ആനയ്ക്കു മദപ്പാടാണോ ചേട്ടാ എന്നു ചോദിച്ചു; ഏറ്റുമാനൂരിലെ മലയാള മനോരമ ലേഖകന് ആനപാപ്പാന്മാരുടെ ക്രൂര മർദനം; മഹാദേവൻ ആശുപത്രിയിൽ; ഒറ്റവരി പോലും വാർത്ത നൽകാതെ മലയാള മനോരമ
തേർഡ് ഐ ബ്യൂറോ
കോട്ടയം: ആനയ്ക്കു മദപ്പാടാണോ ചേട്ട എന്നു പാപ്പാനോടു ചോദിച്ചതിന്റെ പേരിൽ മലയാള മനോരമയുടെ ഏറ്റുമാനൂർ ലേഖകന് പാപ്പാന്മാരുടെയും ആന ഉടമകളുടെയും ക്രൂര മർദനം. ആനയുടെയും നാട്ടുകാരുടെയും മുന്നിലിട്ട് ക്രൂരമായി മർദിച്ച മഹാദേവൻ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തെങ്കിലും, സ്വന്തം ലേഖകന് മർദനമേറ്റത് സംബന്ധിച്ച് ഒരു വരി വാർത്ത നൽകാൻ പോലും മലയാള മനോരമ തയ്യാറായിട്ടില്ല. മലയാള മനോരമയുടെ ഏറ്റുമാനൂരിലെ പ്രതിനിധി മഹാദേവനാണ് ക്രൂരമായ മർദനം ഏൽക്കേണ്ടി വന്നത്.
ഏറ്റുമാനൂർ ക്ഷേത്രത്തിലെ ആറാട്ട് ദിവസമായിരുന്നു സംഭവം. ആറാട്ട് കടവിന് സമീപത്തു വച്ച് ആറാട്ടിന് അകമ്പടി സേവിച്ചിരുന്ന കൊമ്പനാന പിണങ്ങിയിരുന്നു. വയറിന് അസ്വസ്ഥത അനുഭവപ്പെട്ട ആന കുറുമ്പ് കാട്ടിയതോടെ ആനയെ എഴുന്നെള്ളത്തിൽ നിന്നും മാറ്റി നിർത്തുകയായിരുന്നു. ആന ഇടഞ്ഞ് ചെറുതായി കുറുമ്പ് കാട്ടുകയും ചെയ്തിരുന്നു. സംഭവം അറിഞ്ഞാണ് മലയാള മനോരമയുടെ ലേഖകനായ ഏറ്റുമാനൂർ സ്വദേശി മഹാദേവൻ ഇവിടെ എത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആനയെ തളച്ച ശേഷം പ്രദേശത്തെ വീട്ടുമുറ്റത്ത് കെട്ടിയിരിക്കുകയായിരുന്നു ഈ സമയം. ഇവിടെ എത്തിയ മഹാദേവൻ വീട്ടുകാരോട് കാര്യങ്ങൾ അന്വേഷിച്ച് അറിഞ്ഞു. ഇതിനിടെ രണ്ടു പേർ ഇവിടെ എത്തി. ഇവരോടു സംസാരിച്ചപ്പോഴാണ് പാപ്പാന്മാരാണ് എന്നു മനസിലായത്. മഹാദേവൻ സംസാരിക്കുന്നതിനിടെ പാപ്പാൻമാരും ആന ഉടമകളും ചേർന്നു ക്രൂരമായി മർദിക്കുകയായിരുന്നു. നിലത്തു വീണ മഹാദേവനെ ഇവർ സംഘം ചേർന്നു മർദിക്കുകയും, ചവിട്ടുകയും അടക്കം ചെയ്തു.
ക്രൂരമായി മർദനമേറ്റ മഹാദേവനെ നാട്ടുകാർ ചേർന്നാണ് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും മലയാള മനോരമ ഒരു വരി വാർത്ത നൽകാൻ പോലും തയ്യാറായിട്ടില്ല. വർഷങ്ങളോളമായി മലയാള മനോരമയ്ക്കു വേണ്ടി ജോലി ചെയ്യുന്ന ജീവനക്കാരനാണ് ഇത്തരത്തിൽ മർദനമേറ്റത്. ഇതിൽ ഇടപെടാൻ പോലും മലയാള മനോരമ മാനേജ്‌മെന്റോ സംവിധാനങ്ങളോ ഇനിയും തയ്യാറായിട്ടില്ല.
സംഭവത്തിൽ പ്രതിഷേധവുമായി പത്രപ്രവർത്തക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധങ്ങൾ ഇങ്ങനെ –
മലയാള മനോരമ ഏറ്റുമാനൂർ ലേഖകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശാനുസൃതം ജില്ലാ പ്രസിഡന്റ് കെ.ജി.ഹരിദാസ്, സെക്രട്ടറി പി. ഷണ്മുഖൻ, എക്സി.കമ്മിറ്റി അംഗം രാജു കുടിലിൽ എന്നിവർ ഇന്ന് വൈകുന്നേരം നാലിന് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.ജെ.തോമസിനെ നേരിട്ട് കണ്ട് പരാതി സമർപ്പിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായി അറിയിച്ച സ്റ്റേഷൻ ഹൗസ് ഓഫീസർ, ഉടൻ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ആറാട്ട് ദിനത്തിൽ ആന ഉടമയും തൊഴിലാളികളും ചേർന്ന് മലയാള മനോരമ ഏറ്റുമാനൂർ ലേഖകനെ മർദ്ദിച്ച സംഭവത്തിൽ കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) കോട്ടയം ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ആറാട്ട് തിരിച്ചെഴുന്നള്ളത്തിന്റെ സമയം കൃത്യനിർവ്വഹണത്തിനിടെ ഉണ്ടായ ആക്രമണത്തെ ഗൗരവമായി കണ്ട് കർശന നടപടി സ്വീകരിക്കണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ.ജി.ഹരിദാസ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം ആഷിക്ക് മണിയംകുളം, സംസ്ഥാന സമിതി അംഗങ്ങളായ ഷൈജു തെക്കുംചേരി, പി.ബി.തമ്പി, ജില്ലാ സെക്രട്ടറി പി. ഷണ്മുഖൻ, ഭാരവാഹികളായ ജോസ് ചമ്പക്കര, സുഭാഷ് ലാൽ, അബ്ദുൾ ആപ്പാഞ്ചിറ, രാജു കുടിലിൽ, റഹ്മത്തുള്ള, പി.വി. പ്രസേനൻ, ഏറ്റുമാനൂർ ശിവപ്രസാദ്, വർഗീസ് സക്കറിയ തുടങ്ങിയവർ പ്രസംഗിച്ചു.