നെടുമുടി വേണു അരങ്ങൊഴിഞ്ഞു; സാംസ്‌കാരിക രംഗത്തിന് അപരിഹാര്യമായ നഷ്ടമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മലയാളത്തിൻറെ അഭിനയപ്രതിഭ നെടുമുടി വേണുവിൻറെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്‌നേഹിച്ച നെടുമുടി വേണുവിൻറെ നിര്യാണം നമ്മുടെ സാംസ്‌കാരിക രംഗത്തിന് നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ:
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഭിനയത്തെ ഭാവാത്മകമായ തലത്തിൽ ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദക മനസ്സിൽ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗ്രഹീത നടനാണ് അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളിൽ വലിയ താൽപ്പര്യമെടുക്കുകയും നാടൻപാട്ടുകളുടെ അവതരണം മുതൽ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തു.
അദ്ദേഹം ചൊല്ലിയ നാടൻപാട്ടുകൾ ജനമനസിൽ വരും കാലത്തുമുണ്ടാകും. മലയാളത്തിന്റെ മാത്രമല്ല പല തെന്നിന്ത്യൻ ഭാഷകളിലും ആസ്വാദകരുടെ മനസ്സിൽ ആ ബഹുമുഖ പ്രതിഭ സ്ഥാനംപിടിച്ചു. തമിഴ് സിനിമാസ്വാദകരുടെ പ്രിയപ്പെട്ട പല കഥാപാത്രങ്ങളും അവതരിപ്പിക്കുന്നതിന് അദ്ദേഹത്തിന് അവസരമുണ്ടായി. സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്‌നേഹിച്ച നെടുമുടി വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്‌കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ചലച്ചിത്ര നടൻ നെടുമുടി വേണുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി സജി ചെറിയാൻ. മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കും തീരാ നഷ്ടമാണെന്നും അഞ്ഞൂറിലധികം സിനിമകളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച മഹാനായ നടനായിരുന്നു നെടുമുടിവേണു എന്നും മന്ത്രി പറഞ്ഞു.
കാവാലം നാരായണപ്പണിക്കരുടെ ഒരു പിൻഗാമിയായി തിരുവനന്തപുരത്തെത്തി നാടകരംഗത്ത് കൂടി അദ്ദേഹം മലയാള സിനിമ രംഗത്തേക്ക് കടന്നുവരികയും ഇന്ത്യൻ സിനിമയ്ക്ക് സംഭാവന ചെയ്ത അതുല്യനടൻ ആയിരുന്നു നെടുമുടി വേണു.
സാധാരണ ഒരു മനുഷ്യൻ, ഒരു അതുല്യ നടൻറെ യാതൊരു ജാഡയും ഇല്ലാത്ത പച്ചയായ മനുഷ്യൻ. പച്ചയായ മനുഷ്യൻറെ പച്ചയായ ജീവിതമായിരുന്നു അദ്ദേഹത്തിൻറെ സിനിമകളിൽ. സംസ്ഥാന ഗവൺമെൻറ് എല്ലാ അനുശോചനവും ആദരവും പ്രകടിപ്പിക്കുന്നു. സംസ്കാര ചടങ്ങിന് ഗവൺമെൻറ് മുൻകൈയെടുത്ത് നടത്തും- അദ്ദേഹം കൂട്ടി ചേർത്തു.