തിരുവഞ്ചൂർ രാധാകൃഷ്ണനെ കോട്ടയത്തെ ജനങ്ങൾ ഇരുകൈകൾ നീട്ടി സ്വീകരിക്കും: ഉമ്മൻ ചാണ്ടി

തിരുവഞ്ചൂർ രാധാകൃഷ്ണനെ കോട്ടയത്തെ ജനങ്ങൾ ഇരുകൈകൾ നീട്ടി സ്വീകരിക്കും: ഉമ്മൻ ചാണ്ടി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: യു.ഡി.എഫ്. സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണനെ കോട്ടയത്തെ ജനങ്ങൾ ഇരുകൈകൾ നീട്ടി സ്വീകരിക്കുമെന്ന് ഉമ്മൻ ചാണ്ടി. അതിന് കാരണം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തന്നെയാണ്. കേരളത്തിനും കോട്ടയത്തിനും നിരവധി കാര്യങ്ങൾ സംഭാവന ചെയ്യാൻ സാധിച്ച വ്യക്തിത്വമാണ് തിരുവഞ്ചൂർ. കോൺഗ്രസ് കുമാരനല്ലൂർ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് വാഹന പര്യടനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെയുണ്ടായിട്ടില്ലാത്ത സ്വീകാര്യതയാണ് യു.ഡി.എഫ്. മാനിഫെസ്റ്റോക്ക് ലഭിച്ചിരിക്കുന്നത്. കാരണം, അത് ജനങ്ങളുടെ മാനിഫെസ്റ്റോയാണ്. ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ്, അവരുടെ ആവശ്യങ്ങൾ അറിഞ്ഞ്, പ്രതീക്ഷയറിഞ്ഞ് തയ്യാറാക്കിയതാണത്. ജനങ്ങൾ യു.ഡി.എഫിനെ അധികാരത്തിലേറ്റാൻ തയ്യാറെടുത്തിരിക്കുന്നു, അതുകൊണ്ട് പ്രവർത്തകർ ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്ഘാടന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു മാത്യു അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. അംഗം കുര്യൻ ജോയി, കെ.പി.സി.സി. സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, വൈസ് ചെയർമാൻ ബി. ഗോപകുമാർ, എം.ജി. ശശിധരൻ, മോഹൻ കെ. നായർ, ഫിൽസൺ മാത്യൂസ്, ടി.സി. റോയി, എസ്. രാജീവ്, സിബി ജോൺ, എസ്. ഗോപകുമാർ, എൻ.എസ്. ഹരിശ്ചന്ദ്രൻ, നന്ദിയോട് ബഷീർ, യൂജിൻ തോമസ്, ഘടകക്ഷി നേതാക്കളായ അസീസ് കുമാരനല്ലൂർ, ടി.സി. അരുൺ, കുര്യൻ പി. കുര്യൻ എന്നിവർ പ്രസംഗിച്ചു.

രാവിലെ കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി, കുമാരനല്ലൂർ ദേവിയുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വാഹന പര്യടനത്തിനായി പ്രവർത്തകർക്കിടയിലേക്ക് ഇറങ്ങി.
ജനങ്ങൾ നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം തന്റെ വാഹന പര്യടനം ആരംഭിച്ചത്. കോട്ടയത്തിന്റെ മുഖഛായതന്നെ മാറ്റിമറിച്ച വികസന നായകന്റെ വാഹന പര്യടനത്ത് നൂറുകണക്കിന് ആളുകളാണ് വിവിധ കേന്ദ്രങ്ങളിൽ കാത്തുനിന്നിരുന്നത്. കൊച്ചുകുട്ടികൾ മുതൽ വയോധികർ വരെ തങ്ങളുടെ പ്രിയനേതാവിനെ കാണുവാനും വിജയാശംസകൾ അറിയിക്കുവാനും ഒത്ത് ചേർന്നു. ഓരോ പ്രദേശത്ത് ചെല്ലുമ്പോഴും അവിടുത്തെ പ്രാദേശികമായുണ്ടായിരുന്ന പ്രശ്നങ്ങളും തന്റെ ഇടപെടലിലൂടെ അത് പരിഹരിച്ചതും അദ്ദേഹം അനുസ്മരിച്ചു. ഓരോ സ്ഥലങ്ങളിലും ഇനി കൊണ്ടുവരാൻ സാധിക്കുന്ന വികസനങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

കോട്ടയത്തെ സ്നേഹിക്കുന്ന, കരുതുന്ന ഒരു സർക്കാർ ഇവിടെയുണ്ടാകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. വാഹനപര്യടനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷം അനുഭവിച്ച ദുരിതങ്ങൾക്ക് അറുതിവരുത്താൻ യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നേമതിയാകു. എൽ.ഡി.എഫ്. സർക്കാർ മുടക്കിയ 17 പദ്ധതികൾ വീണ്ടും കൊണ്ടുവരുന്നതിന് ഒരു ഭരണമാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഏഴിന് കുമാരനല്ലൂർ കിഴക്കേനടയിൽനിന്ന് ആരംഭിച്ച പര്യടനം 12.30ന് ചുങ്കത്ത് അവസാനിച്ചു. വൈകുന്നേരം 4ന് ചവിട്ടുവരിയിൽനിന്ന് ആരംഭിച്ച പര്യടനം വൈകിട്ട് 7.30ന് സംക്രാന്തിയിലെത്തി അവസാനിച്ചു. സമാപന യോഗം കോൺഗ്രസ് കുമാരനല്ലൂർ മണ്ഡലം പ്രസിഡന്റ് സാബു മാത്യു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കോട്ടയം ഈസ്റ്റ് മണ്ഡലത്തിലെ വാഹന പര്യടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് എ.ഐ.സി.സി. അംഗം കുര്യൻ ജോയി ഉദ്ഘാടനം ചെയ്യും. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കോൺഗ്രസ് ചിങ്ങവനം മണ്ഡലത്തിലും 27ന് രാവിലെ ഏഴിന് കോൺഗ്രസ് പനച്ചിക്കാട് മണ്ഡലത്തിലും 28ന് വൈകിട്ട് നാലിന് കോൺഗ്രസ് കൊല്ലാട് മണ്ഡലത്തിലും 29ന് രാവിലെ ഏഴിന് കോൺഗ്രസ് വിജയപുരം മണ്ഡലത്തിലും 30ന് വൈകിട്ട് മൂന്നിന് കോൺഗ്രസ് നാട്ടകം മണ്ഡലത്തിലും 31ന് രാവിലെ ഏഴിന് കോൺഗ്രസ് കോട്ടയം വെസ്റ്റ് മണ്ഡലത്തിലും വാഹനപര്യടനം നടത്തും.