അഞ്ജലിബാറിലെ കൊലപാതക ശ്രമം ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ലഹരിസംഘം; യുവാക്കളായ പ്രതികള്‍ ഗുണ്ടാ സൂര്യന്റെ പിള്ളേര്‍; മാസങ്ങള്‍ക്ക് മുന്‍പ് പൊലീസ് സ്റ്റേഷന് മുന്നില്‍ യുവാവിനെ കൊന്നുതള്ളിയ ജോമോന്‍ സൂര്യന്റെ എതിര്‍ചേരി; കൊച്ചി- ഇടുക്കി വഴി എത്തുന്ന ലഹരിയുടെ ഭൂരിഭാഗം ഉപഭോക്താക്കളും കോട്ടയത്തെ കുട്ടികള്‍; മീനച്ചിലാറും മണിമലയാറും മാത്രമല്ല, സ്റ്റാമ്പും കല്ലും ഓയിലും വരെ ഒഴുകുന്നുണ്ട് കോട്ടയത്തിന്റെ മടിത്തട്ടിലൂടെ..!

അഞ്ജലിബാറിലെ കൊലപാതക ശ്രമം ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ലഹരിസംഘം; യുവാക്കളായ പ്രതികള്‍ ഗുണ്ടാ സൂര്യന്റെ പിള്ളേര്‍; മാസങ്ങള്‍ക്ക് മുന്‍പ് പൊലീസ് സ്റ്റേഷന് മുന്നില്‍ യുവാവിനെ കൊന്നുതള്ളിയ ജോമോന്‍ സൂര്യന്റെ എതിര്‍ചേരി; കൊച്ചി- ഇടുക്കി വഴി എത്തുന്ന ലഹരിയുടെ ഭൂരിഭാഗം ഉപഭോക്താക്കളും കോട്ടയത്തെ കുട്ടികള്‍; മീനച്ചിലാറും മണിമലയാറും മാത്രമല്ല, സ്റ്റാമ്പും കല്ലും ഓയിലും വരെ ഒഴുകുന്നുണ്ട് കോട്ടയത്തിന്റെ മടിത്തട്ടിലൂടെ..!

സ്വന്തം ലേഖകന്‍

കോട്ടയം: കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയത്ത് നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ നഗരത്തിലെ ലഹരിത്തലവന്റെ സംഘാംഗങ്ങള്‍. കോട്ടയം അഞ്ജലി ബാര്‍ മാനേജരെയും ജീവനക്കാരനെയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ബിന്റോ ബേബി, സംക്രാന്തി നീലിമംഗലം ഭാഗത്ത് വച്ച് സ്വകാര്യ ബസ് കണ്ടക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ ഡോണ്‍ മാത്യു, ജസ്ലിന്‍ (ഈ സംഘത്തിലും ബിന്റോ ബേബി ഉള്‍പ്പെട്ടിരുന്നു) എന്നിവര്‍ കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ട സൂര്യന്റെ സംഘാഗങ്ങളാണ്. ഇതോടെ നഗരത്തില്‍ അരങ്ങേറുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ലഹരിയും ഗുണ്ടാപ്പകയും കൂടിയുണ്ടെന്ന് അനുമാനിക്കാം.

