മോഡലിംങ്ങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് പത്തൊൻപതുകാരിയെ പീഡിപ്പിച്ച സംഭവം ; പ്രധാന ഏജന്റടക്കം രണ്ട്‌ പേർ പിടിയിൽ

മോഡലിംങ്ങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് പത്തൊൻപതുകാരിയെ പീഡിപ്പിച്ച സംഭവം ; പ്രധാന ഏജന്റടക്കം രണ്ട്‌ പേർ പിടിയിൽ

സ്വന്തം ലേഖകൻ

ചാലക്കുടി: മോഡലിംങ്ങ് രംഗത്ത് അവസരം വാഗ്ദാനം ചെയത് പെൺകുട്ടിയെ പീഡനത്തിരയാക്കുകയും മറ്റു പലർക്കും കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തിൽ പ്രധാന കണ്ണിയായ യുവാവ് അടക്കം രണ്ട് പേർ പിടിയിൽ. തൃശ്ശൂർ റൂറൽ ഡി.സി.ആർ.ബി ഡി.വൈ.എസ്‌.പി പ്രദീപ് കുമാറിന്റെയും ചാലക്കുടി ഡി.വൈ.എസ്‌.പി സി.ആർ സന്തോഷിന്റേയും നേതൃത്വത്തിൽ പിടികൂടി. കൊടുങ്ങല്ലൂർ പെരിഞ്ഞനം വില്ലേജിൽ പൊൻമാനിക്കുടം സ്വദേശി കീഴ്പ്പുള്ളി വീട്ടിൽ മോഹനന്റെ മകൻ സുഷി എന്ന സുഷിൻ (32 വയസ്) ഇരിങ്ങാലക്കുട മനവലശ്ശേരി വില്ലേജിൽ താണിശ്ശേരി സ്വദേശി പാലക്കൽ വീട്ടിൽ അനീഷ് എന്ന ജെഷിൻരാജ് (33 വയസ്) എന്നിവരാണ് പിടിയിലായത്. പിടിയിലായവരിൽ സുഷി എന്ന യുവാവ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

മുൻപ് പിടിയിലായ ചാലക്കുടി കൂടപ്പുഴ സ്വദേശിയും ഡിസ്‌കോ ജോക്കിയുമായ അപ്പു എന്ന അജിൽ വഴിയാണ് പെൺകുട്ടി സുഷിയുടെ കെണിയിൽപ്പെടുന്നത്.പിന്നീട് വാട്‌സ് ആപ്പ് പോലുള്ളവ വഴി പെൺകുട്ടിയുടെ ചിത്രങ്ങൾ പലർക്കുമയച്ച് പണം വാങ്ങി നിരവധി പേർക്ക് കാഴ്ചവയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള സ്വഷി പതിനേഴാം വയസിൽ സ്വകാര്യ ബസിലെ ക്ലീനറായും ഡോർ ചെക്കറായും പണിയെടുക്കുമ്പോഴാണ് സ്ത്രീകളുമായി സൗഹൃദമാരംഭിക്കുന്നത്.തുടർന്ന് ഇത്തരത്തിൽ പരിചയത്തിലായ ‘താത്ത ‘ എന്നറിയപ്പെടുന്ന സ്ത്രീയുമായി ചേർന്ന് പെൺവാണിഭത്തിലേക്ക് തിരിയുകയായിരുന്നു.ഇതിനിടയിൽ നിരവധി തവണ തൃശ്ശൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായി. സ്ഥിരം പോലീസിന്റെ കണ്ണിലെ കരടായതോടെ ഒരിടത്തും സ്ഥിരമായി താമസിക്കാതെയുമായി

സുഷി ‘താത്ത ‘യുമായി ച്ചേർന്ന് തുടക്കത്തിൽ തൃശൂർ ജില്ലയിൽ മാത്രമായി ആരംഭിച്ച പെൺവാണിഭം ക്രമേണ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു.ഇതിനാൽ ഈ മേഖലയിലെ അറിയപ്പെടുന്ന ദല്ലാളായി ചുരുങ്ങിയ നാൾ കൊണ്ട് ഈ യുവാവ് മാറി.

