പ്രണവിനെ കടപ്പുറത്തിട്ട് തല്ലിക്കൊന്നത് ശീമക്കൊന്ന കമ്പിന്; ഫെയ്‌സ്ബുക്കിൽ വ്യാജ പ്രൊഫൈലുണ്ടാക്കി പെൺകുട്ടിയെന്ന വ്യാജേനെ യുവാക്കൾ വിളിച്ചു വരുത്തി; ക്രൂരത നടത്തിയത് മുൻ വൈരാഗ്യത്തെ തുടർന്ന്

തേർഡ് ഐ ക്രൈം

കൊച്ചി: മലയാളികൾക്കിടയിൽ അക്രമവാസന കൂടുന്നതിന്റെ ഏറ്റും ഒടുവിലത്തെ ഉദാഹരണമാണ് കൊച്ചിയിൽ കണ്ടത്. പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് യുവാവിനെ ഒരു സംഘം സുഹൃത്തുക്കൾ ചേർന്ന് ശീമക്കൊന്നയുടെ കമ്പിന് തല്ലിച്ചതച്ച് കൊലപ്പെടുത്തിയത്. വൈപ്പിൻ സ്വദേശി പ്രണവിനെയാണ് സുഹൃത്തുക്കൾ ചേർന്നു തല്ലിക്കൊന്നത്.

പ്രണവ് കൊല്ലപ്പെടുന്നതിന് തലേ ദിവസം സുഹൃത്തുക്കളോട് കാമുകിയായ പെൺകുട്ടി രാത്രിയിൽ കടപ്പുറത്ത് എത്തണമെന്ന് ആവിശ്യപ്പെട്ടതായി പറഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫെയ്‌സ് ബുക്ക് വഴിയായിരുന്നു പെൺകുട്ടിയെന്ന വ്യാജേന പ്രതികൾ മെസ്സേജ് അയച്ചിരുന്നത്. ദിവസങ്ങൾക്ക് മുൻപ് തന്നെ പ്രതികൾ പ്രണവിനെ ഫെയ്‌സ് ബുക്ക് വഴി വരുതിയിലാക്കിയിരുന്നു എന്നാണ് ഇതോടെ മനസ്സിലാകുന്നത്.

അങ്ങനെയാണ് പ്രണവിനോട് പള്ളത്താംകുളങ്ങര ബീച്ചിലെത്താൻ മെസ്സേജ് വഴി ആവശ്യപ്പെട്ടത്. പെൺകുട്ടിയുടെ വീട് പ്രണവിന്റെ വീടിന് അടുത്ത് തന്നെയാണ്. പള്ളത്താംകുളങ്ങര ബീച്ചിലേക്ക് ഇവിടെ നിന്നും നല്ല ദൂരവുമണ്ട്. അത്രയും ദൂരം എത്താൻ പറഞ്ഞത് ബന്ധുവിന്റെ വീട്ടിലാണ് എന്ന കാരണത്താലായിരുന്നു എന്നാണ് പ്രതികൾ വ്യാജ ഫെയ്‌സ് ബുക്ക് ഐഡിയിലൂടെ അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നത്.

ഇതിനെ തുടർന്നാണ് രണ്ട് സുഹൃത്തുക്കളോട് ഇക്കാര്യം പറയുകയും രാത്രിയിൽ ബീച്ചിലേക്കെത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. സുഹൃത്തുക്കൾക്കൊപ്പം ബൈക്കിലാണ് പ്രണവ് ബീച്ചിലേക്ക് പോയത്. സുഹൃത്തുക്കളെ അകലെ നിർത്തിയതിന് ശേഷമാണ് പ്രണവ് ബീച്ചിലേക്ക് പോയത്. പക്ഷേ അവിടെ പെൺകുട്ടിക്ക് പകരം പ്രതികളായ ശരതും സംഘവുമായിരുന്നു. അക്രമം നടത്തിയപ്പോൾ പ്രണവിന്റെ നിലവിളി ശബ്ദം കേട്ടിരുന്നതായി സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകി.

നിലവിളി കേട്ട് ഫോണിൽ ബന്ധപ്പെട്ടപ്പോൾ പ്രണവിനെ കിട്ടാതെ ആയപ്പോൾ ഇവർ ചെറായിലേക്ക് മടങ്ങിപോയി. പിന്നീടാണ് ഇയാൾ കൊല്ലപ്പെട്ടു എന്ന വിവരം ഇവർ അറിയുന്നത്.

