സ്വന്തം പിതാവിന്‍റെ സഹോദരനാല്‍ ഗർഭിണിയായ പെണ്‍കുട്ടി; പൊലീസിന്‍റെ പിഴവ് കോടതി തിരുത്തി ; നിര്‍ണായകമായ ഇടപെടലിൽ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ; കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ മറച്ചു വയ്ക്കുന്ന മനോഭാവം മാറേണ്ടതിന്‍റെ പ്രാധാന്യം പങ്ക് വച്ച് ചങ്ങനാശേരിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ പി എസ് മനോജ്

സ്വന്തം പിതാവിന്‍റെ സഹോദരനാല്‍ ഗർഭിണിയായ പെണ്‍കുട്ടി; പൊലീസിന്‍റെ പിഴവ് കോടതി തിരുത്തി ; നിര്‍ണായകമായ ഇടപെടലിൽ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ; കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ മറച്ചു വയ്ക്കുന്ന മനോഭാവം മാറേണ്ടതിന്‍റെ പ്രാധാന്യം പങ്ക് വച്ച് ചങ്ങനാശേരിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ പി എസ് മനോജ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേസന്വേഷണത്തില്‍ പൊലീസിനുണ്ടായ പിഴവ് വിചാരണ ഘട്ടത്തില്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് തിരുത്തപ്പെട്ടതാണ് സമീപ കാലത്ത് കോട്ടയം ജില്ലയിലെ പ്രമാദമായൊരു പോക്സോ കേസില്‍ പ്രതിയ്ക്ക് കഠിന ശിക്ഷ കിട്ടാന്‍ വഴിയൊരുക്കിയത്. സ്വന്തം പിതാവിന്‍റെ സഹോദരനാല്‍ പീഡിപ്പിക്കപ്പെട്ട് ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് നീതി വാങ്ങിക്കൊടുത്ത ആ അനുഭവം ചങ്ങനാശേരിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ പി എസ് മനോജ് പങ്കുവെച്ചു.

“പ്രതിയുടെ സ്വാധീനത്താല്‍ കുട്ടി മറ്റ് പലരുടെയും പേര് പറഞ്ഞു. തമിഴ്നാട്ടിലുള്ളവരുടെയും മറ്റും പേരാണ് പറഞ്ഞത്. പൊലീസിന് അത് ശരിയായ മൊഴിയല്ലെന്ന് മനസ്സിലായി. യഥാര്‍ത്ഥ പ്രതിക്കെതിരെ തന്നെ കുറ്റപത്രം നല്‍കി. പക്ഷേ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയിട്ടും ഡിഎന്‍എ പരിശോധന നടത്തിയില്ല”- പി എസ് മനോജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിന്‍റെ വിചാരണാ ഘട്ടത്തിലാണ് പൊലീസ് വരുത്തിയ ഈ പിഴവ് പ്രോസിക്യൂഷന്‍ തിരിച്ചറിഞ്ഞത്. ഇതോടെ ഇരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്‍റെ പിതൃത്വ പരിശോധന വേണമെന്ന ആവശ്യം കോടതിക്ക് മുന്നില്‍ ഉയര്‍ത്തി. വൈകിയ വേളയില്‍ ഈ പരിശോധന നടത്തല്‍ വെല്ലുവിളിയായിരുന്നെങ്കിലും ആ വെല്ലുവിളികളെ മറികടന്ന് പരിശോധന പൂര്‍ത്തിയാക്കി.

കുഞ്ഞിനെ അപ്പോഴേക്കും അമ്മത്തൊട്ടിലില്‍ കൊടുക്കുകയും അവിടെ നിന്ന് ദത്തുനല്‍കുകയും ചെയ്തിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ദത്തെടുത്ത കുഞ്ഞിന്‍റെ രക്തം ശേഖരിക്കുക എന്നതൊക്കെ റിസ്കായിരുന്നു. ഡിഎന്‍എ പരിശോധനാ ഫലത്തിലൂടെ യഥാര്‍ത്ഥ പ്രതി കുട്ടിയുടെ അച്ഛന്‍റെ അനുജനാണെന്ന് തെളിയിക്കാനായെന്നും മനോജ് പറഞ്ഞു.

വിചാരണ വേളയില്‍ ഉണ്ടായ നിര്‍ണായകമായ ഇടപെടല്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിക്കുന്നതിലാണ് അവസാനിച്ചത്. കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ മറച്ചു വയ്ക്കുന്ന മനോഭാവം മാറേണ്ടതിന്‍റെ പ്രാധാന്യവും പതിനഞ്ചോളം പോക്സോ കേസുകളില്‍ ഇരകള്‍ക്ക് നീതി വാങ്ങിക്കൊടുത്ത ഈ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു.