കാസർകോട് ഐസ്‌ക്രീം കഴിച്ച് പെൺകുട്ടി മരിച്ച സംഭവം : പെൺകുട്ടിയുടെ മൂത്തസഹോദരൻ പൊലീസ് പിടിയിൽ ; കുടുംബത്തെ ഒന്നാകെ വിഷം കലർത്തി കൊല്ലാൻ യുവാവ് ശ്രമിക്കുകയായിരുന്നെന്ന് പൊലീസ്

കാസർകോട് ഐസ്‌ക്രീം കഴിച്ച് പെൺകുട്ടി മരിച്ച സംഭവം : പെൺകുട്ടിയുടെ മൂത്തസഹോദരൻ പൊലീസ് പിടിയിൽ ; കുടുംബത്തെ ഒന്നാകെ വിഷം കലർത്തി കൊല്ലാൻ യുവാവ് ശ്രമിക്കുകയായിരുന്നെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കാസർഗോഡ്: ബളാൽ അരിങ്കല്ലിൽ പെൺകുട്ടി മരണം കൊലപാതകമാണെന്ന് പൊലീസ്. ബളാൽ ഓലിക്കൽ ബെന്നിയുടെ മകൾ ആൻമേരി (16)യുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

ഐസ്‌ക്രീമിൽ വിഷം കലർത്തി കുടുംബത്തെ മുഴുവൻ കൊല്ലാൻ ശ്രമിച്ച മൂത്തസഹോദരൻ ആൽബിൻ ബെന്നി(22)യെ വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പിതാവ് ബെന്നി, മാതാവ് ബെസി എന്നിവരും ഐസ്‌ക്രീം കഴിച്ച് ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിതാവ് ബെന്നി അതീവ ഗുരുതരനിലയിൽ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും മാതാവ് ബെസി കണ്ണൂർ മിംസിലുമാണ് ചികിത്സയിൽ കഴിയുന്നത്.

മദ്യവും കഞ്ചാവും ഉപയോഗിക്കുന്ന ആളാണ് ആൽബിൻ. ഈ യുവാവിന് ഒരു ദളിത് യുവതിയുമായി അടുപ്പമുണ്ടെന്ന് ആരോപണമുണ്ട്. ഇത് സഹോദരി ആൻമേരിക്ക് അറിയാമായിരുന്നു. സഹോദരിയായ ആൻമേരിയോടും ആൽബിൻ മോശമായി പെരുമാറിയിരുന്നു. ഇതെല്ലാം മാതാപിതാക്കളോട് പറയുമെന്ന സംശയം മൂലം ഐസ്‌ക്രീമിൽ വിഷം കലർത്തിയെന്നാണ് സംശയിക്കുന്നത്.

ആൽബിനെ ഇന്നലെ രാത്രി വീട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിൽ ആൽബിൻ കുറ്റം സമ്മതിച്ചതായി സൂചനയുണ്ട്.

ഐസ്‌ക്രീം കഴിച്ച തനിക്കും ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് ആൽബിൻ പറഞ്ഞിരുന്നു. തുടർന്ന് ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാൽ, ആൽബിന് വിഷം അകത്തു ചെന്നതിന്റെ ലക്ഷണങ്ങളില്ലെന്ന് ഡോക്ടർമാർ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്.

ഒരാഴ്ച മുൻപ് വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം അന്നുതന്നെ ആൻമേരിയും പിതാവ് ബെന്നിയും ധാരാളം കഴിച്ചു. ആൽബിനും മാതാവ് ബെസിയും ഫ്രിഡ്ജിൽ വെച്ചശേഷം പിറ്റേദിവസമാണ് കഴിച്ചത്. അന്നുമുതൽ തന്നെ ആൻമേരിക്ക് ഛർദ്ദിയും വയറിളക്കവും തുടങ്ങി.

കട്ടൻചായയും ചെറുനാരാങ്ങാനീരുമായി രണ്ടുദിവസം നാടൻചികിത്സ നടത്തി. എന്നാൽ ആൻമേരിയുടെ ഛർദ്ദിയും വയറിളക്കവും കലശലായി തുടർന്നു. ഇതിനെ തുടർന്നാണ് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ പിതാവ് ബെന്നിക്കും അസുഖം തുടങ്ങുകയായിരുന്നു.

ചികിത്സയ്ക്കിടയിൽ ആൻമേരിക്ക് മഞ്ഞപ്പിത്തം പിടിപെടുകയും ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ചു മണിയോടെ മരണപ്പെടുകയുമായിരുന്നു. ഓഗസ്റ്റ് ആറിന് തന്നെ ബെന്നിയുടെ നില ഗുരുതരമാവുകയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ നിന്നും രോഗകാരണം ഭക്ഷ്യവിഷബാധമൂലമാണെന്ന് കണ്ടെത്തുകയായിരുന്നു.