റിയൽ എസ്റ്റേറ്റ് വ്യാപാരി, കാർറെന്റ് സ്ഥാപന ഉടമ എന്നൊക്കെ പരിചയപ്പെടുത്തി മാന്യൻമാരും ഉയർന്ന സാമ്പത്തികമുള്ളവരും താമസിക്കുന്ന സ്ഥലങ്ങളിൽ വീട് വാടകയ്‌ക്കെടുത്ത് അവിടെയാണ് ഇയാൾ പെൺവാണിഭം നടത്തിയിരുന്നത്. വിദേശ മലയാളികളും മറ്റുമാണ് പ്രധാനമായും ഇയാളുടെ ഇടപാടുകാർ.ഇത്തരത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് അനീഷ് പിടിയിലായത്.

ഓൺലൈൻ സെക്‌സ് സൈറ്റിൽ തിരയുന്ന വരുടെ മൊബൈൽ നമ്പർ ശേഖരിച്ച് പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ച് നൽകി ആവശ്യക്കാരിൽ നിന്നും തുക മുൻകൂർ വാങ്ങിയാണ് ഇയാൾ ഇടപാടുകൾ നടത്തിവന്നിരുന്നത്. ഇതിനായി നിരവധി ഫോണുകളും സിം കാർ ഡുകളും ഇയാൾ ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നു. ഒരിടത്തും സ്ഥിരമായി തങ്ങാത്ത സുഷിയെ ഏറെ കഠിന പ്രയത്‌നം ചെയ്താണ് അന്വേഷണ സംഘം പിടികൂടിയത്.

പെൺകുട്ടിയെ കബളിപ്പിച്ച് പലർക്കും കാഴ്ചവച്ചവർ പൊലീസ് പിടിയിലായതറിഞ്ഞ സുഷി ആദ്യം കർണ്ണാടകത്തിലേക്ക് കടന്നുവെങ്കിലും ഏതാനും മാസങ്ങൾ കഴിഞ്ഞ് തിരിച്ചെത്തി പെരിന്തൽമണ്ണ ഭാഗത്ത് താമസിക്കുകയും വീണ്ടും ഇരിങ്ങാലക്കുടയിലും കൈപ്പമംഗലത്തുമായി ഒളിവിൽ കഴിഞ്ഞ് പെൺവാണിഭം നടത്തവേയാണ് പിടിയിലാകുന്നത്. ഇയാളുടെ നീക്കങ്ങളും മറ്റും രഹസ്യമായി നിരീക്ഷിച്ചു വന്നിരുന്ന അന്വേഷണ സംഘം കിഴുത്താണിയിലെ സുഷിയുടെ പുതിയ സങ്കേതം കണ്ടെത്തിയെങ്കിലും ഇവിടെ ഇയാൾ ഉണ്ടെന്ന് ഉറപ്പു വരുത്തിയാണ് വീട് വളഞ്ഞത്.മുൻവശത്തുകൂടി വരുന്ന പൊലീസുകാരെ കണ്ട് പിൻഭാഗത്തേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും അവിടെയും പൊലീസിനെ കണ്ട് ഉയരമുള്ള മൂന്നോളം മതിലുകൾ ചാടിക്കടന്ന് ഓടിയെങ്കിലും അന്വേഷണ സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.

സുഷിയേയും അനീഷി നേയും പിടികൂടിയ സംഘത്തിൽ ഡിവൈഎസ്പിമാരെക്കൂടാതെ എസ് ഐ പി.ഡി അനിൽകുമാർ, ക്രൈം സ്വകാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എംമൂസ, വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ്, മാള സ്റ്റേഷനിലെ എഎസ്‌ഐ തോമസ്, വനിതാ സീനിയർ സിപിഒ ഷീബ എന്നിവരാണ് ഉണ്ടായിരുന്നത്.

ചാലക്കുടിയിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ നിരവധി വിവരങ്ങൾ സുഷിയിൽ നിന്നു ലഭിച്ചതായി സൂചനയുണ്ട്. വൈദ്യ പരിശോധനയും മറ്റു നടപടികളും പൂർത്തിയാക്കി ചാലക്കുടി മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാന്റ് ചെയ്ത് ജയിലിലേക്കയച്ചു.