സല്യൂട്ട് ചെയ്യാന്‍ മടിക്കുന്ന പോലീസുകാരെ തിരിച്ച് വിളിപ്പിച്ച് സല്യൂട്ട് അടിപ്പിക്കും; കിളിരൂര്‍ പെണ്‍വാണിഭം, പ്രവീണ്‍ വധക്കേസ് തുടങ്ങിയ പ്രമാദമായ കേസുകള്‍ അന്വഷിച്ച ഉദ്യോഗസ്ഥ; ആറ്റുകാല്‍ കുത്തിയോട്ടം കുട്ടികളോടുള്ള ക്രൂരതയെന്ന് സധൈര്യം പറഞ്ഞ, അതില്‍ പ്രധിഷേധിച്ച് പൊങ്കാല ഇടാതിരുന്ന വിശ്വാസി; ഡിപ്പാര്‍ട്‌മെന്റില്‍’  റെയ്ഡ് ശ്രീലേഖ’ എന്ന് വിളിപ്പേര്; കേരളത്തിലെ ആദ്യ വനിതാ ഡിജിപി ശ്രീലേഖ ഐപിഎസ് ഇന്ന് വിരമിക്കുമ്പോള്‍

സല്യൂട്ട് ചെയ്യാന്‍ മടിക്കുന്ന പോലീസുകാരെ തിരിച്ച് വിളിപ്പിച്ച് സല്യൂട്ട് അടിപ്പിക്കും; കിളിരൂര്‍ പെണ്‍വാണിഭം, പ്രവീണ്‍ വധക്കേസ് തുടങ്ങിയ പ്രമാദമായ കേസുകള്‍ അന്വഷിച്ച ഉദ്യോഗസ്ഥ; ആറ്റുകാല്‍ കുത്തിയോട്ടം കുട്ടികളോടുള്ള ക്രൂരതയെന്ന് സധൈര്യം പറഞ്ഞ, അതില്‍ പ്രധിഷേധിച്ച് പൊങ്കാല ഇടാതിരുന്ന വിശ്വാസി; ഡിപ്പാര്‍ട്‌മെന്റില്‍’ റെയ്ഡ് ശ്രീലേഖ’ എന്ന് വിളിപ്പേര്; കേരളത്തിലെ ആദ്യ വനിതാ ഡിജിപി ശ്രീലേഖ ഐപിഎസ് ഇന്ന് വിരമിക്കുമ്പോള്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യവനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും ആദ്യ വനിതാ ഡി.ജി.പി.യുമായ ആര്‍. ശ്രീലേഖ ഇന്ന് വിരമിക്കും. 26-ാം വയസ്സില്‍ കാക്കിയണിഞ്ഞ ശ്രീലേഖ, അതിന് മുന്‍പ് കോളേജ് അദ്ധ്യാപിക, റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

 

കോട്ടയം എ.എസ്പി. ആയിട്ടായിരുന്നു ആദ്യനിയമനം. 1991-ല്‍ കേരളത്തിലെ ആദ്യ വനിതാ എസ്പി.യായി തൃശ്ശൂരില്‍ ചുമതലയേറ്റു. സിബിഐ. കൊച്ചി യൂണിറ്റില്‍ എസ്പി.യായും ന്യൂഡല്‍ഹി കേന്ദ്രത്തില്‍ ഡി.ഐ.ജി.യായും ജോലി ചെയ്തിട്ടുണ്ട്. എറണാകുളം ഡി.ഐ.ജിയായി പ്രവര്‍ത്തിച്ച ശേഷം പൊതുമേഖലാ സ്ഥാപനങ്ങളായ കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എന്നിവയുടെ എം.ഡി.യായും പ്രവര്‍ത്തിച്ചു. ക്രൈംബ്രാഞ്ച് ഐ.ജി., വിജിലന്‍സ്, ഇന്റലിജന്റ്‌സ് എ.ഡി.ജി.പി, ജയില്‍ മേധാവി, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ഡിജിപി റാങ്കിലെത്തുന്ന ആദ്യ വനിതയും അഗ്നിരക്ഷാ വിഭാഗം മേധാവിയുമായ ആര്‍ ശ്രീലേഖ 1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയാണ്. കേരളത്തില്‍ നിയമനം ലഭിച്ച് ആദ്യ വനിതാ ഐപിഎസ് ഓഫീസര്‍ എന്ന പദവിയും ആര്‍ ശ്രീലേഖയ്ക്ക് സ്വന്തം. എന്നാല്‍ ഡിജിപി പദവിയില്‍ ക്രമസമാധാന ചുമതലയില്‍ ശ്രീലേഖയ്ക്ക് എത്താനായില്ല. രാഷ്ട്രീയക്കാര്‍ക്ക് താല്‍പ്പര്യ കുറവുള്ളതു കൊണ്ട് മാത്രമായിരുന്നു കാരണം.

