ലോക്ക് ഡൗൺ കാലത്ത് വ്യാജ വാറ്റിനായി വട്ടം കൂട്ടി ലോക്കിലായി: കല്ലറയിൽ രണ്ടു പേർ കോടയും വാറ്റുപകരണങ്ങളുമായി പിടിയിൽ; പതിനഞ്ചു ലിറ്റർ കോടയുമായി പിടിയിലായത് വൻ വാറ്റിനുള്ള തയ്യാറെടുപ്പിനിടെ

ലോക്ക് ഡൗൺ കാലത്ത് വ്യാജ വാറ്റിനായി വട്ടം കൂട്ടി ലോക്കിലായി: കല്ലറയിൽ രണ്ടു പേർ കോടയും വാറ്റുപകരണങ്ങളുമായി പിടിയിൽ; പതിനഞ്ചു ലിറ്റർ കോടയുമായി പിടിയിലായത് വൻ വാറ്റിനുള്ള തയ്യാറെടുപ്പിനിടെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലോക്ക് ഡൗൺ കാലത്ത് വ്യാജവാറ്റിനായി വട്ടം കൂട്ടി വേണ്ടതെല്ലാം ഒരുക്കിവച്ച രണ്ടു പേർ കടുത്തുരുത്തി പൊലീസിന്റെ പിടിയിലായി. വ്യാജചാരായം വാറ്റി വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് ഇരുവരെയും പൊലീസ് ലോക്ക് ചെയ്തത്.

വാറ്റാനുള്ള ഉപകരണങ്ങളും, പതിനഞ്ചു ലിറ്റർ കോടയും വീടിനുള്ളിൽ തയ്യാറാക്കിയായിരുന്നു വാറ്റിനുള്ള ശ്രമം. മാൻവെട്ടം മേമുറി ചിറയിൽ വീട്ടിൽ ജി.പ്രദീപ് (44), കിഴക്കേടത്ത് വീട്ടിൽ കെ.കെ വിജയൻ (49) എന്നിവരെയാണ് കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പി.കെ ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. വിജയന്റെ വീട്ടിൽ വൻ തോതിൽ വാറ്റിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതായി പൊലീസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നു ദിവസങ്ങളായി പൊലീസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച രാവിലെ പ്രതികൾ വാറ്റിനുള്ള ഒരുക്കം ആരംഭിച്ചതായി കൃത്യമായ വിവരം ലഭിച്ചത്. തുടർന്നു
എസ്.ഐ ടി.എസ് റെനീഷ്, അഡീഷണൽ എസ്.ഐ സജി, സിപിഒമാരായ എ.കെ പ്രവീൺകുമാർ, മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ വീട്ടിൽ പരിശോധന നടത്തി.

വിജയൻ വാറ്റിനുള്ള ഒരുക്കം കൂട്ടി അടുക്കളയിൽ സാധനങ്ങൾ ക്രമീകരിക്കുകയായിരുന്നു. തുടർന്നു ഇവരെ പിടികൂടിയ പൊലീസ് സംഘം വീട്ടിൽ നിന്നും പതിനഞ്ചു ലിറ്റർ കോടയും, വാറ്റാനുള്ള പാത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കൊറോണ ലോക്ക് ഡൗണിന്റെ ഭാഗമായി ബാറുകളും ബിവറേജുകളും അടച്ചു പൂട്ടിയതോടെ വലിയ തോതിലുള്ള ഓർഡറുകളാണ് ഇവർക്ക് ലഭിച്ചിരുന്നത്. ഈ ഓർഡർ നൽകിയ ആളുകൾക്കു മദ്യം നൽകുന്നതിനായാണ് ഇപ്പോൾ ഇവർ വാറ്റ് തുടങ്ങിയത് എന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. ലോക്ക് ഡൗണിനു ശേഷം ജില്ലയിൽ വലിയ തോതിലാണ് വാറ്റു പിടിച്ചിരിക്കുന്നത്.

കോട്ടയത്ത് വേളൂരിൽ നിന്നും മൂന്നു പേരും, കുമരകത്തു നിന്നും ഒരാളും വൈക്കത്തു നിന്നും മറ്റൊരാളെയും എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കല്ലറയിൽ നിന്നും വാറ്റ് പിടികൂടിയിരിക്കുന്നത്.