വോട്ടെണ്ണൽ ദിനം കൊവിഡ് ദിനമായി മാറ്റരുത്: കൊവിഡ് പ്രതിരോധം ശക്തമാക്കാൻ മെയ് രണ്ടിന് ആഹ്‌ളാദ പ്രകടനങ്ങൾ നിരോധിക്കണം: തേർഡ് ഐ ന്യൂസ് ലൈവ് ഹൈക്കോടതിയിൽ
തേർഡ് ഐ ബ്യൂറോ
കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിദിനം 1500 ൽ കിടന്ന കൊവിഡ് കണക്കുകൾ വോട്ടെടുപ്പ് കഴിഞ്ഞതോടെ പതിനായിരത്തിൽ എത്തിയതിന് സമാനമായ സാഹചര്യം മെയ് രണ്ടിന് ഉണ്ടാകില്ലന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.
പൊതുപ്രവർത്തകനും, തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്ററുമായ ഏ.കെ ശ്രീകുമാറാണ് വോട്ടെണ്ണൽ ദിനത്തിലെ ആഹ്‌ളാദപ്രകടനവും പൊതയോഗവും ആഘോഷ പരിപാടികളും നിരോധിക്കണമെന്നും, വോട്ടെണ്ണൽ കേന്ദ്രങ്ങളിലും, പരിസരത്തും, സ്ഥാനാർത്ഥികളും, ബൂത്ത് ഏജന്റുമാരും, ഉദ്യോഗസ്ഥരും, മാധ്യമ പ്രവർത്തകരുമൊഴികെ മറ്റുള്ളവരെ പ്രവേശിപ്പിക്കരുത് തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് കൊവിഡ് കണക്ക് പ്രതിദിനം 1500 ൽ താഴെയായിരുന്നു. എന്നാൽ , വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കൊവിഡ് പ്രതിദിന കണക്ക് പതിനായിരത്തിലേക്ക് കുതിച്ചുയർന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുകയും ചെയ്തു.
കൊവിഡ് സമയത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ കർശന നിയന്ത്രണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ , ഈ നിയന്ത്രണങ്ങൾ എല്ലാം കാറ്റിൽപ്പറത്തിയാണ് പ്രചാരണം പൂർണമായും നടന്നത്. റോഡ് ഷോയും വാദ്യമേളങ്ങളും കൊവിഡ് പ്രതിരോധം ലംഘിക്കുന്ന പടുകൂറ്റൻ റാലികളുമായിരുന്നു തിരഞ്ഞെടുപ്പിൽ നടത്തിയിരുന്നത്. ഈ റാലികളാണ് കൊവിഡ് പടർന്ന് പിടിക്കാൻ കാരണമായത് .
ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചതും. എന്നാൽ , ഈ നിയന്ത്രണങ്ങൾ മെയ് രണ്ടിന് വോട്ടെണ്ണൽ ദിനത്തിൽ പ്രായോഗികമാകമോ എന്ന സംശയമാണ് ഉയരുന്നത്. നിലവിൽ ഹോട്ടലുകളിൽ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവു. ഇത് കൂടാതെ സ്ഥാപനങ്ങൾ എല്ലാം രാത്രി ഒൻപത് മണിയ്ക്ക് അടയ്ക്കണം , സ്വകാര്യ കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാരെ നിർത്തി കൊണ്ടു പോകരുത് , വിവാഹ ഉത്സവ മരണാനന്തര ചടങ്ങുകളിലും കർശന നിയന്ത്രണങ്ങളുണ്ട്.
ഈ സാഹചര്യത്തിലാണ് മെയ് രണ്ടിലെ വോട്ടെണ്ണൽ വരുന്നത്. അന്ന് സ്വാഭാവികമായും നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുമെന്നാണ് ആശങ്ക ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ഏ.കെ ശ്രീകുമാർ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഏ.കെ ശ്രീകുമാറിന് വേണ്ടി അഡ്വ.രാജേഷ് കണ്ണൻ ഹൈക്കോടതിയിൽ ഹാജരാകും.