പാലാ: നഗരത്തില്‍ തട്ടുകടകള്‍ വ്യാപകമായതോടെ ആശങ്ക പങ്കുവെച്ച് പാലാ നഗരസഭ അധികാരികള്‍. കഴിഞ്ഞ ദിവസം ചേർന്ന കൗണ്‍സില്‍ യോഗത്തില്‍ ഭരണപ്രതിപക്ഷാംഗങ്ങള്‍ ഒരുപോലെ വ്യാപകമായ തട്ടുകടകള്‍ക്കെതിരെ രംഗത്തുവന്നുവെന്നതാണ് ശ്രദ്ധേയം.
പ്രതിപക്ഷത്തെ ആനി ബിജോയിയാണ് ഈ വിഷയം ആദ്യം കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. തുടർന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയും മുൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻകൂടിയായ ഭരണ പക്ഷത്തെ ബൈജു കൊല്ലംപറമ്പിലും ആശങ്ക രേഖപ്പെടുത്തി.
എല്ലാവിധ ലൈസൻസോടുംകൂടി നല്ല മുതല്‍മുടക്കില്‍ ഹോട്ടലുകള്‍ പ്രവർത്തിക്കുമ്പോള്‍ യാതൊരു ലൈസൻസുമില്ലാതെ കൂണുപോലെ മുളച്ചുപൊന്തിയ തട്ടുകടകള്‍ ജനങ്ങളുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ബൈജു കൊല്ലംപറമ്പിലും പ്രൊഫ. സതീശ് ചൊള്ളാനിയും പറഞ്ഞു. തട്ടുകടകള്‍ നിയന്ത്രിക്കുകയും അവയുടെ ഗുണനിലവാരം കർശനമായി പരിശോധിക്കുകയും വേണമെന്ന്
കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുയർന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടൗണിലെ വിവിധ കേന്ദ്രങ്ങളിലായി അടുത്ത കാലത്ത് പത്തോളം തട്ടുകടകളാണ് മുളച്ച് പൊന്തിയത്. മുമ്പുണ്ടായിരുന്ന ചില തട്ടുകടകള്‍ ലാഭത്തില്‍ മറിച്ചുവിറ്റ വിരുതൻമാരുമുണ്ട്. കിഴതടിയൂർ ബൈപാസിലും അരുണാപുരത്തും രാമപുരം റൂട്ടിലും മുരിക്കുംപുഴ വഴേമഠം ഭാഗത്തുമുള്ള ചില തട്ടുകടകളെക്കുറിച്ച് വ്യാപകമായ പരാതിയും ഉയർന്നിട്ടുണ്ട്.
വൃത്തിയായി ഭക്ഷണം പാകപ്പെടുത്തി വിതരണം ചെയ്യുന്നില്ലായെന്ന പരാതിയാണ് പ്രധാനമായും ഉയർന്നത്. പല തട്ടുകടകളും അന്യസംസ്ഥാന തൊഴിലാളികളാണ് നടത്തുന്നത്. ഇതാകട്ടെ യാതൊരു ലൈസൻസുമില്ലാതെയാണുതാനും.
ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരോ മറ്റധികാരികളോ ഈ തട്ടുകടകളില്‍ ഒരിക്കല്‍പ്പോലും പരിശോധന നടത്തിയിട്ടില്ലെന്നുള്ളതും വസ്തുതയാണ്.
വില തോന്നുംപടി
കൃത്യമായ വിലവിവരമോ വില ഏകീകരണമോ അത് പ്രദർശിപ്പിക്കുന്ന ബോർഡോ ഒരു തട്ടുകയിലുമില്ല. രാമപുരം റൂട്ടില്‍ നാലുചക്രവണ്ടിയില്‍ രൂപപ്പെടുത്തിയ ഒരു തട്ടുകടയില്‍ എപ്പോഴും തിരക്കാണ്.
ഇതാകട്ടെ തമിഴ്നാട്ടില്‍ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളാണ് നടത്തുന്നത്. രണ്ട് തുടം ചായയ്ക്ക് പത്ത് രൂപ വരെ ഈടാക്കുന്നു. ഒപ്പം പ്രവർത്തിക്കുന്ന ബജികടയിലും തരാതരം പോലെയാണ് വില. ഇതിനപ്പുറത്തായി ഒരു കരിക്ക് കടയും കരിമ്പിൻ ജ്യൂസ് കടയുമുണ്ട്.
ഇതാകട്ടെ ബംഗാളി യുവാവാണ് നടത്തുന്നത്. കരിക്കിന് 40 രൂപാ മുതല്‍ 60 രൂപാ വരെ ആളുംതരവും കണ്ട് വാങ്ങിക്കുന്നു. കരിമ്പിൻജ്യൂസ് ഒരു ഗ്ലാസിന് 30 രൂപാ മുതല്‍ 50 രൂപാ വരെ ഈടാക്കുന്നു.