തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിനിൽക്കെ സി.പി.എമ്മിൽ വിഭാഗീയത രൂക്ഷമാകുന്നു…! ഒരു സീറ്റും കൊടുത്ത് ഒതുക്കരുത്, അദ്ദേഹത്തെ പാർട്ടി സംസ്ഥാന സെക്രട്ടറിയാക്കി കള്ളന്മാരിൽ നിന്നും പാർട്ടിയെ രക്ഷിക്കൂ ; ജയരാജിന് വേണ്ടി ഉയരുന്നത് പത്ത് വർഷം മുൻപ് വി.എസിന് സീറ്റ് നിഷേധിച്ചപ്പോൾ ഉണ്ടായതിനെക്കാൾ വലിയ പ്രതിഷേധം

തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിനിൽക്കെ സി.പി.എമ്മിൽ വിഭാഗീയത രൂക്ഷമാകുന്നു…! ഒരു സീറ്റും കൊടുത്ത് ഒതുക്കരുത്, അദ്ദേഹത്തെ പാർട്ടി സംസ്ഥാന സെക്രട്ടറിയാക്കി കള്ളന്മാരിൽ നിന്നും പാർട്ടിയെ രക്ഷിക്കൂ ; ജയരാജിന് വേണ്ടി ഉയരുന്നത് പത്ത് വർഷം മുൻപ് വി.എസിന് സീറ്റ് നിഷേധിച്ചപ്പോൾ ഉണ്ടായതിനെക്കാൾ വലിയ പ്രതിഷേധം

സ്വന്തം ലേഖകൻ

കണ്ണൂർ : തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിനിൽക്കെ സ്വർണ്ണക്കടത്ത് ഉൾപ്പടെയുള്ള വിവാദങ്ങളിൽപ്പെട്ട് കലങ്ങി മറിയുകയാണ് സി.പി.എം. ഇതിനിടയിലാണ് കണ്ണൂരിൽ സിപിഎമ്മിനുള്ളിൽ തന്നെ വിഭാഗീയത രൂക്ഷമാകുന്നത്.

പി.ജയരാജന് സിപിഎം സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് എം. ധീരജ് കുമാർ രാജിവെച്ചു. കണ്ണൂരിൽ ഏറ്റവും ജനകീയനായ നേതാവിനെ പാർട്ടി തന്നെ ഒതുക്കുന്ന കാഴ്ചയാണ് കാണുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാൻ കഴിയാത്തതിനാലാണ് രാജിയെന്ന് ധീരജ് കുമാർ പറഞ്ഞു. പത്തുകൊല്ലം മുൻപ് വി എസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോൾ ഉയർന്ന സമാനമായ പ്രതിഷേധമാണ് ഇക്കുറി ജയരാജിന് വേണ്ടിയും ഉയരുന്നത്. ഇതിന്റെ ഭാഗമായാണ് ധീരജിന്റെ രാജി എന്നാണ് വിലയിരുത്തൽ.

പി.ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണ്. രാജിയിൽ പി.ജയരാജന് പങ്കില്ല. സ്വന്തം തീരുമാനമാണ്. പാർട്ടി അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നില്ലെന്ന് പാർട്ടി പള്ളിക്കുന്ന് ബ്രാഞ്ച് അംഗം കൂടിയായ ധീരജ് പറഞ്ഞു. 2014 ലാണ് ബിജെപി ആർഎസ്എസ് ബന്ധം ഉപേക്ഷിച്ച് ധീരജ് സിപിഎമ്മിൽ എത്തിയത്. കണ്ണൂർ തളാപ്പ് അമ്പാടിമുക്കിൽ ധീരജിന്റെ നേതൃത്വത്തിൽ സിപിഎമ്മിലേക്ക് എത്തിയത് 50ലേറെ പ്രവർത്തകരാണ്.

ധീരജിനെയും സംഘത്തെയും സിപിഎമ്മുമായി അടുപ്പിച്ചത് അന്ന് പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനാണ്. പി.ജയരാജനുമായി അടുത്തബന്ധം സൂക്ഷിക്കുന്ന ധീരജ് പി.ജയരാജന്റെ പിന്തുണയിലാണ് കണ്ണൂർ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റായത്. ജയരാജന് സ്ഥാനമോഹങ്ങളൊന്നുമില്ല. അതുകൊണ്ട് തനിക്കും വേണ്ടെന്നാണ് ധീരജിന്റെ നിലപാട്

ഒരു തിരുവോണനാളിൽ അകത്തളത്തിൽ ഇരച്ചുകയറിയവർ, ഒരിലച്ചീന്തിനു മുന്നിൽ ഒരുപിടി ഓണസദ്യക്ക് പോലും ഇടകൊടുക്കാതെ അരിഞ്ഞു വീഴ്ത്തിയപ്പോൾ അവിടെനിന്ന് ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് ഞങ്ങളെ പൊരുതാൻ പഠിപ്പിച്ച ധീരസഖാവേ… ഞങ്ങൾ പിടിച്ചിരിക്കുന്ന ഈ ചെങ്കൊടിക്കുള്ളിൽ അങ്ങയുടെ രക്തവും അങ്ങയുടെ ഒരുകയ്യിൻ ജീവനുമുണ്ട്.. അതുകൊണ്ട് തന്നെ ഞങ്ങളുടെ കണ്ണും കരളും ജീവനും താങ്കളോട് ഐക്യപെടുന്നു..ഇതാണ് ഇന്ന് പിജെ ആർമി ഗ്രൂപ്പിൽ എത്തിയ മറ്റൊരു കുറിപ്പ്.

ജി.സുധാകരനേയും ഐസക്കിനേയും പി.ജയരാജനേയും രവീന്ദ്രനാഥിനേയും പോലുള്ള ജനകീയരെ മാറ്റി ബിന്ദുവിനും ജമീലയ്ക്കും സീറ്റ്… പറയുന്ന കാരണം എൽ.ഡി.എഫിന് തുടർഭരണം വേണമത്രെ…. അടിപൊളി !ഇങ്ങനെ കളിയാക്കലും എത്തുന്നു. ഒരു സീറ്റും കൊടുക്കരുത് സീറ്റ് കൊടുത്ത് അദ്ദേഹത്തെ ഒതുക്കരുത് അദ്ദേഹത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി ആക്കി പാർട്ടിയെ കള്ളന്മാരിൽ നിന്നും രക്ഷിക്കു എന്നാണ് ഗ്രൂപ്പിൽ എത്തിയ മറ്റൊരു കമന്റ്.

ഇതിന് പുറമെ കണ്ണൂരിൽ സിപിഎമ്മിനുള്ളിൽ തന്നെ വിഭാഗീയത രൂക്ഷമാകുന്നതിന്റെ സൂചന നേതാക്കളുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്. പി. ജയരാജന്റെ നിലപാടുകളും സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളും വിഭിന്നമാകുന്നതും ദൃശ്യം. കണ്ണൂരിൽ സംഘർഷം അവസാനിപ്പിക്കാൻ ശ്രീ എമ്മിന്റെ നേതൃത്വത്തിലെ ചർച്ച തുറന്നു പറഞ്ഞത് ജയരാജനായിരുന്നു.