 

2004-ല്‍ വിജിലന്‍സ് ഡി.ഐ.ജി.യായിരുന്നപ്പോഴും 2013-ല്‍ വിജിലന്‍സ് ഡയറക്ടറായിരുന്നപ്പോഴും സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ നേടി. പ്രവീണ്‍ വധക്കേസ്, കിളിരൂര്‍ കേസ്, കണ്‍സ്യൂമര്‍ ഫെഡിലെ ക്രമക്കേട് തുടങ്ങിയ കേസുകളില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാക്കിയതും ശ്രീലേഖ അന്വേഷണ ഉദ്യോഗസ്ഥയായിരുന്നപ്പോഴാണ്.

ഈ വര്‍ഷം മേയിലാണ് ശ്രീലേഖയ്ക്ക് ഡിജിപി പദം ഔദ്യോഗികമായി കിട്ടിയത്. രണ്ട് കൊല്ലം മുമ്പ് തന്നെ ശ്രീലേഖയ്ക്ക് ഡിജിപി പദവി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ നാല് ഡിജിപി പദവികള്‍ക്ക് മാത്രമായിരുന്നു കേന്ദ്ര അനുമതിയുണ്ടായിരുന്നത്. അതുകൊണ്ട് കാത്തിരിപ്പ് നീണ്ടു.

‘ഞാന്‍ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായാല്‍ ഡിവൈഎസ്പി, സിഐ, എസ്ഐ റാങ്കിലെല്ലാം സ്ത്രീകളെ കൊണ്ടുവരും. എങ്കിലേ സ്ത്രീകളുടെ പരാതിയില്‍ അന്വേഷിക്കാനും ഇടപെടാനും വനിതാ ഓഫിസര്‍മാര്‍ക്കു സാധിക്കൂ. ഇപ്പോള്‍ സ്ത്രീ കുറ്റവാളികളെ അറസ്റ്റുചെയ്യാന്‍ പോകാനും പ്രകടനം നടത്തുമ്പോള്‍ സ്ത്രീകളെ നിയന്ത്രിക്കാനും മാത്രമല്ലേ വനിതാ പൊലീസ് ഉള്ളൂ…’ ഒരു അഭിമുഖത്തില്‍ ശ്രീലേഖ വ്യക്തമാക്കിയ സേനയിലെ സ്ത്രീ പ്രാധിനിധ്യം നിരവധി ചര്‍ച്ചയ്ക്ക് വഴിവച്ചു.

‘റെയ്ഡ് ശ്രീലേഖ’ എന്നൊരു വിശേഷണവും ഇവര്‍ക്കുണ്ട്. സിബിഐയില്‍ കേരളത്തിലെ മുഴുവന്‍ ചുമതലയുള്ള എസ്പിയായി വന്നപ്പോഴാണ് ഇങ്ങനെയൊരു ഇരട്ടപ്പേര് വീണത്. സല്യൂട്ട് ചെയ്യാന്‍ മടിക്കുന്ന പൊലീസുകാരെ തിരിച്ചുവിളിച്ച് സല്യൂട്ട് അടിപ്പിച്ചിട്ടേ വിടൂ എന്നതും ശ്രീലേഖയുടെ ശീലമാണ്. പുരുഷ ഓഫിസറിനെ ‘സര്‍…’ എന്നുവിളിച്ച് ബഹുമാനിക്കുന്നവര്‍ വനിതാ ഓഫിസറെ ഒന്നും വിളിക്കാതെ ഉഴപ്പുമ്പോള്‍ അത്തരക്കാരെക്കൊണ്ട് ‘സര്‍’ എന്നോ ‘മാഡം’ എന്നു വിളിപ്പിക്കാനും മടിച്ചില്ല.

