അമലിന്റെ കരളും വൃക്കയും കണ്ണുകളും ഇനിയും ജീവിക്കും ; അവയവദാനത്തിലൂടെ നാലുപേർക്ക് പുതു ജീവനേകി പതിനേഴുകാരൻ

അമലിന്റെ കരളും വൃക്കയും കണ്ണുകളും ഇനിയും ജീവിക്കും ; അവയവദാനത്തിലൂടെ നാലുപേർക്ക് പുതു ജീവനേകി പതിനേഴുകാരൻ

Spread the love

കൊച്ചി : അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവനേകി അമൽ കൃഷ്ണ (17) യാത്രയായി. തൃശൂർ വല്ലച്ചിറ സ്വദേശിയായ വിനോദിന്റെയും മിനിയുടെയും ഏക മകനായ അമലിനെ നവംബർ 17നാണ് തലവേദനയെയും ഛർദിയെയും തുടർന്ന് തൃശൂരിലെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് സ്ട്രോക് സംഭവിക്കുകയും അവിടെ നിന്ന് ഗുരുതരാവസ്ഥയിൽ 22ന് പുലർചെ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ എത്തിക്കുകയും ചെയ്തു.

സ്ട്രോകിനെ തുടർന്ന് തലച്ചോറിന്റെ ഇടത്തെ ഭാഗത്തെ പ്രവർത്തനം നിലച്ച നിലയിലാണ് അസ്റ്റർ മെഡ്സിറ്റിയിൽ എത്തിച്ചത്. ഇതേ തുടർന്ന് 25ന് രാവിലെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയും ചെയ്തു. ആസ്റ്റർ മെഡ്സിറ്റി പീഡിയാട്രിക് ഐസിയു കൺസൾടന്റ് ഡോ. ആകാൻ ജെയിൻ, പീഡിയാട്രിക് ന്യൂറോളജി വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. ഡേവിഡ്സൺ ദേവസ്യ എന്നിവർ മാതാപിതാക്കളും ബന്ധുക്കളുമായി അവയവദാനത്തിന്റെ മഹത്വത്തെ കുറിച്ച് സംസാരിച്ചു.

തുടർന്ന് അമലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തയ്യാറായതോടെ മറ്റ് നടപടികൾ പൂർത്തിയാക്കി. അമലിന്റെ കരൾ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ തന്നെ ചികിത്സിയിൽ കഴിയുന്ന കോലഞ്ചേരി സ്വദേശിയായ 66കാരനിലും, ഒരു വൃക്ക എറണാകുളം സ്വദേശിയായ 55 വയസുള്ള സ്ത്രീയിലുമാണ് മാറ്റിവച്ചത്. മറ്റൊരു വൃക്ക കോട്ടയം ഗവൺമെന്റ് മെഡികൽ കോളജിലേയ്ക്കും, നേത്ര പടലം ഗിരിദർ ഐ ഹോസ്പിറ്റലിലേയ്ക്കുമാണ് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടപടിക്രമങ്ങൾക്ക് ശേഷം 26ന് രാവിലെ മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുനൽകി. ചേർപ്പ് ഹയർ സെകൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയായിരുന്നു അമൽ. അമലിന്റെ കരളും, വൃക്കയും, കണ്ണുകളും നാലുപേരിലൂടെ ഇനിയും ജീവിക്കും. മകൻ നഷ്ടപ്പെട്ട വേദനയിലും മരണാനന്തര അവയവ ദാനത്തിന്റെ നല്ല സന്ദേശകരാവുകയാണ് മാതാപിതാക്കൾ.

ആസ്റ്റർ മെഡ്സിറ്റി ഇന്റഗ്രേറ്റഡ് ലിവർ കെയർ വിഭാഗം സീനിയർ കൺസൾടന്റ് ഡോ. മാത്യൂ ജേകബും സംഘവും, യൂറോളജി വിഭാഗം സീനിയർ കൺസൾടന്റ് ഡോ. കിഷോർ ടി എയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് അവയവ ദാന ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത്.