നായകനായും സ്വഭാവനടനായും പ്രതിനായകനായും മലയാളസിനിമയിൽ നിറഞ്ഞാടിയ നെടുമുടി വേണു ഓർമ്മയാകുമ്പോൾ…

നായകനായും സ്വഭാവനടനായും പ്രതിനായകനായും മലയാളസിനിമയിൽ നിറഞ്ഞാടിയ നെടുമുടി വേണു ഓർമ്മയാകുമ്പോൾ…

Spread the love

സ്വന്തം ലേഖകൻ

മലയാള സിനിമയിൽ വൈവിധ്യങ്ങളായ കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ അവതരിപ്പിച്ച് തന്റെ കയ്യൊപ്പ് ചാർത്തിയ പ്രതിഭാധനനാണ് കേശവൻ വേണുഗോപാൽ എന്ന നെടുമുടി വേണു. നായകനായും സഹനടനായും വില്ലനായും വേണു തകർത്താടിയ വേഷങ്ങൾ നിരവധിയാണ്. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലധികം സിനിമയിൽ അഭിനയിച്ചു അദ്ദേഹം. മലയാളിയെ പല പല വികാരവിക്ഷോഭങ്ങളിലൂടെ കടത്തിക്കൊണ്ടുപോയി കഥാപാത്രങ്ങൾ. അഭിനയിക്കുകയായിരുന്നില്ല അദ്ദേഹം, ജീവിക്കുകയായിരുന്നു.

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്കൂൾ അധ്യാപകനായിരുന്ന പി.കെ. കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയവനായി 1948 മെയ് 22 നാണ് വേണു ജനിക്കുന്നത്. പിന്നീട് നെടുമുടിയെ അദ്ദേഹം തന്റെ പേരിനൊപ്പം കൂട്ടി. ആലപ്പുഴയിലെ എസ.ഡി. കോളേജിലെ വിദ്യാഭ്യാസത്തിനുശേഷം മാധ്യമപ്രവർത്തകനായ ജീവിതം തുടങ്ങിയ അദ്ദേഹത്തെ അരങ്ങിലേക്ക് കൈ പിടിച്ചുയർത്തുന്നത് നാടക കുലപതി കാവാലം നാരായണപ്പണിക്കരാണ്. അദ്ദേഹത്തിന്റെ ഒട്ടേറെ നാടകങ്ങളിൽ വേഷമിട്ട വേണു അഭിനയത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ടത് ആ കളരിയിൽ നിന്നായിരുന്നു. കാവാലം നാരായണപ്പണിക്കർ രചിച്ച ‘ ആലായാൽ തറ വേണം’ എന്ന് തുടങ്ങുന്ന കവിത വേണുവിന്റെ ശബ്ദത്തിൽ നാം ഏറെ കേട്ടിട്ടുണ്ട്. സമർത്ഥനായ ഒരു മൃദംഗം കലാകാരൻ കൂടിയാണ് അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാടകത്തിൽ അഭിനയജീവിതം ആരംഭിച്ച നെടുമുടി വേണുവിന്റെ സിനിമാജീവിതം ആരംഭിക്കുന്നത് 1978 ലാണ്. അരവിന്ദൻ സംവിധാനം ചെയ്ത ‘തമ്പ്’ ആണ് ആദ്യ ചിത്രം. പിന്നീട് ഭരതൻ ചിത്രങ്ങളായ ആരവം, തകര തുടങ്ങിയ ചിത്രങ്ങൾ. ഈ സിനിമകളിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നെ വേണുവിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എൺപതുകളിൽ തുടങ്ങിയ ചലച്ചിത്ര തേരോട്ടം അദ്ദേഹം കാലങ്ങളോളം തുടർന്നു. പ്രതിഭാധനരായ അനവധി ചലച്ചിത്രകാരന്മാരോടൊപ്പം പ്രവർത്തിച്ചത് അദ്ദേഹത്തിന്റെ അഭിനയ ചാരുതയെ കൂടുതൽ കൂടുതൽ മിഴിവുറ്റതാക്കി. കെ.ജി. ജോർജ്, ഭരതൻ, പത്മരാജൻ, അരവിന്ദൻ, എം.ടി. വാസുദേവൻ നായർ, ഐ.വി. ശശി, പ്രിയദർശൻ, ഫാസിൽ, സത്യൻ അന്തിക്കാട് തുടങ്ങി ആഷിഖ് അബു, അനിൽ രാധാകൃഷ്ണ മേനോൻ, മാർട്ടിൻ പ്രക്കാട്ട് തുടങ്ങിയവരുടെ വരെ ചിത്രങ്ങളിൽ അദ്ദേഹം നിറഞ്ഞാടി. ഇരുത്തം വന്ന നടനെ ഈ സിനിമകളിലൊക്കെ നമ്മൾ കണ്ടു.

