തിരുനക്കര മഹാദേവക്ഷേത്രത്തിലെ മോഷണം: പ്രത്യേക സംഘം അന്വേഷിക്കും; രേഖാചിത്രം വരയ്ക്കാൻ പൊലീസ് സംഘം ഒരുങ്ങുന്നു

തിരുനക്കര മഹാദേവക്ഷേത്രത്തിലെ മോഷണം: പ്രത്യേക സംഘം അന്വേഷിക്കും; രേഖാചിത്രം വരയ്ക്കാൻ പൊലീസ് സംഘം ഒരുങ്ങുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിനുള്ളിൽ കയറി അഞ്ചു കാണിക്കവഞ്ചി തകർത്തു പണം കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ, മോഷണം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു ഞായറാഴ്ച ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഉത്തരവിറക്കും. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുക. മോഷണങ്ങൾ അന്വേഷിച്ച് കഴിവു തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥർ തന്നെ സംഘത്തിൽ ഉണ്ടാകും.

മുൻപ് അമ്പലമോഷണങ്ങളിൽ അടക്കം പ്രതികളാക്കപ്പെട്ടവരുടെ പട്ടിക പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ നാലു പേരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇതേ തുടർന്നാണ് വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് അടക്കമുള്ളവരെ ഉൾപ്പെടുത്തി അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ കാണാതായ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച അർധരാത്രി രാത്രി ഒന്നരയോടെയാണ് തിരുനക്കര മഹാദേവക്ഷേത്രത്തിന്റെ വടക്കേനടയുടെ മതിൽ ചാടിക്കടന്ന്‌മോഷ്ടാവ് അകത്തു കടന്നത്. അഞ്ചു കാണിക്കവഞ്ചികളിൽ നിന്നായി അയ്യായിരത്തോളം രൂപ മോഷ്ടിച്ചത്. സംഭവത്തിന്റെ സി.സി.ടി.വി കാമറാ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെപ്പറ്റി വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.

പ്രതിയുടെ മുഖം കാമറയിൽ വ്യക്തമല്ലാത്തെ സാഹചര്യത്തിൽ പൊലീസിലെ രേഖാചിത്ര കലാകാരൻ രാജേഷ് മണിമലയെ ഉപയോഗിച്ച് ചിത്രം വരയ്ക്കുന്നതിനാണ് ആലോചന.

ജില്ലയ്ക്കു പുറത്തേയ്ക്കും ആവശ്യമെങ്കിൽ അന്വേഷണം വ്യാപിപ്പിച്ചേയ്ക്കും. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിൽ നിന്നും രാത്രിയിലെ വണ്ടിയ്ക്കു പോയ ഇതര സംസ്ഥാന തൊഴിലാളികളുടെ പട്ടിക പൊലീസ് ശേഖരിക്കുന്നുണ്ട്. ഇതിനായി റെയിൽവേ സ്റ്റേഷനു സമീപത്തെ സി.സി.ടി.വി കാമറകളും പരിശോധിക്കും.