തണ്ണീർമുക്കത്തു നിന്നു ചാടിയ യുവതിയുടെ മൃതദേഹം തവണക്കടവിൽ: ദുരൂഹമായ ചാട്ടത്തിനു പിന്നിലെന്ത്

തണ്ണീർമുക്കത്തു നിന്നു ചാടിയ യുവതിയുടെ മൃതദേഹം തവണക്കടവിൽ: ദുരൂഹമായ ചാട്ടത്തിനു പിന്നിലെന്ത്

സ്വന്തം ലേഖകൻ

കോട്ടയം: കഴിഞ്ഞ ദിവസം തണ്ണീർമുക്കം ബണ്ടിൽ നിന്നും കായലിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ മൃതദേഹം കണ്ടെത്തി. വൈക്കം തവണക്കടവ് ഭാഗത്താണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ വെള്ളത്തിൽ ഒഴുകിനടക്കുന്ന നിലയിൽ മൃതദേഹം കണ്ട നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് മൃതദേഹം കരയ്‌ക്കെത്തിച്ചു.


ചങ്ങനാശേരി വേരൂർ വടക്കേക്കര മനു നിവാസിൽ പി.ജി ഉണ്ണികൃഷ്ണന്റെ മകളായ യു.മീരകൃഷ്ണനാണ്(26) കഴിഞ്ഞ ദിവസം തണ്ണീർമുക്കം ബണ്ടിൽ നിന്നും കായലിൽ ചാടിയത്. കോട്ടയം നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ മീര കാറിലാണ് തണ്ണീർമുക്കം ബണ്ടിൽ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർ ഇവിടെ പാർക്ക് ചെയ്ത ശേഷം വെള്ളത്തിലേയ്ക്കു ചാടുകയായിരുന്നു പ്രാഥമിക വിവരം. ബുധനാഴ്ച ഉച്ചയോടെയായിരുന്നു മീര വെള്ളത്തിലേയ്ക്കു ചാടിയത്. തുടർന്നു പ്രദേശത്ത് പൊലീസും അഗ്നിരക്ഷാ സേനയും തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല.


മീരയും ഭർത്താവുമായി വീട്ടിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി സൂചനയുണ്ട്. ഇതേച്ചൊല്ലി കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ വഴക്കുണ്ടായിരുന്നതായി അയൽവാസികൾ പൊലീസിനോടു പറഞ്ഞു. സംഭവ സ്ഥലത്തു നിന്നും മീരയുടെ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചിരുന്നു. ഇത് കണ്ടാണ് മരിച്ചത് മീരയാണെന്നു തിരിച്ചറിഞ്ഞത്. കുറിച്ചിയിലാണ് മീരയുടെ ഭർത്താവിന്റെ വീട്. ഒന്നര വയസുള്ള കുട്ടിയും ഇവർക്കുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.