വേമ്പനാട്ടുകായലില്‍ ലവണാംശം താഴ്ന്നു;  കിട്ടാക്കനിയായി കൊഞ്ചും കക്കയും; തൊഴിലാളികൾ ദുരിതത്തിൽ

വേമ്പനാട്ടുകായലില്‍ ലവണാംശം താഴ്ന്നു; കിട്ടാക്കനിയായി കൊഞ്ചും കക്കയും; തൊഴിലാളികൾ ദുരിതത്തിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: തണ്ണീര്‍മുക്കം ബണ്ട് തുറക്കാന്‍ വൈകിയതിനൊപ്പം വേനല്‍ മഴയും ശക്തി പ്രാപിച്ചതോടെ വേമ്പനാട്ടുകായലിലെ വെള്ളത്തില്‍ ഉപ്പിന്റെ അംശം കുറഞ്ഞു.

ഇത് കായലിന്റെ ജൈവ വൈവിദ്ധ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വേലിയേറ്റത്തില്‍ ഉപ്പുവെള്ളം കായലില്‍ എത്തുന്നതോടെ കൊഞ്ച്, കക്ക എന്നിവയുടെ പ്രജനനം കൂടുതലായി നടക്കാം. എന്നാല്‍ ബണ്ട് അടച്ചിടുന്നതോടെ വേലിയേറ്റം ഇല്ലാതാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേമ്പനാട്ടുകായലില്‍ നിന്നുള്ള കൊഞ്ച് ബണ്ടിനപ്പുറം കടലുമായി ചേര്‍ന്നുകിടക്കുന്ന കായലിലാണ് പ്രജനനം നടത്താറുള്ളത്. ബണ്ട് അടയ്ക്കുന്നതോടെ ഇവയുടെ സഞ്ചാര പാത അടയും. ഈ വര്‍ഷം കൃഷി വൈകിയതോടെ മൂന്നു മാസത്തിനു പകരം അഞ്ചു മാസത്തിലേറെ ബണ്ട് അടഞ്ഞു കിടന്നിരുന്നു.

അതിനൊപ്പം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വേനല്‍ മഴയും ശക്തിപ്രാപിച്ചതോടെ ബണ്ടിനിപ്പുറം കുമരകം, ആലപ്പുഴ ഭാഗത്ത് കായലില്‍ ലവണാംശം കുറഞ്ഞത് മത്സ്യ സമ്പത്തിന് ദോഷകരമായെന്നാണ് കമ്മ്യൂണിറ്റി എന്‍വയണ്‍മെന്റ് റിസോഴ്സ് സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 2018ലെ പ്രളയത്തില്‍ കായലില്‍ ലവണാംശം കുറഞ്ഞതോടെ കൊഞ്ചിന്റെ ലഭ്യത തീരെ കുറഞ്ഞിരുന്നു

ഏപ്രില്‍,മേയ് മാസങ്ങളില്‍ 16 പാര്‍ട്സ് പേര്‍ തൗസന്റ് ലവണാംശം ഉണ്ടാകാറുള്ളിടത്ത് ഇത്തവണ മിക്ക ഭാഗങ്ങളിലും പൂജ്യമായിരുന്നു. ഈ മാസങ്ങളില്‍ കടലില്‍ നിന്ന് ഉപ്പുവെള്ളത്തിനൊപ്പം കായലിലേക്ക് കയറി വരാറുള്ള മത്സ്യങ്ങളും വന്നില്ല. ഉപ്പുവെള്ളം കയറിയിറങ്ങാത്തത് സൂക്ഷ്മ ജീവികളുടെയും ചില ഇനം സസ്യലതാദികളുടെയും വളര്‍ച്ചയെ ബാധിക്കും.

ആറ്റു കൊഞ്ചും കക്കയും ശേഖരിച്ച്‌ ആയിരക്കണക്കിന് തൊഴിലാളികളാണ് വേമ്പനാട്ടു കായലോര മേഖലയില്‍ ജീവിക്കുന്നത്. ആറ്റു കൊഞ്ച് തീരെ ഇല്ലാതായെന്ന് മത്സ്യതൊഴിലാളികള്‍ പറയുമ്പോള്‍ കറുത്ത കക്ക വലിയ തോതില്‍ കുറഞ്ഞതായി കക്ക തൊഴിലാളികളും പറയുന്നു.