പ്രാർത്ഥനാ ഹാളിന് വാടക നൽകാൻ പണമില്ല ; വാടക കൊടുക്കാൻ മധുരൈയിൽ ബൈക്ക് മോഷണം പതിവാക്കിയ പാസ്റ്റർ അറസ്റ്റിൽ ; പാസ്റ്ററിൽ നിന്നും പിടികൂടിയത് ഒരു ഡസനോളം ബൈക്കുകൾ

പ്രാർത്ഥനാ ഹാളിന് വാടക നൽകാൻ പണമില്ല ; വാടക കൊടുക്കാൻ മധുരൈയിൽ ബൈക്ക് മോഷണം പതിവാക്കിയ പാസ്റ്റർ അറസ്റ്റിൽ ; പാസ്റ്ററിൽ നിന്നും പിടികൂടിയത് ഒരു ഡസനോളം ബൈക്കുകൾ

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: പ്രാർഥനാ ഹാളിന് വാടക കൊടുക്കാൻ പണമില്ലാതായതോടെ മോഷണം പതിവാക്കിയ പാസ്റ്റർ പിടിയിൽ. മധുരയ്ക്കടുത്തുള്ള തണക്കംകുളത്ത്് സുവിശേഷ പ്രവർത്തനം നടത്തിയിരുന്ന വിജയൻ സാമുവൽ (35) ആണ് പൊലീസ് പിടിയിലായത്.

തേനി സ്വദേശിയായ ഇയാൾ കഴിഞ്ഞ രണ്ടുവർഷമായി പതിനായിരം രൂപ മാസ വാടകയ്ക്ക് ഹാൾ എടുത്ത് പ്രവർത്തിച്ചു വരികയായിരുന്നു. എന്നാൽ കൊറോണ വൈറസ് വ്യാപനംമൂലം സംഭാവനകളിൽ നിന്നുള്ള വരുമാനം നിലച്ചതോടെയാണ് വാഹന മോഷണ രംഗത്തേക്ക് കടന്ന് വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറസ് വ്യാപനത്തോടെ ഏതാനും ആഴ്ചകളായി പ്രാർഥനാ പ്രവർത്തനം നിലച്ചിരുന്നെങ്കിലും പറഞ്ഞുറപ്പിച്ച വാടക കൊടുക്കാതെ തരമില്ലെന്ന സ്ഥിതി വന്നതോടെയാണ് മറ്റുള്ളവരെ ദൈവത്തിന്റെ പാത കാട്ടാൻ നേതൃത്വം കൊടുത്തിരുന്ന ബൈക്ക് മോഷ്ടിക്കാൻ നിർബന്ധിതനായത്.

മോഷ്ടിച്ച വാഹനങ്ങളുടെ പേപ്പറുകൾ കോപ്പിയെടുത്തിട്ട് അവയെ പണയം വയ്ക്കുകയായിരുന്നു ഇയാളുടെ രീതി. ഇപ്രകാരം മൂന്നു ബൈക്കുകൾ സ്വന്തം കുടുംബാംഗങ്ങൾക്കും, വേറെ രണ്ടെണ്ണം ഇയാളുടെ പ്രാർഥനാ മീറ്റിങ്ങുകളിൽ പങ്കെടുത്തവർക്കും ആണ് കൊടുത്തത്.

ഇത്തരത്തിൽ മോഷ്ടിച്ച ഒരു ബൈക്ക് റിപ്പയർ ജോലിക്കായി മെക്കാനിക്കിന്റെ അടുക്കൽ എത്തിച്ചപ്പോഴാണ് പാസ്റ്ററിന്റെ മോഷണ വിവരം പുറംലോകം അറിയുന്നത്.

തന്റെ ഒരു ഇടപാടുകാരന്റെ ആയിടെ മോഷണം പോയ ബൈക്ക് തന്നെയല്ലേ ഇതെന്ന് മെക്കാനിക്കിന് സംശയം ഉണരുകയും അദ്ദേഹം യഥാർത്ഥ ഉടമയെ അറിയിച്ച് വിളിച്ചു വരുത്തുകയായിരുന്നു.

വാഹനം തിരിച്ചറിഞ്ഞതിനെ തുടർന്നു യഥാർത്ഥ ഉടമസ്ഥൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.നന്നാക്കാൻ എത്തിച്ച ബൈക്ക് തിരികെ എടുക്കാൻ എത്തിയ വിജയൻ സാമുവലിനെ പൊലീസ് പിടികൂടുകയായിരുന്നു. പൊലീസ് പിടികൂടിയ ഇയാളിൽ നിന്നും ഒരു ഡസനോളം ബൈക്കുകൾ കണ്ടെടുത്തു.