സ്വർണക്കടയിലെ മോഷണം; തമിഴ്‌ സംഘത്തെ കുടുക്കാൻ തുമ്പായത് കുടിവെള്ളക്കുപ്പിയും ചെക്ക്പോസ്റ്റിലെ സിസിടിവി  ദൃശ്യങ്ങളും; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്  മാഞ്ഞു പോകുന്നതിനു മൂന്നു മിനിറ്റ് മുൻപ്

സ്വർണക്കടയിലെ മോഷണം; തമിഴ്‌ സംഘത്തെ കുടുക്കാൻ തുമ്പായത് കുടിവെള്ളക്കുപ്പിയും ചെക്ക്പോസ്റ്റിലെ സിസിടിവി ദൃശ്യങ്ങളും; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത് മാഞ്ഞു പോകുന്നതിനു മൂന്നു മിനിറ്റ് മുൻപ്

Spread the love

കൊല്ലം: കായംകുളത്തെ സ്വർണക്കടയിൽ മോഷണം നടത്തിയ സംഘത്തെ കുടുക്കാൻ തുമ്പായത് കുടിവെള്ളക്കുപ്പി.

മോഷണശേഷം മുങ്ങിയ തമിഴ്‌ സംഘം കാർ നിർത്തി വിശ്രമിച്ച സ്ഥലത്ത് ഉപേക്ഷിച്ച കുടിവെള്ളക്കുപ്പിയാണ് അന്വേഷണത്തിൽ നിർണായക തെളിവായത്. ഇതിനൊപ്പം മാഞ്ഞുപോകുന്നതിനു മൂന്നു മിനിറ്റ് മുൻപു വീണ്ടെടുത്ത ചെക്ക്പോസ്റ്റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് തുണയായി.

മോഷണം നടത്തിയ സംഘം രക്ഷപ്പെട്ട കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് പൊലീസെത്തിയത് കൊല്ലം ബൈപ്പാസിനടുത്തു മങ്ങാട്ട് പാലത്തിനു സമീപം ഇതര സംസ്ഥാന ലോറിക്കാർ താമസിക്കുന്ന കേന്ദ്രത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലത്ത് മുറിയെടുത്ത് താമസിക്കാതെ ഇവർ കാറിൽ തന്നെയാണ് വിശ്രമിച്ചത്. സ്ഥലം പൊലീസ് വിശദമായി പരിശോധിച്ചപ്പോൾ തമിഴ്‌നാട്ടിൽ വിൽപ്പനയുള്ള കുടിവെള്ളത്തിന്റെ കുപ്പിയും കിട്ടി.

അവിടെ കാർ നിർത്തിയിട്ടിരുന്നവർ തമിഴാണ് സംസാരിച്ചതെന്ന വിവരത്തോടെ
തമിഴ്‌നാട്ടുകാരാണ് പ്രതികളെന്ന് ഉറപ്പിച്ചു. പ്രതികൾ യാത്ര ചെയ്ത കാറിനു കേരളത്തിലെ രജിസ്‌ട്രേഷൻ നമ്പരായിരുന്നു. രജിസ്‌ട്രേഷൻ നമ്പർ വ്യാജമാണെന്ന്‌ പോലീസ് ആദ്യമേ തിരിച്ചറിഞ്ഞിരുന്നു.

കായംകുളത്തെ മോഷണത്തിനു ശേഷം തിരുവനന്തപുരം നഗരത്തിലേക്കാണു പ്രതികൾ പോയത്. അവിടെ നഗരം ചുറ്റിയശേഷം കവടിയാർ, പേരൂർക്കട, നെടുമങ്ങാട്, പാലോട്, കുളത്തുപ്പുഴ വഴിയാണ് ആര്യങ്കാവിലെത്തുന്നത്.

കായംകുളത്തു നിന്ന്‌ കെപി റോഡിലൂടെ ആര്യങ്കാവിൽ എത്തിച്ചേരാമെങ്കിലും പൊലീസിനെ കബളിപ്പിക്കാനായിരുന്നു തിരുവനന്തപുരം വഴി കാർ ഓടിച്ചു പോയത്.

ആര്യങ്കാവിൽ തമിഴ്നാട് പൊലീസിന്റെ ചെക്ക് പോസ്റ്റിൽ 10 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ വരെയെ സൂക്ഷിച്ചുവെക്കുകയുള്ളു. പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കായംകുളത്തു നിന്നു പോയ കാറിൽ പോണ്ടിച്ചേരി രജിസ്ട്രഷൻ നമ്പർ വെച്ചിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. മൂന്നുമിനിറ്റിനു ശേഷം ഈ ദൃശ്യങ്ങൾ സെർവറിൽ നിന്നു താനേ മാഞ്ഞു പോകുമായിരുന്നെന്ന് അവിടുത്തെ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അവിടെയെത്താൻ നിമിഷങ്ങൾ വൈകിയിരുന്നെങ്കിൽ കാറിന്റെ നമ്പർ മാറ്റിയതു തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. ഇതോടെ പ്രതികളിലേക്ക് എത്താനുള്ള പ്രധാന വഴിയും അടഞ്ഞേനെ.

തമിഴ്‌നാട്ടിലെത്തിയപ്പോൾ കാറിന്റെ യഥാർഥ നമ്പർ പ്ലേറ്റാണ് പ്രതികൾ വച്ചത്. ഇതിലൂടെ കാർ ഉടമയെ തിരിച്ചറിയാൻ കഴിഞ്ഞു. ഇത് പ്രതികളുടെ ബന്ധുവിന്റെ കാറായിരുന്നു. അങ്ങനെ പ്രതികൾ ഉപയോഗിച്ച മൊബൈൽ നമ്പർ കിട്ടി. പിന്നീടുള്ള അന്വേഷണം വേഗത്തിൽ നടന്നു.
മോഷ്ടാക്കളിൽ ഒരാളെ തമിഴ്‌നാട്ടിലെ കടലൂരിൽ നിന്നാണ് പിടികൂടിയത്.

സൈബർ വിദഗ്‌ധൻ എഎസ്ഐ സുധീറാണ് അന്വേഷണത്തിനു വേണ്ട സാങ്കേതിക സഹായങ്ങൾ നൽകിയത്. കായംകുളം ഡിവൈഎസ്പി അലക്‌സ് ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.