി: പ്രതി പൊലീസ് കസ്റ്റഡിയിൽ; വിളിച്ചു വരുത്തിയത് പണം തിരികെ വാങ്ങാൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂരിൽ വീട്ടുജോലിക്കാരിയെ പ്രതി കൊലപ്പെടുത്തിയത് 30,000 രൂപയ്ക്കു വേണ്ടിയെന്ന് പൊലീസ്. പ്രാഥമിക ചോദ്യം ചെയ്യലിലാണ് ഇതു സംബന്ധിച്ചുള്ള കൃത്യമായ സൂചനകൾ പൊലീസിനു ലഭിച്ചത്. കൊല്ലപ്പെട്ട വീട്ടുജോലിക്കാരി ഏറ്റുമാനൂർ കട്ടച്ചിറ കടവിൽ പി.ആർ രാജന്റെ ഭാര്യ ഉഷാ രാജനെ (50)യാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റക്കര സ്വദേശിയും വീട്ടു ജോലിക്കാരനുമായ മറ്റക്കര സ്വദേശി പ്രഭാകരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വോട്ടെടുപ്പ് ദിവസമായ തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് ഏറ്റുമാനൂർ വിമല ആശുപത്രിയ്ക്കു സമീപം വീട്ടുജോലിക്കാരിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട ഉഷയും, പ്രതിയായ പ്രഭാകരനും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഉഷ നേരത്തെ പ്രഭാകരന്റെ കയ്യിൽ നിന്നും പല തവണയായി മുപ്പതിനായിരത്തോളം രൂപ കടം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. ഈ തുക തിരികെ ആവശ്യപ്പെട്ടെങ്കിലും ഉഷ തിരികെ നൽകിയിരുന്നില്ല. ഇതിൽ പ്രഭാകരൻ ക്ഷുഭിതനായിരുന്നു. പല തവണ ഇവരെ വിളിച്ചിട്ടും ഫോൺ എടുക്കാനോ പണം നൽകാനോ തയ്യാറായില്ല. ഇതേ തുടർന്ന് ഞായറാഴ്ച തന്ത്രത്തിൽ ഇവരെ വിമല ആശുപത്രിയ്ക്ക് സമീപത്തെ പാനൂർ ടോമി ജോസഫിന്റെ വീട്ടിൽ എത്തിക്കുകയായിരുന്നു. ടോമി ജോസഫിന്റെ വീട് നോക്കുന്നതും, ഇവിടുത്തെ ജോലികൾ ചെയ്യുന്നതും പ്രഭാകരനായിരുന്നു. ഇവിടെ എത്തിച്ച ശേഷം പ്രഭാകരൻ ഉഷയോട് പണം ആവശ്യപ്പെട്ടു. മകളുടെ വിവാഹമായതിനാൽ ഉഷയുടെ കയ്യിൽ പണമുണ്ടെന്നായിരുന്നു പ്രഭാകരൻ കരുതിയിരുന്നത്. എന്നാൽ, ഇതേച്ചൊല്ലി തർക്കമുണ്ടായതിനൊടുവിൽ പ്രഭാകരൻ ഉഷയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന മൊഴി.
സംഭവത്തിനു ശേഷം ഇടുക്കി ഭാഗത്തേയ്ക്ക് ഒളിവിൽ പോയ പ്രതി രാത്രി വൈകി പള്ളിക്കത്തോട് ഭാഗത്തെ ബന്ധുവീട്ടിൽ എത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, സി.ഐ എസ്.മഞ്ജുലാൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയായ പ്രഭാകരന്റെ അറസ്റ്റ് ബുധനാഴ്ച ഉണ്ടായേക്കും.