കോട്ടയം ജില്ലയിലെ ജിയോളജി ഓഫിസിൽ നടക്കുന്നത് വൻ കൊള്ള: വിജിലൻസ് നടത്തിയ റെയ്ഡിൽ ഒരു വർഷം വരെ പഴക്കമുള്ള 315 ഫയലുകൾ പൂഴ്ത്തിവെച്ച നിലയിൽ കണ്ടെത്തി; ജിയോളജിസ്റ്റിനു നൽകാൻ കൊണ്ടുവന്ന 5000 രൂപയും പിടിച്ചെടുത്തു; അഴിമതി പണം സൂക്ഷിക്കുന്നത് കളക്ട്രേറ്റിന് എതിർവശത്തുള്ള ബേക്കറി കേന്ദ്രീകരിച്ച്

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിലെ ജിയോളജി ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കൈക്കൂലി ലഭിക്കാത്തതിനെ തുടർന്നു ഒരു വർഷത്തോളമായി  ജിയോളജി ഓഫിസിൽ പൂഴ്ത്തി വച്ചിരുന്ന 315 ഫയലുകളും പിടിച്ചെടുത്തിട്ടുണ്ട്.

ജിയോളജി ഓഫിസർക്കു കൈക്കൂലി നൽകുന്നതിനായി, കരാറുകാരൻ കൊണ്ടു വന്ന അയ്യായിരം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

ജിയോളജി ഓഫിസിൽ വൻ അഴിമതിയാണ് നടക്കുന്നതെന്നും, ഇടനിലക്കാരാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിനു പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നു, വിജിലൻസ് സംഘം ചൊവ്വാഴ്ച രാവിലെ മുതൽ മിന്നൽ പരിശോധന നട
ത്തുകയായിരുന്നു. ഈ മിന്നൽ പരിശോധനയിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയത്.

മണ്ണ് ഖനനത്തിന് അടക്കം പെർമിറ്റ് അനുവദിക്കുന്നതിൽ വലിയ ക്രമക്കേട് നടക്കുന്നതായി കണ്ടെത്തി. പരാതികളും, അപേക്ഷകളും വച്ചു താമസിപ്പിക്കുന്നതായും, കൈക്കൂലി ലഭിച്ച ശേഷം മാത്രം ഈ പരാതികളിൽ തീർപ്പുണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് നടത്തിയ പരിശോധനയിൽ 315 ഓളം ഫയലുകൾ ഒരു വർഷത്തോളം വൈകിപ്പിച്ചതായി കണ്ടെത്തി. ഏഴു മാസം മുതൽ ഒരു വർഷം വരെ പല ഫയലുകളാണ് മുക്കിയത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിയോളജിസ്റ്റിനെ കാണുന്നതിനായി നിരവധി ആളുകൾ ക്യൂ നിൽക്കുന്നുണ്ടായിരുന്നു. ഇവരിൽ ഒരാളുടെ പക്കൽ നിന്നും ഫയൽ നമ്പർ രേഖപ്പെടുത്തിയ, കവറിൽ നിന്നും അയ്യായിരം രൂപ പിടിച്ചെടുത്തു.

ഈ തുക ജിയോളജിസ്റ്റിനു നൽകാൻ കൊണ്ടുവന്നതാണ് എന്നു കണ്ടെത്തിയതിനാൽ , തുക പിടിച്ചെടുത്തു. ഈ തുക ട്രഷറിയിൽ അടക്കും.

ജിയോളജി ഓഫിസിൽ ഏജന്റ് മുഖാന്തിരമാണ് ഇടപാടുകൾ നടക്കുന്നതെന്നു കണ്ടെത്തി. കൈക്കൂലി വാങ്ങുന്നതിനും, അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നതിനും ഏജന്റ് തന്നെയാണ് മുൻകൈ എടുത്തിരുന്നത്. സാനിറ്റൈസർ വാങ്ങാനെന്ന പേരിൽ സമീപത്തെ കളക്ട്രേറ്റിന് എതിർവശത്തുള്ള ബേക്കറിയിലേയ്ക്കു പരാതിക്കാരെ പറഞ്ഞു വിടും. തുടർന്നു, 500 രൂപ ഇവിടെ നൽകുമ്പോൾ ഈ തുക വാങ്ങി വച്ച, ശേഷം ചെറിയ പാക്കറ്റ് സാനിറ്റൈസർ നൽകും. വൈകിട്ട് ഏജന്റിന് 400 രൂപ കൈമാറുകയാണ് ബേക്കറിയുടമ ചെയ്തിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നിർദേശാനുസരണം ഇൻസ്‌പെക്ടർമാരായ കെ.ആർ മനോജ്,  സജു എസ്.ദാസ്, എ.എസ്.ഐമാരായ സ്റ്റാൻലി തോമസ് ,ബിനു ഡി, ഷാജി, സിവിൽ പൊലീസ് ഓഫിസർ അനൂപ്, വിജേഷ്, ടാക്‌സ് ഓഫിസർ അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.