play-sharp-fill
അർധരാത്രി കോട്ടയം നഗരത്തിലെ വനിതാ ഹോസ്റ്റലിൽ കയറി ലാവിഷ് ഭക്ഷണം; മണിക്കൂറുകളോളം ഹോസ്റ്റലിൽ ചിലവഴിച്ച ശേഷം മൊബൈൽ മോഷണം:   ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പൊലീസിന്റെ പിടിയിൽ

അർധരാത്രി കോട്ടയം നഗരത്തിലെ വനിതാ ഹോസ്റ്റലിൽ കയറി ലാവിഷ് ഭക്ഷണം; മണിക്കൂറുകളോളം ഹോസ്റ്റലിൽ ചിലവഴിച്ച ശേഷം മൊബൈൽ മോഷണം: ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പൊലീസിന്റെ പിടിയിൽ

ജി.കെ വിവേക്

കോട്ടയം: നഗരമധ്യത്തിലെ വനിതാ ഹോസ്റ്റലിൽ അർധരാത്രി അതിക്രമിച്ചു കയറി ലാവിഷായി ഭക്ഷണം കഴിക്കുകയും, മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്ത കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ ജയ്പാൽഗുരി പുർബദുരമാരി മൊഗാൽകട്ട ഫോറസ്റ്റ് ബസ്തി മഹാവീർ റാവയുടെ മകൻ സുശീൽ റാവയെയാണ് വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സി.എം.എസ് കോളേജിനു സമീപത്തെ വനിതാ ഹോസ്റ്റലിൽ അർധരാത്രി അതിക്രമിച്ചു കയറിയ പ്രതി മോഷണം നടത്തുകയായിരുന്നു. ഹോസ്റ്റലിന്റെ മതിൽ ചാടി അകത്തു കടന്ന പ്രതി, ആദ്യം ഹാളിലേയ്ക്കും അടുക്കളയിലേയ്ക്കുമാണ് പോയത്. ഇവിടെ കയറിയ ശേഷം ഭക്ഷണം കഴിക്കുകയും, വിശ്രമിക്കുകയും ചെയ്തു. ആപ്പിളും ഫ്രിജ്ഡിൽ ഇരുന്ന ആഹാര സാധനങ്ങളും എടുത്ത് കഴിച്ച പ്രതി അരമണിക്കൂറോളം ഇവിടെ ചിലവഴിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പെൺകുട്ടികൾ കിടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിയ ശേഷമാണ് മോഷണം നടത്തിയത്. പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കുകയും, ഇവരുടെ കഴുത്തിൽ നിന്നും സ്വർണമാലകൾ മോഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. കുട്ടികൾ ഉണർന്ന് ബഹളം വച്ചതോടെ പ്രതി രക്ഷപെടുകയായിരുന്നു. ഹോസ്റ്റലിന്റെ രണ്ടാം നിലയുടെ മുകളിൽ നിന്നും ചാടിയ പ്രതി, അതിവേഗം സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടു.

ഇതേ തുടർന്നു പിറ്റേന്ന് തന്നെ ഹോസ്റ്റൽ അധികൃതർ ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് പരാതി നൽകി. തുടർന്നു ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. പ്രതി ഹോസ്റ്റൽ മുറിയിൽ കയറുന്നതും, ഇവിടെ നിന്നും ചാടി രക്ഷപെടുന്നതുമായ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഈ സിസിടിവി ക്യാമറാ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ പൊലീസ് സംഘം, പ്രതി ഏറ്റുമാനൂരിലെ മീൻകടയിൽ ജോലി ചെയ്യുന്നതായി കണ്ടെത്തി. തുടർന്ന്, മോഷണം പോയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലും ഈ ഫോൺ ഏറ്റുമാനൂർ ഭാഗത്തുണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത്, എ.എസ്.ഐ പി.എൻ മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.ജെ സജീവ്, സുദീപ്, സിവിൽ പൊലീസ് ഓഫിസർ കെ.ആർ ബൈജു എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്നും മോഷണ വസ്തുക്കൾ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.