നെടുമുടി വേണു തകർത്താടിയ കാലഘട്ടങ്ങളായിരുന്നു എൺപതുകളും തൊണ്ണൂറുകളും. നായകനെയും സ്വഭാവനടനെയും പ്രതിനായകനെയും അദ്ദേഹം അതിന്റെ പരിപൂർണതയിൽ അവതരിപ്പിച്ചു. അഭിനയ വൈദഗ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും വേണുവിന്റെ കഥാപാത്രങ്ങൾക്ക് കരുത്തേകി. സഹനടനായി തിളങ്ങിയ അദ്ദേഹത്തിന്റെ പ്രിയദർശനൊപ്പമുള്ള ചിത്രങ്ങളായ ചിത്രവും തേന്മാവിൻ കൊമ്പത്തുമൊന്നും മലയാളി ഒരുക്കാലവും മറക്കില്ല. 2015 ൽ പുറത്തിറങ്ങിയ ചാർളി എന്ന ചിത്രത്തിൽ ചെറിയ റോളിൽ വന്ന് അദ്ദേഹം നടത്തിയ പ്രകടനം അദ്ദേഹത്തിന്റെ അഭിനയത്തിന്റെ തഴക്കം വെളിപ്പെടുത്തുന്നതാണ്. ‘കാത്തിരിപ്പിന്റെ ഒരു സുഖം’ എന്ന് തുടങ്ങുന്ന സംഭാഷണം മാത്രം അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത് ശ്രദ്ധിച്ചാൽ പ്രേക്ഷക ഹൃദയങ്ങളിലേക്ക് വികാരത്തെ സന്നിവേശിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് നമുക്ക് മനസിലാകും. അദ്ദേഹത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ചിത്രത്തിലും അനായാസം അദ്ദേഹം കാഴ്ചവെക്കുന്ന അഭിനയപ്രകടനം കാണാം.

അദ്ദേഹത്തിന്റെ അഭിനയ പ്രകടനങ്ങൾ രണ്ട് ദേശീയ അവാർഡിനും ആറ് സംസ്ഥാന അവാർഡിനും വേണുവിനെ അർഹനാക്കി. സ്വരത്തെ വികാരങ്ങൾക്ക് അനുസരിച്ചുപയോഗിക്കുന്ന അദ്ദേഹത്തിന്റെ വൈദഗ്ദ്യം കഥപറച്ചിലിനുള്ള ദേശീയ അവാർഡിനും അദ്ദേഹത്തെ യോഗ്യനാക്കി. അഭിനയത്തിന് പുറമെ കാറ്റത്തെ കിളിക്കൂട്, തീർത്ഥം, അങ്ങനെ ഒരു അവധിക്കാലത്ത്, രസം തുടങ്ങിയ ചിത്രങ്ങളുടെ രചനകളിലും അദ്ദേഹം പങ്കാളിയായി.

രചനക്ക് പുറമെ സംവിധാനവും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. സക്കറിയയുടെ രചനയിൽ ‘കൈരളി വിലാസം ലോഡ്ജ്’ എന്ന 13 എപ്പിസോഡുകളുള്ള സിറ്റ് കോം സീരീസ് ദൂരദർശനുവേണ്ടി അദ്ദേഹം സംവിധാനം ചെയ്തു. ഇത് കൂടാതെ ‘പൂരം’ എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1989 ൽ പുറത്തിറങ്ങിയ ഈ ചിത്രം നടി മാതുവിനെ മലയാളത്തിൽ അവതരിപ്പിച്ച ചിത്രവുമാണ്. ഭാരതപ്പുഴയിലെ മണൽത്തിട്ടയിൽ തമ്പടിച്ച ഒരു തനതു നാടകത്തമ്പിലെ ജീവിതവും പ്രണയവുമാണ് ചിത്രം പറഞ്ഞത്. എങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല.

മലയാള സിനിമകൂടാതെ തമിഴിൽ ഇന്ത്യൻ, അന്യൻ, സർവം താള മയം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇങ്ങനെ സിനിമയുടെ പല മേഖലകളിൽ കയ്യൊപ്പ് ചാർത്തിയ സർവോപരി കഥാപാത്രങ്ങളെ അഭിനയ സാധ്യതകളിലൂടെ പകർന്നാടിയ മലയാളത്തിന്റെ സ്വന്തം നടന്, നെടുമുടി വേണുവിന് ആദരാഞ്ജലികൾ.