ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; പനച്ചിക്കാട് അയൽവാസിയെ ആക്രമിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ; പ്രതി ചിങ്ങവനം പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാൾ

ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; പനച്ചിക്കാട് അയൽവാസിയെ ആക്രമിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ; പ്രതി ചിങ്ങവനം പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാൾ

സ്വന്തം ലേഖിക

പനച്ചിക്കാട്: ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അയൽവാസിയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

പനച്ചിക്കാട് ചിറക്കരോട്ട് വീട്ടിൽ ശശീന്ദ്രൻ മകൻ അജയൻ എന്ന് വിളിക്കുന്ന ശശികുമാർ (45) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ അയൽവാസിയായ സുധീഷിന്റെ വീട്ടുമുറ്റത്ത് സ്ഥിരമായി ഓട്ടോറിക്ഷ പാർക്ക് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് സുധീഷ് ഒരു ദിവസം ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം കഴിഞ്ഞദിവസം ചാന്നാനിക്കാട് ക്ഷേത്രത്തിന്റെ സമീപമുള്ള റോഡിൽ വച്ച് സ്കൂട്ടറിൽ വന്ന സുധീഷിനെ ശശികുമാര്‍ തടഞ്ഞുനിർത്തുകയും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് ശശികുമാര്‍ തന്റെ ഓട്ടോയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പു പൈപ്പ് ഉപയോഗിച്ച് സുധീഷിനെ ആക്രമിക്കുകയും, ഇതിനു ശേഷം ഓട്ടോയില്‍ നിന്ന് വാക്കത്തിയെടുത്ത് അതിന്റെ മൂട് കൊണ്ട് വീണ്ടും ആക്രമിക്കുകയും, സ്കൂട്ടറിന് കേടുപാടു വരുത്തുകയും ചെയ്തു.

തുടര്‍ന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾക്ക് തലയോലപ്പറമ്പ്, കോട്ടയം ഈസ്റ്റ്, ചിങ്ങവനം എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണം, കഞ്ചാവ് തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. ഇതു കൂടാതെ ഇയാൾ ചിങ്ങവനം പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്.

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി.ആർ, എസ്.ഐ തങ്കച്ചൻ, സി.പി.ഓ മാരായ സതീഷ്.എസ്, റെജി ലാൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.