കോട്ടയത്തെ ജനങ്ങള്‍ ജാഗരൂകരാകണം; ജീവന്‍രക്ഷയാണ് പ്രധാനം; ഓക്‌സിജന്‍ ലഭ്യതയ്ക്കായി ഹോസ്പിറ്റല്‍ സിലിണ്ടറുകള്‍ തികയാതെ വന്നാല്‍ ഇന്‍ഡസ്ട്രിയല്‍ സിലിണ്ടറുകള്‍ പിടിച്ചെടുക്കും; വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടാല്‍ അടിയന്തിരമായി കോവിഡ് സെന്ററുകളില്‍ എത്തുക; ജില്ലാ കളക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അറിയാം
സ്വന്തം ലേഖകന്‍
കോട്ടയം: ജില്ലയില്‍ കൊറോണ വൈറസിന്റെ മഹാരാഷ്ട്രാ വകഭേദം രൂക്ഷവ്യാപനത്തിലേക്ക് കടക്കുമ്പോള്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി കളക്ടര്‍ എം. അഞ്ജന. ജില്ലയില്‍ കോവിഡ്19 വ്യാപനത്തിന്റെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.
77 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ 60 തദ്ദേശഭരണ സ്ഥാപനങ്ങളിലും ടിപിആര്‍ ഇപ്പോഴും 20ന് മുകളിലാണ്. രണ്ട് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ 50ന് മുകളിലും അഞ്ചിടങ്ങളില്‍ 40നും 50നും മദ്ധ്യേയുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 57 പഞ്ചായത്തിലും മൂന്ന് നഗരസഭകളിലുമാണ് ഇത്തരത്തില്‍ അപകടകരമായ വ്യാപനം ഉണ്ടായിരിക്കുന്നത്- കളക്ടര്‍ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതെങ്കിലും ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വേഗത്തില്‍ രോഗം പിടിപെടുന്നതായാണ് കണ്ട് വരുന്നത്. വീട്ടിലുള്ള ഒരാള്‍ കോവിഡ് പൊസിറ്റീവ് ആണെങ്കില്‍ ബാക്കി കുടുംബാംഗങ്ങളിലേക്കും വേഗത്തില്‍ രോഗവ്യാപനം നടക്കുന്നുണ്ട്. ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ജനങ്ങല്‍ പിന്മാറിയാല്‍ മാത്രമേ ഈ സ്ഥിതിക്ക് മാറ്റം വരൂ.
കോട്ടയത്ത് രണ്ട് കോവിഡ് ആശുപത്രികളും 15ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും 6 സെക്കന്‍ഡറി ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുമാണുള്ളത്. 80 ശതമാനം രോഗികളും വീട്ടില്‍ തന്നെ ക്വാറന്റൈനിലിരിക്കാനാണ് താല്പര്യപ്പെടുന്നത്.
എന്നാല്‍ വീട്ടിലിരിക്കുന്ന രോഗികള്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ സിഎഫ്എല്‍ടിസിയില്‍ എത്തുക. ഇവിടെ നിന്നും ഓക്‌സിജന്‍ നല്‍കിയ ശേഷം, സ്ഥിതി ഗുരുതരമല്ലെങ്കില്‍ തിരികെ വീട്ടില്‍ അയയ്ക്കും.
കൂടുതല്‍ പരിചരണം ആവശ്യമെങ്കില്‍ ആശുപത്രികളിലേക്ക് കൊണ്ടുപോകും. കിടക്കകളുടെ എണ്ണവും ഓക്‌സിജന്‍ ലഭ്യതയും കൂട്ടിയിട്ടുണ്ട്.
ഓക്‌സിജന്‍ ലഭ്യതയ്ക്കായി നിലവിലുള്ള ഹോസ്പിറ്റല്‍ സിലിണ്ടറുകള്‍ തികയാതെ വന്നാല്‍ ഇന്‍ഡസ്ട്രിയല്‍ സലിണ്ടറുകള്‍ ഉപയോഗപ്പെടുത്തും.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം 146 സിലിണ്ടറുകള്‍ ഇത്തരത്തില്‍ കൈമാറിയിട്ടുണ്ട്. ജീവന്‍രക്ഷ മുന്നില്‍ക്കണ്ട് ബാക്കിയുള്ള ഇന്‍ഡസ്ട്രിയല്‍ സിലിണ്ടറുകളും കൈമാറിയില്ലെങ്കില്‍ ഇത്തരത്തിലുള്ളവ പിടിച്ചെടുക്കുന്നതാവും.
വാക്‌സിനേഷനായി നിലവില്‍ സ്‌പോട് രജിസ്‌ട്രേഷന്‍ ലഭ്യമല്ല. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ തന്നെയാണ് അഭികാമ്യമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.