പകൽ കാറി​ന്റെ വില ചോദിച്ച്‌ ഷോറൂമുകളില്‍ എത്തും; രാത്രിയില്‍ പൂട്ട് തകര്‍ത്ത് ഇഷ്ടപ്പെട്ട കാറുമായി മുങ്ങും; കോട്ടയത്ത്  കുപ്രസിദ്ധ കാര്‍ മോഷ്ടാവ് പിടിയിൽ

പകൽ കാറി​ന്റെ വില ചോദിച്ച്‌ ഷോറൂമുകളില്‍ എത്തും; രാത്രിയില്‍ പൂട്ട് തകര്‍ത്ത് ഇഷ്ടപ്പെട്ട കാറുമായി മുങ്ങും; കോട്ടയത്ത് കുപ്രസിദ്ധ കാര്‍ മോഷ്ടാവ് പിടിയിൽ

Spread the love

സ്വന്തം ലേഖിക

കുറവിലങ്ങാട്: കാര്‍ മോഷണ കേസിലെ പിടികിട്ടാപ്പുള്ളി ഒടുവില്‍ അറസ്റ്റില്‍.

കാണക്കാരി ജംഗ്ഷന് സമീപം എയ്ഞ്ചല്‍ യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്ന് കാര്‍ മോഷ്ടിച്ച കേസിലെ പ്രതി കരിങ്ങാച്ചിറ മാന്നുള്ളില്‍ ജോസ് (ലാലു-64) ആണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 10ന് രാത്രിയാണ് ജോസ് മോഷണം നടത്തുന്നത്. കളമശേരി ഭാഗത്ത് ടാക്സിയായി ഈ വാഹനം ഓടിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് കുറവിലങ്ങാട് പൊലീസ് കോലഞ്ചേരിയിലെ ലോഡ്ജില്‍ നിന്നും ഇയാളെ പിടികൂടുന്നത്. കാര്‍ കുറവിലങ്ങാട് സ്റ്റേഷനില്‍ എത്തിച്ചു.

നിലവില്‍ ജോസിനെതിരെ ഒട്ടേറെ മോഷണക്കേസുകളാണ് കളമശേരി, ചേരാനെല്ലൂര്‍, ഏറ്റുമാനൂര്‍ സ്റ്റേഷനുകളിലുള്ളത്.
നീണ്ടൂര്‍ സ്വദേശി പി.ടി.തോമസിന്റേതാണ് മോഷണം നടന്ന കാര്‍ ഷോറൂം.

ജനുവരി 11ന് പുലര്‍ച്ചെ 5.30ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കാണക്കാരി വഴി മടങ്ങുന്നതിനിടെ തോമസിന്റെ സഹോദരന്‍ ഫാ.സ്റ്റീഫന്‍ വമ്മിയാലിയാണ് സ്ഥാപനത്തിന് മുൻപിലെ സ്റ്റീല്‍ കമ്പികള്‍ തകര്‍ത്തത് കണ്ടത്. തുടര്‍ന്ന് വിവരം തോമസിനെ അറിയിച്ചു.

ഷോറൂമിലെത്തി പരിശോധിച്ചപ്പോളാണ് മുന്‍ഭാഗത്ത് സൂക്ഷിച്ചിരുന്ന ഏഴ് കാറുകളില്‍ ഒരെണ്ണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
ഷട്ടറിന്റെ പൂട്ട് പൊളിച്ച്‌ അകത്തുകയറി താക്കോലെടുത്ത് കാര്‍ കടത്തിയതാണെന്ന് പരിശേധനയില്‍ മനസ്സിലായി. ജനുവരി 10ന് പകല്‍സമയം ജോസ് ഷോറൂമില്‍ എത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. കാറിന്റെ വില ചോദിച്ചു മടങ്ങിപ്പോയ ഇയാള്‍ രാത്രി ഇവിടെയെത്തി മോഷണം നടത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

വൈക്കം ഡിവൈഎസ്പി ഏ.ജെ.തോമസ്,
കുറവിലങ്ങാട് എസ്‌എച്ച്‌ഒ സജീവ് ചെറിയാന്‍, എസ്‌ഐമാരായ സദാശിവന്‍, മനോജ്, എഎസ്‌ഐ സാജുലാല്‍, സിനോയ്മോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.