കെ.എം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ് എം പിടിച്ചെടുക്കുവാനും പാലാ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനും കോണ്‍ഗ്രസ് സഹായിച്ചു; ജോസഫിന്റെ വിവാദ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കുമ്പോള്‍

കെ.എം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ് എം പിടിച്ചെടുക്കുവാനും പാലാ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനും കോണ്‍ഗ്രസ് സഹായിച്ചു; ജോസഫിന്റെ വിവാദ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കുമ്പോള്‍

സ്വന്തം ലേഖകന്‍

കോട്ടയം: കെ.എം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ് എം പിടിച്ചെടുക്കുവാനും പാലാ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനും കോണ്‍ഗ്രസ് സഹായിച്ചുവെന്ന ജോസഫിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. ഇതില്‍ ഒന്നാമത്തേത് ഉപതെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് നേതാക്കള്‍ ആരും തന്നോട് രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കണം എന്ന് ആവശ്യപ്പെട്ടില്ല എന്നാണ് ഒരു വെളിപ്പെടുത്തല്‍.
രണ്ട് പാലാ ഉപതെരഞ്ഞെടുപ്പില്‍ തന്റെയും കോണ്‍ഗ്രസിലെ പ്രബലമായ ഒരു വിഭാഗത്തിന്റെയും പിന്തുണ മാണി സി കാപ്പന് ആയിരുന്നു എന്നതാണ്.

കേരള കോണ്‍ഗ്രസ് എം ഇല്ലാതാക്കി ജോസ് കെ മാണിയെ ഈ പരാജയം വഴി സംഘടനാപരമായും മാനസികമായും തകര്‍ക്കുക. ശേഷം പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി എം എന്നത് ജെ ആക്കി മാറ്റാനും പരിശ്രമിച്ചു എന്ന് ജോസഫിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമായിരിക്കുകയാണ്. പാലാ ഉപതെരഞ്ഞെടുപ്പ് സമയത്തും ശേഷവും ജോസ് കെ മാണി യുഡിഎഫ് നേതാക്കളെ കണ്ടു പരാതി സമര്‍പ്പിച്ചെങ്കിലും ജോസഫിനെതിരെ ഒരു വാക്ക് പോലും പറയുവാനോ ജോസഫിനെ നിയന്ത്രിക്കുവാനോ ആരും തയ്യാറായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസവും കാപ്പന്‍ തന്നെ വന്നുകണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള താല്പര്യം അറിയിച്ചു എന്ന ജോസഫിന്റെ വെളിപ്പെടുത്തലോടെ കാപ്പനും വെട്ടിലായിരിക്കുകയാണ്. സ്വന്തം പാര്‍ട്ടിക്കും വ്യക്തിപരമായി തനിക്കും ആയിരം വോട്ട് തികച്ചില്ലാത്ത പാലാ നിയമസഭാ മണ്ഡലത്തില്‍ വിജയിക്കുവാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന്റെ ഒരു വിഭാഗത്തിന്റേയും ജോസഫിന്റേയും ജോര്‍ജിന്റേയും മുന്നണിക്ക് പുറത്തുള്ള സഹായം മൂലമാണെന്ന് കാപ്പന് അറിയാം. കാപ്പന്റെ നിലപാടിനെതിരെ സിപിഎം അടക്കമുള്ള ഇടതുമുന്നണിയിലെ നേതാക്കളും അണികളും കടുത്ത പ്രതിഷേധത്തിലാണ്.

പാലാ എംഎല്‍എ എന്ന നിലയില്‍ കാപ്പന്റെ പ്രവര്‍ത്തനം ആവറേജ് ലും താഴെയാണ്. യശശരീരനായ കെ എം മാണി കൊണ്ടുവന്ന വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക എന്നതില്‍ കവിഞ്ഞ് സ്വന്തംനിലയ്ക്ക് പുതിയ പദ്ധതി കൊണ്ടുവരുവാനോ തുടര്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാനോ കഴിയാത്തത് പാലായിലെ നല്ലൊരു വിഭാഗം ജനങ്ങളെ കാപ്പന് എതിരാക്കി തീര്‍ത്തിട്ടുണ്ട്. കൂടാതെ മണ്ഡലത്തിലെ ഒരു പരിപാടിക്കും ഉച്ച കഴിഞ്ഞാല്‍ കാപ്പനെ കാണാന്‍ കിട്ടുന്നില്ല എന്നത് പരസ്യമായ രഹസ്യമാണ്.

