ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ ഒരു പ്രകോപനവുമില്ലാതെ വെടിനിർത്തല്‍ കരാർ ലംഘിച്ച് പാകിസ്താൻ. ഇന്ത്യയും ആക്രമണത്തില്‍ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യയുടെ ഭാഗത്ത് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പാക് സൈന്യം രാത്രിമുഴുവൻ പ്രകോപനമില്ലാതെ വെടിവെയ്ക്കുകയായിരുന്നു. വെടിവെപ്പ് വിവിധ സ്ഥലങ്ങളിലേയ്ക്ക് വ്യാപിച്ചതായും റിപ്പോർട്ടുണ്ട്.
പ്രദേശത്തെ സ്ഥിതിഗതികള്‍ ഇന്ത്യൻസേന സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവിലെ പ്രശ്നങ്ങളില്‍നിന്ന് വഴിതിരിക്കുന്നതിനാണ് പാകിസ്താൻ നിയന്ത്രണരേഖയില്‍ അടിക്കടി വെടിനിർത്തല്‍ കരാർ ലംഘിക്കുകയും ഇന്ത്യൻ പോസ്റ്റുകള്‍ക്കുനേരെ വെടിയുതിർക്കുകയും ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുള്ള രണ്ടു ഭീകരരുടെ വീടുകള്‍ക്കൂടി സുരക്ഷാ സേന തകർത്തു. പുല്‍വാമയിലെ മുറാദനിലുള്ള അഹ്സാനുല്‍ ഹഖ് ഷെയ്ഖ്, കുല്‍ഗാമിലെ സാക്കിർ അഹമ്മദ് ഗനി എന്നിവരുടെ വീടുകളാണ് സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകർത്തത്. ഇരുവർക്കും പഹല്‍ഗാം ഭീകരാക്രമണവുമായി പരോക്ഷമായ ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തല്‍. പ്രദേശത്തെ ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായാണ് പൊളിച്ചുനീക്കലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഇരുവരും പാകിസ്താനില്‍നിന്നുള്ള ഭീകരർക്ക് സഹായം നല്‍കിയിരുന്നു. രണ്ട് ഭീകരരും 2018-ല്‍ ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്ക് പോവുകയും അവിടെവെച്ച് ഭീകരപ്രവർത്തനങ്ങള്‍ക്ക് പരിശീലനം നേടുകയും ചെ്തു. തുടർന്ന് ഇന്ത്യയിലെത്തി പുല്‍വാമ, ഷോപ്പിയാൻ തുടങ്ങിയ മേഖലകളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ പങ്കെടുത്തിരുന്നുവെന്നും അന്വേഷണ ഏജൻസികള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീടുകള്‍ തകർത്തത്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ കഴിഞ്ഞദിവസം തകർത്തിരുന്നു. കുല്‍ഗാമിലെ തോക്കർപോരയില്‍നിന്ന് രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.