ജയില്‍മേധാവിയായിരിക്കെ ശ്രീലേഖ സ്വകാര്യ ബ്‌ളോഗിലെ ലേഖനത്തില്‍ ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടത്തെ വിമര്‍ശിച്ചത്. കുത്തിയോട്ടം ആണ്‍കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ പീഡനമാണെന്നാണ് ശ്രീലേഖ തന്റെ ബ്ലോഗിലൂടെ വിമര്‍ശിച്ചത്. കുട്ടികളുടെ അനുമതി പോലുമില്ലാതെയാണ് മാതാപിതാക്കളും ക്ഷേത്രഭാരവാഹികളും ചേര്‍ന്നു കുട്ടികളെ പീഡിപ്പിക്കുന്നത്. കുത്തിയോട്ടത്തെ ‘കുട്ടികളുടെ തടവറ’യെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാമെന്നും ശ്രീലേഖ പറഞ്ഞിരുന്നു. നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കുത്തിയോട്ടം. ഉത്സവത്തില്‍ നിന്ന് കുത്തിയോട്ടത്തെ ഒഴിവാക്കണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആറ്റുകാല്‍ വിശ്വാസിയായ താന്‍ ഇത്തവണ പൊങ്കാല അര്‍പ്പിക്കില്ലെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു.

കുത്തിയോട്ടം വിവാദമായതോടെ ഇതേ കുറിച്ച് അന്വേഷിക്കാന്‍ ബാലവകാശ കമ്മീഷന്‍ തീരുമാനിച്ചു. ഈ വിഷയത്തില്‍ ബാലാവകാശകമ്മീഷന്‍ സ്വമേധയാ കേസ്സെടുത്തു. കുത്തിയോട്ടത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പിന്നീട് ഈ വിവാദത്തില്‍ നടപടിയൊന്നും ഉണ്ടായില്ല.

ജയില്‍ വകുപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ സാക്ഷാല്‍ ഋഷിരാജ് സിംഗിനെ പരോക്ഷമായി വിമര്‍ശിച്ചും പോസ്റ്റിട്ടിരുന്നു. താന്‍ ജയില്‍ മേധാവിയായിരുന്നപ്പോള്‍ ഒരു തരത്തിലുള്ള അനധികൃത വസ്തുക്കളും ജയിലിനുള്ളില്‍ കയറ്റിയിരുന്നില്ലെന്ന് ശ്രീലേഖ വ്യക്തമാക്കി പറഞ്ഞതും ഏറെ ചര്‍ച്ചയായി. ജയിലുകളില്‍ നേരത്തേ അരാജകത്വം ആയിരുന്നുവെന്നും പുതിയ ഡിജിപി ഋഷിരാജ് സിങ് ചുമതലയേറ്റതോടെ എല്ലാം ശരിയായി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതിനോട് പ്രതികരിക്കുകയായിരുന്നു ശ്രീലേഖ.

‘ഇപ്പോള്‍ ജയിലുകളില്‍ നിന്ന് ഫോണുകള്‍ പിടിക്കുന്നു, കഞ്ചാവ് കണ്ടെടുക്കുന്നു, ജയിലുകളില്‍ ആള്‍ക്കാര്‍ മരിക്കുന്നു, സ്ത്രീകള്‍ ജയില്‍ ചാടുന്നു തുടങ്ങിയ വാര്‍ത്തകള്‍ കാണുമ്പോള്‍ വിഷമം തോന്നുന്നു. ജയിലുകള്‍ മാതൃകാപരമാക്കുന്നതില്‍ തന്റെ പ്രവര്‍ത്തന കാലത്ത് വലിയ മുന്നേറ്റമുണ്ടായി, എന്നാല്‍ തനിക്ക് ഈഗോ കുറവായതിനാല്‍ പബ്ലിസിറ്റിക്ക് ശ്രമിച്ചില്ല’ ശ്രീലേഖയുടെ വാക്കുകളില്‍ കാക്കിയോട് കൂറ് വ്യക്തം.

പീഡിയാട്രിക് സര്‍ജനാണ് ഭര്‍ത്താവ് ഡോ. സേതുനാഥ്. മകന്‍: ഗോകുല്‍നാഥ്. അനുഭവകഥകള്‍ ഏറ്റവും കൂടുതല്‍ എഴുതിയ ഓഫിസറാണ് ശ്രീലേഖ. മൂന്ന് കുറ്റാന്വേഷണ പുസ്തകങ്ങള്‍ ഉള്‍പ്പെടെ പത്തോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.