അര എംഎല്‍എ എന്നാണ് ജനങ്ങള്‍ ഇപ്പോള്‍ വിളിക്കുന്നത്.പാലാ സീറ്റ് ലഭിച്ചില്ലെങ്കിലും മുന്നണിയില്‍ തുടരുമെന്നാണ് എന്‍സിപി നേതൃത്വം ഇന്നലെ അവകാശപ്പെട്ടത്. പാലാ സീറ്റിനേക്കാള്‍ ഉപരി കാപ്പനെ ഭരിക്കുന്നത് അന്ധമായ മാണി വിരോധമാണ്.

പിജെ ജോസഫും പി സി ജോര്‍ജും ഇക്കാര്യത്തില്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. പി സി ജോര്‍ജിന്റെ അന്ധമായ പാലാ വിരോധം വിശ്വപ്രസിദ്ധമാണ്.
പാലായിലെ വികസനപദ്ധതികള്‍ക്ക് തുരങ്കം വെക്കുക എന്നുള്ളത് ജോര്‍ജിന്റെ പണ്ടേയുള്ള ഒരു ശീലമാണ്.മീനച്ചില്‍ നദീ തടപദ്ധതിക്കെതിരേയും പാലാ റവന്യൂ ടവര്‍ അടക്കമുള്ള വികസന പദ്ധതികള്‍ ക്കെതിരെ മുന്‍പ് നടത്തിയ സമരങ്ങളും ചൂണ്ടച്ചേരി എന്‍ജിനീയറിങ് കോളേജിനെതിരെയുണ്ടായ പ്രതിഷേധവും ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ ഏറെക്കുറെ നിഷ്‌ക്രിയനായിരുന്നു കാപ്പന്‍. തലപ്പലം തിടനാട് മൂന്നിലവ് , പ്രദേശങ്ങളില്‍ കാപ്പന്‍ യുഡിഎഫിനും ജനപക്ഷത്തിനും വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. എന്തിന് പാലാ മുനിസിപ്പാലിറ്റിയില്‍ ലഭിച്ച സീറ്റില്‍ പോലും എതിര്‍ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് എന്‍സിപിയുടെ കൗണ്‍സിലര്‍ വിജയിച്ച ശേഷം സിപിഎമ്മില്‍ ചേര്‍ന്നത്

. യുഡിഎഫ് നേതാക്കള്‍ പാലാ ഉപതിരഞ്ഞെടുപ്പ് സമയത്ത് ജോസ് കെ മാണിക്ക് നല്‍കിയ ഉറപ്പാണോ അല്ലെങ്കില്‍ ഇപ്പോള്‍ ജോസഫ് പറയുന്നതുപോലെ തന്നോട് ഒരു യുഡിഎഫ് നേതാവും ചിഹ്നം നല്‍കാന്‍ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞതോ. ഇതില്‍ ഏതാണ് സത്യം വെളിപ്പെടുത്തേണ്ടത് കോണ്‍ഗ്രസ് നേതാക്കളാണ്.
അല്ലെങ്കില്‍ ജോസഫും കോണ്‍ഗ്രസും കൂടി കേരള കോണ്‍ഗ്രസ് എമ്മിനെ വഞ്ചിക്കുകയായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തും.

പി.ജെ ജോസഫ് എന്നും കലഹപ്രിയന്‍ ആയ കേരള കോണ്‍ഗ്രസുകാരന്‍ ആയിരുന്നുവെന്ന് അദ്ദേഹത്തോടൊപ്പം ഒപ്പം വര്‍ഷങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായ അഗസ്റ്റിന്‍ വട്ടക്കുന്നേല്‍ പറഞ്ഞത് ഒരര്‍ത്ഥത്തില്‍ ശരിയാണ്
കേരള കോണ്‍ഗ്രസ് എം, ജേക്കബ് ഗ്രൂപ്പ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് തുടങ്ങിയ എല്ലാ കേരള കോണ്‍ഗ്രസുകളേയും ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ജോസഫ് പിളര്‍ത്തി. അതുപോലെ എന്‍സിപി യേയും പിളര്‍ത്താന്‍ ആണ് പിജെ ജോസഫ് ഇപ്പോള്‍ ശ്രമിക്കുന്നത്.

