കൊറോണയെ പ്രതിരോധിച്ചാലും രാജ്യം നീങ്ങുന്നത് പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കോ..? ഇന്ത്യയിൽ 40 കോടി ജനങ്ങൾ ദാരിദ്ര്യത്തിലേക്ക് നീങ്ങുമെന്ന് ഐ.എൽ.ഒ റിപ്പോർട്ട്

കൊറോണയെ പ്രതിരോധിച്ചാലും രാജ്യം നീങ്ങുന്നത് പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കോ..? ഇന്ത്യയിൽ 40 കോടി ജനങ്ങൾ ദാരിദ്ര്യത്തിലേക്ക് നീങ്ങുമെന്ന് ഐ.എൽ.ഒ റിപ്പോർട്ട്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെ ഇന്ത്യ അതിജീവിക്കുമെന്നതിൽ ആർക്കും തെല്ലിടപോലും സംശയമില്ല. എന്നാൽ വൈറസ് ബാധയെ അതിജീവിച്ചാലും രാജ്യം നീങ്ങുന്നത് കടുത്ത പ്രതിസന്ധിയിലേക്ക് ആകുമെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ റിപ്പോർട്ട്.

കൊറോണ വൈറസ് ബാധ ലോകം മുഴുവൻ പടരുമ്പോൾ അത് പ്രതിസന്ധിയിലാക്കുന്നത് ആരോഗ്യ മേഖലയേയും ജനങ്ങളേയും മാത്രമല്ല. ജനങ്ങളുടെ നിലനിൽപ്പിനെ തന്നെയാണ്.ഇന്ത്യയിൽ 40 കോടി തൊഴിലാളികൾ ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നാണ് അന്താരാഷ്ട്ര തൊഴിൽസംഘടനയുടെ (ഐ.എൽ.ഒ.) റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക് ഡൗൺ പ്രാഖിപിച്ചതോടെ ഇന്ത്യ കടുത്ത ദാരിദ്രത്തിലേക്കും തൊഴിലില്ലായ്മയിലേക്കും ആണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ 90 ശതമാനവും ജോലിചെയ്യുന്ന അസംഘടിത മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇതാണ് ജനങ്ങൾക്ക് തിരിച്ചടിയാവുക.

കാവിഡിനെ അതിജീവിച്ചാലും തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്രവും ആയിരിക്കും ഇന്ത്യയിലെ ജനങ്ങളെ കാത്തിരിക്കുക എന്ന് സാരം. രാജ്യം അടച്ചിട്ടതിനെ തുടർന്ന് തൊഴിലില്ലായ്മ മൂന്നിരട്ടിയായതായി ‘സെന്റർ ഫോർ മോണിറ്ററിങ് ദ ഇന്ത്യൻ ഇക്കോണമി’യുടെ കണക്കുകളും ചൂണ്ടിക്കാട്ടുന്നു.

യു.എന്നിനു കീഴിലുള്ള ഐ.എൽ.ഒ.യുടെ റിപ്പോർട്ട് അനുസരിച്ച് ആഗോളതലത്തിൽ 19.5 കോടി മുഴുവൻസമയ ജോലികൾ ഇല്ലാതാവും. ജൂലായ് മുതലുള്ള രണ്ടാംപാദത്തിൽ ആഗോളതലത്തിൽ 6.7 ശതമാനം ജോലിസമയം ഇല്ലാതാകും. അതായത്, 19.5 കോടി മുഴുവൻ സമയ ജോലികൾ ഇല്ലാതാവും.

ഇന്ത്യയിൽ 22 ശതമാനം പേർ മാത്രമാണ് സ്ഥിരം ശമ്പളമുള്ള ജോലികൾ ചെയ്യുന്നത്. ബാക്കി 78 ശതമാനവും അസ്ഥിരവരുമാനക്കാരാണ്. മാത്രവുമല്ല, രാജ്യത്തെ 76 ശതമാനംപേരും എപ്പോൾ വേണമെങ്കിൽ നഷ്ടപ്പെടാവുന്ന തൊഴിലുകൾ ചെയ്യുന്നവരാണെന്നും ഐ.എൽ.ഒ.യുടെ റിപ്പോർട്ടിലുണ്ട്.

വൈറസ് ബാധ വികസിതരാജ്യങ്ങളെയും വികസ്വരരാജ്യങ്ങളെയും ബാധിക്കുമെന്നതിനാൽ ഒന്നിച്ചുള്ള അതിവേഗത്തിലുള്ള നടപടികൾ വേണ്ടിവരുമെന്ന് ഐ.എൽ.ഒ. ഡയറക്ടർ ജനറൽ ഗൈ റൈഡർ പറഞ്ഞു. ഒരുരാജ്യം പരാജയപ്പെട്ടാൽ അത് എല്ലാവരുടെയും പരാജയമാകും. ഇന്ത്യ, നൈജീരിയ, ബ്രസീൽ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ തൊഴിലാളികളെ പ്രതിസന്ധി ബാധിക്കാൻ പോകുന്നത്.

ആഗോളതലത്തിൽ അഞ്ചിൽ നാലുപേരുടെയും (81 ശതമാനം) തൊഴിൽസ്ഥലങ്ങൾ പൂർണമായോ ഭാഗികമായോ അടച്ചിട്ടിരിക്കുകയാണ്. ലോകത്ത് 200 കോടിയാളുകൾ അസംഘടിത (അനൗപചാരിക) മേഖലയിലാണു തൊഴിലെടുക്കുന്നത്. ഇവരാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. അറബ് മേഖലയിൽ 8.1 ശതമാനവും (50 ലക്ഷം തൊഴിലുകൾ) യൂറോപ്പിൽ 7.8 ശതമാനവും (1.2 കോടി) ഏഷ്യപസഫിക് മേഖലയിൽ 7.2 ശതമാനവും (12.5 കോടി) ജോലികൾ ഇല്ലാതാവും.

കോവിഡ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഭക്ഷ്യസേവനം, നിർമ്മാണം, ചില്ലറവിൽപ്പന, ബിസിനസ്അഡ്മിനിസ്‌ട്രേറ്റീവ് പ്രവർത്തനങ്ങൾ എന്നീ മേഖലകളെയാകുമെന്നും റിപ്പോർട്ടിലുണ്ട്. തൊഴിലില്ലായ്മ മൂന്നുമടങ്ങു വർധിച്ചതായി ‘സെന്റർ ഫോർ മോണിറ്ററിങ് ദ ഇന്ത്യൻ ഇക്കോണമി’യുടെ കണക്കുകൾ പറയുന്നു. മാർച്ച് 29ന് അവസാനിച്ച ആഴ്ചയിൽ നഗരമേഖലകളിൽ തൊഴിലില്ലായ്മ 30 ശതമാനമാണു കൂടിയത്. മാർച്ച് 22ന് അവസാനിച്ച ആഴ്ച തൊഴിലില്ലായ്മ 8.7 ശതമാനം മാത്രമായിരുന്നു.

ഏപ്രിൽ അഞ്ചിന് അവസാനിച്ച ആഴ്ചയിൽ നഗരമേഖലയിൽ 30.9 ശതമാനവും ഗ്രാമീണമേഖലയിൽ 20.2 ശതമാനവും മൊത്തത്തിൽ 23.4 ശതമാനവുമാണ് തൊഴിലില്ലായ്മ രേഖപ്പെടുത്തിയത്. അതേസമയം ലോക് ഡൗൺ പൂർണ്ണമായും പിൻവലിക്കാതെ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിച്ച് സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കാൻ ആണ് നീക്കം .

Tags :