എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടക്ടർ ബസിൽ നിന്ന് വലിച്ചു താഴെയിട്ടു; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; കേസെടുക്കുമെന്ന് പോലീസ്

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടക്ടർ ബസിൽ നിന്ന് വലിച്ചു താഴെയിട്ടു; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; കേസെടുക്കുമെന്ന് പോലീസ്

തൃശ്ശൂർ: വിദ്യാർത്ഥിയെ കണ്ടക്ടർ ബസിൽ നിന്ന് വലിച്ചു താഴെയിട്ടു. ചാവക്കാട് ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇടതുകൈ കുത്തിവീണ വിദ്യാർത്ഥിക്ക് പരിക്കേറ്റു. ചാവക്കാട് എംആർആർഎം സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി റിഷിൻ മുഹമ്മദിനാണ് ഈ അപകടം ഉണ്ടായത്. കൈയുടെ എല്ല് പൊട്ടിയ വിദ്യാർത്ഥിയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചാവക്കാട് പൊന്നാനി റൂട്ടിലോടുന്ന ഹനീഫ ബസ്സിലെ കണ്ടക്ടറാണ് വിദ്യാർത്ഥിയെ വലിച്ചു താഴെയിട്ടത്. ഇയാൾക്കെതിരെ ചാവക്കാട് പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്.

സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകാനായാണ് ബസ്സിൽ കയറാൻ വിദ്യാർത്ഥി എത്തിയത്. ഇതിനിടെ ബസിന്റെ ഫുട്‌ബോർഡിൽ കയറി നിൽക്കുന്നതിനിടെയാണ് തിരക്കുണ്ടെന്ന് ആരോപിച്ചുകൊണ്ട് ഈ വിദ്യാർത്ഥിയെ കണ്ടക്ടർ വലിച്ച് താഴെയിട്ടത്. തുടർന്ന് ഇടതുകൈ കുത്തി വിദ്യാർത്ഥി ബസിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ബസ് ജീവനക്കാരനെതിരെ കേസെടുക്കുമെന്നാണ് ചാവക്കാട് പൊലീസ് അറിയിച്ചിരിക്കുന്നത്. വിദ്യാർത്ഥികളെ പലപ്പോഴും ബസ്സിൽ കയറ്റാത്ത ഒരു സാഹചര്യം തൃശ്ശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉണ്ട്.