ഫ്‌ളെക്‌സ് നിരോധനം ; റീസൈക്കിൾ ചെയ്ത് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെങ്കിലും അനുമതി നൽകാതെ  സർക്കാർ, തൊഴിലില്ലാതാകുന്നത് രണ്ട് ലക്ഷം പേർക്ക്‌

ഫ്‌ളെക്‌സ് നിരോധനം ; റീസൈക്കിൾ ചെയ്ത് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെങ്കിലും അനുമതി നൽകാതെ സർക്കാർ, തൊഴിലില്ലാതാകുന്നത് രണ്ട് ലക്ഷം പേർക്ക്‌

 

സ്വന്തം ലേഖിക

കോട്ടയം : പ്ലാസ്റ്റിക് മാലിന്യങ്ങൾ തടയുകയോ നിയന്ത്രിക്കുകയോ ചെയ്തില്ലെങ്കിൽ മനുഷ്യരാശിക്ക് അത് വരുത്തിവയ്ക്കുന്ന അപകടത്തെക്കുറിച്ച് ജനങ്ങൾ ഇന്ന് വളരെയധികം ബോധവാന്മാരാണ്. ഭരണകൂടങ്ങളും അവസരത്തിനൊത്ത് ഉയർന്ന് പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കും ഗാന്ധിജയന്തി ദിനംമുതൽ പൂർണ നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ നടപടി പ്രഖ്യാപിച്ചു കഴിഞ്ഞു. 100 മൈക്രോണിൽ താഴെവരുന്ന എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളും നിരോധനത്തിന്റെ പരിധിയിൽ വരും. ഏതിനം പ്ലാസ്റ്റിക്കും റീസൈക്കിൾ ചെയ്ത് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവുമെങ്കിലും അതിനുള്ള യൂണിറ്റുകളുടെ അഭാവം കാരണമാണ് വഴിവക്കിലും തുറസായ സ്ഥലങ്ങളിലും പ്ലാസ്റ്റിക് കുന്നുകൂടുന്നത്. പ്ലാസ്റ്റിക്കിന്റെ മറ്റൊരു വകഭേദമായ ഫ്‌ളെക്‌സ് ഉത്പന്നങ്ങൾക്കും കേരളത്തിൽ ഒക്ടോബർ രണ്ടുമുതൽ നിരോധനം ബാധകമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. നിരോധനം 100 മൈക്രോണിനു താഴെയുള്ള സാധാരണ പ്ലാസ്റ്റിക് വസ്തുക്കൾക്കാണെങ്കിലും 200 മൈക്രോണിൽ കൂടുതലുള്ള ഫ്‌ളെക്‌സിനെയും അതിൽ ഉൾപ്പെടുത്തിയതിനെതിരെ സംസ്ഥാനത്തെ ഫ്‌ളെക്‌സ് പ്രിന്റിംഗ് വ്യാപാരികൾ സെക്രട്ടേറിയറ്റിനു മുന്നിൽ റിലേ സത്യഗ്രഹം നടത്തുകയാണ്. ഫ്‌ളെക്‌സ് നിരോധനം ഈ രംഗത്ത് പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് വ്യാപാരികളെയും അവരുടെ കുടുംബങ്ങളെയും കഷ്ടത്തിലാക്കുമെന്ന അവരുടെ വാദത്തിൽ കഴമ്പുണ്ട്.
രാജ്യത്തൊട്ടാകെ പതിനേഴ് കമ്പനികൾ വൻനിക്ഷേപം നടത്തിയാണ് ഫ്‌ളെക്‌സ് ഉത്പാദനം നടത്തിക്കൊണ്ടിരുന്നത്. നിരോധനം വരുന്നതോടെ ഉത്പാദന യൂണിറ്റുകൾ മാത്രമല്ല, ഇവ വാങ്ങി വിവിധ പ്രചരണ സാമഗ്രികൾ തയ്യാറാക്കുന്ന സ്ഥാപനങ്ങളും പൂട്ടേണ്ടിവരും. സൈൻ പ്രിന്റിംഗ് സ്ഥാപനങ്ങളുടെ അസോസിയേഷൻ പറയുന്ന കണക്കുപ്രകാരം രണ്ടുലക്ഷം പേർക്കാണ് ഫ്‌ളക്‌സ് നിരോധനം മൂലം വരുമാനമില്ലാതാകുന്നത്. നിരോധനം സദുദ്ദേശ്യത്തോടെയുള്ളതാണെങ്കിലും ഈ നടപടി സൃഷ്ടിക്കുന്ന തൊഴിൽ നഷ്ടവും വരുമാന നഷ്ടവും അവഗണിക്കാനാവില്ല. ഫ്‌ളക്‌സിനെതിരെ വ്യാപകമായ അഭിപ്രായ രൂപീകരണം പ്രബലമായി നിൽക്കുമ്പോഴും അനേകം പേരുടെ ജീവനോപാധി കൂടിയാണത് എന്ന യാഥാർത്ഥ്യം കണക്കിലെടുക്കേണ്ടതുണ്ട്. ഒരു വിഭാഗത്തെ ഒന്നടങ്കം തൊഴിൽരഹിതരാക്കി ജീവിത ദുരിതത്തിലേക്ക് തള്ളിവിടാൻ ഭരണകൂടത്തിന് അവകാശമില്ല. അധാർമ്മികം കൂടിയാണത്.