സൂര്യന്‍ ലഹരിക്കേസില്‍ ഉള്‍പ്പെടെ പ്രതിയായ കോട്ടയത്തെ ഗുണ്ടയാണ്. ഏതാനും മാസം മുന്‍പ് പൊലീസ് സ്റ്റേഷന് മുന്നില്‍ ജോമോന്‍ എന്ന ഗുണ്ട കൊന്നുതള്ളിയ ഷാന്‍, സൂര്യന്റെ സംഘത്തില്‍പ്പെട്ടയാളായിരുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയായിരുന്നു അന്ന് കേരളത്തെ ഞെട്ടിച്ച കൊലപാതകത്തിലേക്ക് നയിച്ചത്. സൂര്യനും പിള്ളേരും സൂര്യനുദിക്കുമ്പോള്‍ മുതല്‍ നഗരത്തില്‍ സജീവമാണ്. ക്വട്ടേഷനും ലഹരിക്കടത്തും സ്‌കൂള്‍ കുട്ടികള്‍ക്കുള്‍പ്പെടെ ലഹരി വിതരണവുമാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. കഞ്ഞിക്കുഴിയിലെ ഹോട്ടല്‍ ഹബ്‌നോബിലും അക്രമം നടത്തിയത് ഇതേ സംഘമാണ്. എല്ലാത്തിനുമുപരി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ മോഷണക്കേസും സൂര്യനും സംഘത്തിനുമെതിരെ നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്ല് എന്നറിയപ്പെടുന്ന എംഡിഎംഎ, ഓയില്‍, ഹാഷ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഹാഷിഷ് ഓയില്‍, എല്‍എസ്ഡി സ്റ്റാമ്പ് തുടങ്ങി പൊതി എന്ന് സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ പോലും അറിയപ്പെടുന്ന കഞ്ചാവ് തുടങ്ങിയവ വ്യാപകമായി ഗുണ്ടാസംഘങ്ങള്‍ കടത്തുന്നുണ്ട്. ലഹരിയുടെ ചെറുകിട കച്ചവടക്കാരും ഉപഭോക്താക്കളും സംഘത്തിനോടുള്ള ആരാധനമൂത്ത് എത്തുന്ന കൗമാരക്കാരാണ് എന്നതാണ് ദൗര്‍ഭാഗ്യകരം. കൊച്ചിയില്‍ നിന്നും ചെറിയ അളവില്‍ കോട്ടയത്ത് ‘സാധനം’ എത്തിക്കാന്‍ കുട്ടികളെയും സ്ത്രീകളെയുമാണ് ഉപയോഗിക്കുന്നത്. പൊലീസ് പരിശോധന ഒഴിവായി കിട്ടും എന്നതാണ് ഇതിന് കാരണം. കമ്പം- തേനി വഴി കുമളിയിലും ഇടുക്കിയിലും എത്തുന്ന ലഹരിയും കോട്ടയത്തേക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ എത്തും. പിടിക്കപ്പെട്ടാല്‍ പോലും നേതാവിനെ ഒറ്റ് കൊടുക്കാത്തവരാണ് സംഘത്തില്‍ ചേരാനും തുടര്‍ന്ന് പ്രവര്‍ത്തിക്കാനും യോഗ്യതയുള്ളവരാകുന്നത്. പിന്നീട് ഈ കുഞ്ഞുങ്ങള്‍ മെല്ലെ കുറ്റകൃത്യങ്ങളിലേക്ക് വേഗത്തില്‍ ചുവട് മാറും. ഹീറോ പരിവേഷമാണ് എല്ലാവരുടെയും പ്രധാന ലക്ഷ്യം.

അഞ്ജലി ബാര്‍ മാനേജരെയും ജീവനക്കാരനെയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പെരുമ്പായിക്കാട് സംക്രാന്തി കണ്ണചേല്‍ വീട്ടില്‍ ബേബി മകന്‍ ബിന്റോ ബേബി (22) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം കോട്ടയത്തുള്ള അഞ്ജലി പാര്‍ക്ക് ഹോട്ടലിന്റെ കൗണ്ടറില്‍ ബഹളം ഉണ്ടാക്കിയതിനെതുടര്‍ന്ന് ബാര്‍ മാനേജര്‍ ഇയാളെ പറഞ്ഞു വിടാന്‍ ശ്രമിക്കുന്നതിനിടയില്‍ മാനേജരെ കത്തികൊണ്ട് കുത്തുകയും തടയാന്‍ വന്ന മറ്റൊരു ബാര്‍ ജീവനക്കാരനെയും ഇയാള്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തുനിന്ന് കടന്നു കളഞ്ഞ പ്രതിയെ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഗാന്ധിനഗറില്‍ നിന്നും പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് പ്രൈവറ്റ് ബസ് കണ്ടക്ടറെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പായിക്കാട് പെരുമ്പായിക്കാട്ട്‌ശേരി കരയില്‍ പരീയത്ത്‌ശ്ശേരി വീട്ടില്‍ മാത്യു മകന്‍ ഡോണ്‍ മാത്യു (24), പെരുമ്പായിക്കാട് നട്ടാശ്ശേരി ചവിട്ടുവരി ഭാഗത്ത് തൈത്തറയില്‍ വീട്ടില്‍ തങ്കച്ചന്‍ മകന്‍ ജസ്ലിന്‍ (20) എന്നിവരെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. . ഇതില്‍ ബിന്റോ ബേബി ഒന്നാം പ്രതിയാണ്. ഇയാള്‍ക്ക് ഗാന്ധി നഗര്‍ സ്റ്റേഷനില്‍ കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ട്. കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്. ഓ അനൂപ് കൃഷ്ണ,എസ്.ഐ ശ്രീജിത്ത്, സി.പി.ഓ മാരായ വിഷ്ണു, വിജയ് ശങ്കര്‍, രതീഷ്, ലിബിന്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.