ബീച്ചിലെത്തിയ പ്രണവിനെ പ്രതികളായ ശരത്, അമ്പാടി, ജിബിൻ, നാംദേവ് എന്നിവർ ചേർന്ന് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ശീമക്കൊന്ന വടികളാണു പ്രതികളുടെ കൈവശമുണ്ടായിരുന്നത്. വടിയുടെ ഭാഗങ്ങൾ മൃതദേഹത്തിനടുത്തു നിന്നു ലഭിച്ചിരുന്നു. തലയുടെ നെറുകയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. മരിച്ചുവെന്ന് ഉറപ്പായതോടെ പ്രതികൾ സ്ഥലം വിട്ടു. കയ്യിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് പ്രണവിന്റെ തലയിലും ശരീരത്തിലും മുറിവേൽപ്പിച്ചിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ നാലിനായിരുന്നു കൊലപാതകം. ചെമ്മീൻകെട്ടിൽ കത്തിയെറിഞ്ഞ സ്ഥലം തെളിവെടുപ്പിനിടെ പ്രതികൾ പൊലീസിന് കാണിച്ചു കൊടുത്തു. ചെറായി സ്വദേശികളായ ശരത്, ജിബിൻ, അമ്പാാടി എന്നിവരാണ് കേസിൽ അറസ്റ്റിലായത്. നാംദേവ് ഒളിവിലാണ്.

ചൊവ്വാഴ്ച പുലർച്ചെ തന്റെ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് പ്രണവ് ബീച്ചിൽ എത്തിയതെന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പെൺകുട്ടിയുമായി സംസാരിക്കാനുള്ള സാഹചര്യം ഒരുക്കുവാൻ സുഹൃത്തുക്കൾ ബീച്ചിൽ നിന്ന് കുറച്ചുമാറിയാണ് നിന്നിരുന്നതെന്ന് പൊലീസ് പറയുന്നു.

കാമുകിയുടെ പേരിലെത്തിയ സന്ദേശം വിശ്വസിച്ചാണ് പ്രണവ് പുലർച്ചെ ബീച്ചിലെത്തിയത്. ഏതു രാത്രിയിലും യുവതി വിളിച്ചാൽ പ്രണവ് ഇറങ്ങി വരുമെന്ന് അറിയാമായിരുന്ന ശരത്തും സംഘവും ആദ്യം പെൺകുട്ടിയെക്കൊണ്ടു തന്നെ വിളിപ്പിക്കാനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റി.

യുവതിയുടെ പേരിൽ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കി പ്രണവുമായി ചാറ്റ് ചെയ്യുകയായിരുന്നു. അർധരാത്രി പ്രണവിനെ സമൂഹമാധ്യമത്തിലൂടെ ചാറ്റ് ചെയ്ത് ഇറങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നു. പ്രണവിനെ ആക്രമിച്ചു കൊലപ്പെടുത്തിയതിനു ശേഷം പ്രതികൾ ഒരുമിച്ചു മടങ്ങിപ്പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും പൊലീസ് ശേഖരിച്ചു.

മരിച്ച പ്രണവുമായി പ്രണയത്തിലായിരുന്ന പെൺകുട്ടി ക്രിമിനൽ സംഘത്തിലെ ശരത് എന്ന യുവാവുമായി അടുപ്പത്തിൽ ആയതോടെയാണ് ഇവർ തമ്മിൽ പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്. പെൺകുട്ടി പ്രണവുമായും അടുപ്പം സൂക്ഷിക്കുന്നു എന്ന ചിന്തയിലാണ് പ്രണവിനെ ഇല്ലാതാക്കാൻ ശരത് തീരുമാനിക്കുന്നത്. ഇതിന് സുഹൃത്തുക്കളെ കൂടി കൂട്ടു പിടിക്കുകയായിരുന്നു. കൊല്ലപ്പെട്ട പ്രണവ് ആയുധം കൈവശം വച്ചതുൾപ്പെടെ 3 ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു.

അറസ്റ്റിലായ 3 പ്രതികളെയും മുനമ്പം പൊലീസ് ഇന്നലെ സ്ഥലത്തെത്തിച്ചു തെളിവെടുത്തു. നാലാമത്തെ പ്രതിയും ഉടൻ കസ്റ്റഡിയിലാവുമെന്നാണു സൂചന.

അതേ സമയം പ്രതികൾ ഉപയോഗിച്ച ഫേസ്ബുക്ക് അക്കൗണ്ടിലെ യഥാർത്ഥ പെൺകുട്ടിക്ക് പ്രണവുമായോ ശരതുമായോ യാതൊരു അടുപ്പവുമില്ലായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. പൊലീസ് കേസിൽ കൂടുതൽ വ്യക്തത വരുത്താനായി പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. പിന്നീട് ഇവർ പറയുന്ന പെൺകുട്ടിയെ ചോദ്യം ചെയ്യാനാണ് തീരുമാനം. പ്രതികൾ പറഞ്ഞ വിവരങ്ങൾ വച്ചാണ് പൊലീസ് ഫെയ്‌സ് ബുക്ക് സന്ദേശം വഴിയാണ് പ്രണവിനെ കടപ്പുറത്തെത്തിച്ചത് എന്ന് മനസ്സിലാക്കിയിരിക്കുന്നത്. പ്രതികൾ പറയുന്ന ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഇപ്പോൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. അതിനാൽ സൈബർ സെല്ലിന്റെ സഹോയത്തോടെ സന്ദേശങ്ങൾ കണ്ടെടുത്തെങ്കിൽ മാത്രമേ സ്ഥിരീകരണം ലഭിക്കൂ.