സർക്കാരിന്റെ വിവിധ വകുപ്പുകളിൽനിന്ന് എല്ലാവിധ അനുമതിയും വാങ്ങിയാണ് ഫ്‌ളെക്‌സ് യൂണിറ്റുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. നിയന്ത്രണങ്ങളെല്ലാം പാലിക്കുന്നുമുണ്ട്. കേന്ദ്രം നിരോധിച്ച പ്‌ളാസ്റ്റിക് ഉത്പന്നങ്ങളിൽ ഫ്‌ളെക്‌സ് ഉൾപ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഏറ്റവും കുറഞ്ഞ ചെലവിൽ പരസ്യപ്രചാരണം നടത്താനാവുന്ന ഉപാധിയെന്ന നിലയ്ക്ക് രാഷ്ട്രീയ കക്ഷികൾക്കും മറ്റു തുറകളിലുള്ളവർക്കും ഫ്‌ളെക്‌സിനെ തള്ളിക്കളയാനാവില്ലെന്നത് സത്യമാണ്. ഫ്‌ളക്‌സ് നിരോധനത്തിനെതിരെ നിലപാട് സ്വീകരിക്കാൻ അവർ മുന്നോട്ടുവരുന്നത് അതുകൊണ്ടാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്ങൾ അച്ചടിച്ചിറക്കുന്ന ഫ്‌ളെക്‌സുകൾ ആവശ്യംകഴിഞ്ഞ് തിരിയെ വാങ്ങി റീസൈക്കിൾ ചെയ്യാൻ സംവിധാനമുണ്ടെന്ന സംഘടനയുടെ വാദം ശരിയാണെങ്കിൽ ഇപ്പോഴത്തെ നിരോധനം അതിരു കടന്നതാണെന്ന് പറയേണ്ടിവരും. സർക്കാർ അനുമതി കൊടുത്താൽ ഇപ്പോൾ കർണാടകയിൽ പ്രവർത്തിക്കുന്ന റീസൈക്‌ളിംഗ് പ്ലാന്റ് കേരളത്തിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള സന്നദ്ധതയും മുന്നോട്ടു വയ്ക്കുന്നുണ്ട്. പ്രായോഗികമായ സമീപനമാണിതൊക്കെ. പരസ്യപ്രചാരണ മേഖലയിൽ അനന്തസാദ്ധ്യതകളുമായി ഫ്‌ളെക്‌സുകൾ വന്നതോടെ പരമ്പരാഗത കലാകാരന്മാരുൾപ്പെടെ ഈ രംഗത്ത് പ്രവർത്തിച്ചിരുന്നവർ മറ്റുവഴികൾ നേടേണ്ടിവന്നിരുന്നു. ഫ്‌ളെക്‌സ് നിരോധനത്തെത്തുടർന്ന് അവരൊക്കെ മടങ്ങിയെത്തി ബ്രഷും ചായവുംകൊണ്ട് പരസ്യബോർഡുകൾ തീർക്കുമെന്ന് കരുതാനാവില്ല. പൊതുനിരത്തുകളിലും മനുഷ്യരുടെ കണ്ണ് ചെല്ലുന്ന എല്ലാ ഇടങ്ങളിലും വന്നുനിറയുന്ന ഫ്‌ളെക്‌സ് ബോർഡുകൾ മനുഷ്യർക്കും പ്രകൃതിക്കും വലിയ ഭീഷണിയായി മാറിയപ്പോഴാണ് കോടതി ഇടപെട്ടതും ഫ്‌ളെക്‌സുകൾക്കെതിരെ കർക്കശ നിയന്ത്രണങ്ങൾ കൊണ്ടുവന്നതും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും പിന്നാലെ എത്തി ഫ്‌ളെക്‌സ് ബോർഡുകൾ വയ്ക്കുന്നതിന് മാനദണ്ഡങ്ങൾ കൊണ്ടുവന്നു. ഇതിനനുസരണമായി കാര്യങ്ങൾ നടന്നുവരുന്നതിനിടയിലാണ് ഫ്‌ളെക്‌സ് പൂർണമായി നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങുന്നത്.

കോടാനുകോടികൾ മുടക്കി തുടങ്ങിയ ഫ്‌ളെക്‌സ് നിർമ്മാണ യൂണിറ്റുകൾ പെട്ടെന്നൊരു ദിവസം പൂട്ടേണ്ടിവരുന്നതിലെ അനീതിയും ക്രൂരതയും കണ്ടില്ലെന്നു നടിക്കാനാവില്ല. പ്ലാസ്റ്റിക് വിപത്ത് നേരിടാനുള്ള ഏക മാർഗം അതിന്റെ പൂർണ നിരോധനമല്ല. പുനരുപയോഗ സാദ്ധ്യതയുള്ള ഉത്പന്നമായതിനാൽ അതിനുള്ള യൂണിറ്റുകൾ കൂടി സ്ഥാപിച്ചാൽമതി. അതിലൂടെയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാം. ഉള്ള തൊഴിൽകൂടി നഷ്ടപ്പെടുത്തി ആളുകളെ ദുരിതത്തിലാക്കുന്ന നടപടിയാണ് ഫ്‌ളെക്‌സിന്റെ സമ്പൂർണ നിരോധനം.