എസ്.പി.ബിയുടെ നില അതീവ ഗുരുതരം; പ്രതീക്ഷകൾ അവസാന ഘട്ടത്തിലെന്ന് ആശുപത്രി അധികൃതർ; പ്രിയഗായകന്റെ ജീവനായി പ്രാർത്ഥിച്ച് ആരാധകർ

തേർഡ് ഐ ബ്യൂറോ

ചെന്നൈ: രാജ്യം മുഴുവൻ കൊവിഡ് കാലത്ത് പ്രാർത്ഥനയോടെ കാത്തിരിക്കുന്നത് ഒരാളുടെ മടങ്ങി വരവിന് വേണ്ടിയാണ്. എസ്.പി ബി എന്ന എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ മടങ്ങിവരവിനു വേണ്ടിയാണ് ഇന്ത്യയിലെ മുഴുവൻ സംഗീത പ്രേമികളും കാത്തിരിക്കുന്നത്. എന്നാൽ, അവർക്ക് പ്രതീക്ഷ നൽകുന്ന വാർത്തയല്ല ഇപ്പോൾ ചെന്നൈയിൽ നിന്നും കേൾക്കുന്നത്.

ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് എസ്പിബി യുടെ ആരോഗ്യസ്ഥിതി വഷളായത്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് ജീവൻ നിലനിർത്തുന്നതെന്ന് എംജിഎം ഹെൽത്ത് കെയർ വൃത്തങ്ങൾ അറിയിച്ചു. എസ്പി.ബി ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.

അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നതോടെ അതുല്യ പ്രതിഭയുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുകയാണ് ആരാധകർ.
പ്രമേഹം അടക്കമുള്ള രോഗം എസ്പി.ബിയെ അലട്ടുന്നുണ്ട്. ‘എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അവസ്ഥ വഷളായി. എം.ജി.എം ഹെൽത്ത് കെയറിലെ വിദഗ്ധരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്’, എന്നാണ് എം.ജി.എം ഹെൽത്ത് കെയറിന്റെ മെഡിക്കൽ സർവീസസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനുരാധ ഭാസ്‌കരൻ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്.

നേരിയ കോവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹംതന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. ശരിയായി വിശ്രമിക്കുന്നതിനുവേണ്ടിയാണ് ചികിത്സ തേടിയതെന്നും അദ്ദേഹം വ്യക്തമായിരുന്നു. എന്നാൽ ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയുകയും തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്റർ സഹായം നൽകുകയും ചെയ്തിരുന്നു.

ഓഗസ്റ്റ് അഞ്ചിന് ചെന്നൈ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്പിബിയെ പിന്നീട് നടത്തിയ പരിശോധനയിൽ കോവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ആദ്യം വീട്ടിൽ ചികിത്സ തേടാമെന്ന് തീരുമാനിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയിലാക്കി. ഓഗസ്റ്റ് പതിനാലോടെ അദ്ദേഹത്തിന്റെ ആരോഗ്യനില തീർത്തും വഷളായത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ ഏഴിന് അദ്ദേഹം കോവിഡ് മുക്തനായെന്ന ആശ്വാസ വാർത്ത പുറത്തു വന്നു. കോവിഡ് മുക്തനായെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെടാഞ്ഞതിനാൽ അദ്ദേഹം വെന്റിലേറ്ററിൽ തന്നെയാണെന്നും അന്ന് മകൻ രാം ചരൺ മാധ്യമങ്ങളെ അറിയിച്ചിരുന്നു.