കാപ്പനെ നിരന്തരം വിളിച്ച് നിരവധി വാഗ്ദാനങ്ങള്‍ ആണ് ഇപ്പോള്‍ ജോസഫ് നല്‍കുന്നത്. പാലാ സീറ്റ് ജോസഫ് വിഭാഗത്തിന് മത്സരിക്കാന്‍ ലഭിക്കുകയില്ല എന്ന് മനസ്സിലാക്കിയ ജോസഫിന്റെ അടുത്ത തന്ത്രമാണ് എന്‍സിപിയെ പിളര്‍ത്തി കാപ്പനെ കൂടെ കൂട്ടുക എന്നത്. ഈ നീക്കത്തിനു പിന്നിലും ഒരു വിഭാഗം കോണ്‍ഗ്രസുകാരുടെ പിന്തുണയുണ്ട്. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും ജോസഫ് പുറത്തു പോയപ്പോഴും ചില കോണ്‍ഗ്രസുകാര്‍ ആണ് ജോസഫ് പക്ഷത്ത് ആളുകളെ ചേര്‍ക്കാന്‍ വേണ്ടി ദല്ലാള്‍ പണി നടത്തിയിരുന്നത്. ഇപ്പോള്‍ കാപ്പന്റെ കാര്യത്തിലും അതുതന്നെ ആണ് നടക്കുന്നത്.

ജോസഫിന്റെ പക്ഷം പിടിച്ച് കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ നിന്നും പുറത്താക്കാന്‍ നായകത്വം വഹിച്ച കോണ്‍ഗ്രസ് നേതാവായ ജോസഫ് വാഴക്കന്‍ ഇപ്പോള്‍ ഒരു സീറ്റിനുവേണ്ടി കാലും കൈയും ഇട്ടടിക്കുകയാണ്. പാലാ സീറ്റ് വാഴക്കന് നല്‍കാതെയിരിക്കാന്‍ ആണ് ജോസഫ് കഴിഞ്ഞ ദിവസവും കാപ്പനെ വിളിച്ചു വരുത്തി പാലാ സിറ്റു വാഗ്ദാനവുമായി വീണ്ടും ചര്‍ച്ച നടത്തിയത്. മൂവാറ്റുപുഴ സീറ്റിനുവേണ്ടി ജോണി നെല്ലൂരിനേയും ഫ്രാന്‍സിസ് ജോര്‍ജിനേയും ജോസഫ് രംഗത്ത് ഇറക്കിയിരിക്കുകയാണ്. ചുരുക്കം പറഞ്ഞാല്‍ വാഴക്കന് പാലായും മൂവാറ്റുപുഴയും ലഭിക്കാതിരിക്കാനുള്ള നീക്കമാണ് ജോസഫ് നടത്തുന്നത്.

ജോസഫ് പറയുന്നത് പതിനഞ്ച് സീറ്റില്‍ മത്സരിക്കാന്‍ യോഗ്യത ഉണ്ട് എന്നാണ്. എന്നാല്‍ ഈ യോഗ്യതാ എവിടെയാണ് എന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല. ലീഗ് ഉള്‍പ്പെടെയുള്ള മറ്റു പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സീറ്റു ചോദിക്കാന്‍ അര്‍ഹതയില്ല എന്നാണ് ജോസഫ് പറയുന്നത്. ജോസഫിന്റെ മകനെ തിരുവാമ്പാടിയില്‍ മത്സരിപ്പിക്കാന്‍ താല്‍പര്യം ഉണ്ടായിരുന്നു. എന്നാല്‍ ആ സീറ്റ് വിട്ടു നല്‍കാന്‍ ലീഗ് തയ്യാറയിരുന്നില്ല. അതിനാലാണ് ലീഗിന് കൂടുതല്‍ സീറ്റു നല്‍കുന്നതിനെ ജോസഫ് എതിര്‍ക്കുന്നത്. ജോസഫ് ഇപ്പോള്‍ നേതാക്കള്‍ മാത്രമുള്ള ഒരു പാര്‍ട്ടി ആയി മാറിയിരിക്കുന്നതിന്നാന്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല.
എന്തായാലും തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അവശേഷിക്കുക അ ജോസഫ് പുറത്തുവിട്ട വിവാദം ഉടനെ എങ്ങും അവസാനിക്കില്ല. യുഡിഎഫിന് കനത്ത അത് ആഘാതമാണ് അനവസരത്തിലുള്ള ജോസഫിന് പ്രസ്താവനകള്‍. അണികള്‍ ഉള്ള ജോസ് കെ മാണിയെ മുന്നണിയില്‍ നിന്നും പുറത്താക്കി ജോസഫിനെ താലോലിച്ച കോണ്‍ഗ്രസ് തലവേദന ക്ഷണിച്ചു വരുത്തിയത് അവര്‍ക്കുള്ളില്‍ തന്നെ ഭിന്നാഭിപ്രായം സൃഷ്ടിച്ചിട്ടുണ്ട്.