മരട് മിഷൻ ; കായലിൽ വീണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ ഉടൻ നീക്കം ചെയ്യണം : സുപ്രീംകോടതി

മരട് മിഷൻ ; കായലിൽ വീണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ ഉടൻ നീക്കം ചെയ്യണം : സുപ്രീംകോടതി

സ്വന്തം ലേഖകൻ

കൊച്ചി: മരടിൽ തീരദേശനിയമം ലംഘിച്ച് നിർമിച്ച നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളും പൊളിച്ചതിന്റെ ഭാഗമായി കായലിൽ വീണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ ഉടൻ നീക്കണമെന്ന് സുപ്രീംകോടതി. മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കേണ്ടി വന്നത് വേദനാജനകമെന്നും തീരദേശ നിയമം ലംഘിക്കുന്നവർക്ക് ഇതൊരു പാഠമാകണമെന്നും ജസ്റ്റീസ് അരുൺ മിശ്ര പറഞ്ഞു. നഷ്ട പരിഹാരം സംബന്ധിച്ച് പരാതിയുള്ളവർ അപേക്ഷ നൽകണം. ഇതോടൊപ്പം നാലാഴ്ച്ചയ്ക്കകം കേസിൽ തുടർ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു.

മരടിൽ തീരദേശപരിപാലനനിയമം ലംഘിച്ച് നിർമിച്ച നാല് ഫ്‌ളാറ്റ് സമുച്ചയങ്ങൾ, ഹോളിഫെയ്ത്ത് എച്ച്ടുഒ, ആൽഫാ സെറീൻ ഇരട്ട ഫ്‌ളാറ്റ് സമുച്ചയങ്ങൾ, ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവ പൊളിച്ചുനീക്കണമെന്ന് 2019 മെയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ മരട് ഫ്‌ളാറ്റ് കേസിൽ കെട്ടിട നിർമ്മാതാക്കളെക്കാൾ വിധി നടപ്പാക്കുന്നതിൽ ആദ്യം മെല്ലെപ്പോയ സംസ്ഥാന സർക്കാറിനെതിരെ സൂപ്രീം കോടതി അതിരൂക്ഷ വിമർശനം നടത്തിയിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസിനെ കോടതി വിളിച്ച് വരുത്തുകയും രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.ഇതേത്തുടർന്ന് ഫ്‌ലാറ്റുകൾ എത്രയും പെട്ടെന്ന് പൊളിക്കുമെന്ന് ചീഫ് സെക്രട്ടറി തന്നെ നേരിട്ടെത്തി കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു.

ഫെബ്രുവരി ഒൻപതിനകം ഫ്‌ളാറ്റുകൾ നിന്നിരുന്ന സ്ഥലം അവശിഷ്ടങ്ങളെല്ലാം നീക്കം ചെയ്ത് പൂർവസ്ഥിതിയിലാക്കുമെന്നാണ് ചീഫ് സെക്രട്ടറി കഴിഞ്ഞ ഒക്ടോബർ 25-ാം തീയതി സുപ്രീംകോടതിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനുവരി 11,12 തീയതികളിൽ ഫ്‌ളാറ്റുകൾ പൊളിക്കാൻ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച ഹോളി ഫെയ്ത്ത് എച്ച് 2 ഒ യും ആൽഫ സെറിനുമാണ് സ്‌ഫോടനത്തിലൂടെ വിജയകരമായി തകർത്തതത്. ഇന്നലെ ഗോൾഡൻ കായലോരം ജയിൻ കോറൽ കോവുമാണ് തകർത്തത്.