play-sharp-fill
മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ?; നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമെന്ന് പറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ രംഗത്ത്; മമ്മൂട്ടിയും ഭാര്യയും വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; പൊലീസിന്റെ സമയോചിത ഇടപെടല്‍ സംഘര്‍ഷാവസ്ഥ ഒഴിവാക്കി

മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ?; നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമെന്ന് പറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ രംഗത്ത്; മമ്മൂട്ടിയും ഭാര്യയും വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; പൊലീസിന്റെ സമയോചിത ഇടപെടല്‍ സംഘര്‍ഷാവസ്ഥ ഒഴിവാക്കി

സ്വന്തം ലേഖകന്‍

കൊച്ചി: പൊന്നുരുന്നി സികെഎസ് സ്‌കൂളില്‍ ഭാര്യ സുല്‍ഫത്തിനൊപ്പം മമ്മൂട്ടി വോട്ട ചെയ്തു. മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തുന്നതിനെതിരെ തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സജിയുടെ ഭാര്യ രംഗത്തെത്തി. ഇതോടെ ബൂത്തിന് പുറത്ത് വാക്കേറ്റമുണ്ടായി. എന്നാല്‍ എറണാകുളം എ.സി.പി എ. ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സമയോചിത ഇടപെടല്‍ മൂലം വന്‍ സംഘര്‍ഷം ഒഴിവായി.

ബിജെപി സ്ഥാനാര്‍ത്ഥി സജി വോട്ട് ചെയ്യുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ചിലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വീഡിയോ പകര്‍ത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് പൊലീസ് ഇത് തടഞ്ഞു. ശേഷം സജി വോട്ട് ചെയ്ത് മടങ്ങുകയും ചെയ്തു. ഈ ബൂത്തില്‍ വോട്ട് ചെയ്യാന്‍ പതിനൊന്നരയോടെ മമ്മൂട്ടിയും ഭാര്യയും എത്തി. മാധ്യമ പ്രവര്‍ത്തകര്‍ വോട്ട് ചെയ്യുന്നത് പകര്‍ത്താനും തുടങ്ങി. ഇതിനിടെയാണ് സജിയുടെ ഭാര്യ എതിര്‍പ്പുമായി രംഗത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സജി വോട്ട് ചെയ്യാനെത്തിയപ്പോള്‍ വിഡീയോ പകര്‍ത്താന്‍ ശ്രമിച്ചത് ബിജെപിക്കാരായിരുന്നു. ബൂത്തിനുള്ളില്‍ മീഡിയാ പാസുണ്ടെങ്കില്‍ മാത്രമേ വീഡിയോ പകര്‍ത്താന്‍ കഴിയൂ എന്ന് നിയമമുണ്ട്. അതുകൊണ്ടാണ് സജിയുടെ വീഡിയോ എടുത്തത് പൊലീസ് തടഞ്ഞത്.

മമ്മൂട്ടി വന്നപ്പോള്‍ പാസുള്ള മാധ്യമ പ്രവര്‍ത്തകരാണ് വീഡിയോ എടുക്കാനെത്തിയത്. ഇതോടെയാണ് സാധാരണക്കാര്‍ക്ക് ഒരു നിയമം. മമ്മൂട്ടിക്ക് കൊമ്പുണ്ടോ എന്ന ചോദ്യവുമായി സ്ഥാനാര്‍ത്ഥിയുടെ ഭാര്യയുടെ രംഗപ്രവേശം നടത്തിയത്.

എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ ക്യൂവില്‍ നിന്ന് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് ചെയ്ത് മടങ്ങി. രാഷ്ട്രീയ പ്രതികരണങ്ങള്‍ നടത്താതിരുന്ന മമ്മൂട്ടി കോവിഡ് കാലമാണ് എല്ലാവരും സൂക്ഷിക്കണമെന്ന് മാത്രമാണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.