ഇറ്റലിയിൽ രോഗം വ്യാപിക്കാതിരിക്കാൻ സകല അടവുകളും പയറ്റിയിട്ടും കാട്ടുതീ പോലെ പടർന്ന് കൊറോണ വൈറസ് ; തിങ്കളാഴ്ച മാത്രം മരിച്ചത് 97 പേർ ; മരണസംഖ്യ 463 കടന്നതോടെ മനുഷ്യരെ വീട്ടുതടങ്കലിലാക്കി സർക്കാർ

ഇറ്റലിയിൽ രോഗം വ്യാപിക്കാതിരിക്കാൻ സകല അടവുകളും പയറ്റിയിട്ടും കാട്ടുതീ പോലെ പടർന്ന് കൊറോണ വൈറസ് ; തിങ്കളാഴ്ച മാത്രം മരിച്ചത് 97 പേർ ; മരണസംഖ്യ 463 കടന്നതോടെ മനുഷ്യരെ വീട്ടുതടങ്കലിലാക്കി സർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇറ്റലിയിൽ മുഴുവൻ യാത്രാവിലക്ക് പ്രഖ്യാപിച്ച കൊറോണ വൈറസ് വ്യാപനം തടയാൻ സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. മനുഷ്യരെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ് സർക്കാർ. ജോലി ആവശ്യത്തിനോ ആരോഗ്യപരമായ കാരണങ്ങളോ മറ്റ് അടിയന്തര കാരണങ്ങളോ ബോധിപ്പിച്ചാൽ മാത്രമേ പൗരന്മാരെ അവർ താമസിക്കുന്ന മേഖലകളിൽനിന്ന് മറ്റൊരിടത്തേക്ക് നീങ്ങാൻ അനുവദിക്കൂവെന്ന് പ്രധാനമന്ത്രി ഗ്യൂസപ്പെ കോൻതെ പ്രഖ്യാപിച്ചു.

കൊറോണയെ തുടർന്ന് തിങ്കളാഴ്ച മാത്രം ഇറ്റലിയിൽ 97 പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 460 ആയി ഉയരുകയും ചെയ്തു. ചൈന കഴിഞ്ഞാൽ കൊറോണ ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ച രാജ്യവും ഇറ്റലിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇറ്റലിയിലാകെ നിശാ പാർട്ടികളും ക്ലബ്ബുകളുമൊക്കെ താൽക്കാലികമായി അടച്ചിടുകയാണെന്നും പ്രധാനമന്ത്രി കോൻതെ പ്രഖ്യാപിച്ചു. ഇറ്റലിയിൽ രോഗം ഗുരുതരമായി ബാധിച്ചവരിൽ പാതിയിലേറെയും 80 മുതൽ 89 വയസ്സുവരെയുള്ള വിഭാഗത്തിലുള്ളവരാണ്. 31 ശതമാനത്തോളം 7079 വിഭാഗത്തിലുള്ളവരും.ഇറ്റലിയിലെ മിക്കവാറും എല്ലാം മേഖലകളിലേയും സ്‌കൂളുകൾ മാർച്ച് 16 വരെ അടച്ചിട്ടിരിക്കുകയാണ്.

കായികമേഖലയിലും സ്തംഭനം തുടരുകയാണ്. രാജ്യത്തുടനീളം ഇറ്റാലിയൻ സീരി എ ഫുട്‌ബോൾ ഉൾപ്പെടെ എല്ലാ മത്സരങ്ങൾക്കും വിലക്കേർപ്പെടുത്തിയതായി കോൻതെ പ്രഖ്യാപിച്ചു. ഏപ്രിൽ മൂന്നുവരെ സീരി എ മത്സരങ്ങളും ടോക്യോ ഒളിമ്ബിക്‌സിനുള്ള ട്രയലുകളടമുള്ള മത്സരങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. ഞായറാഴ്ച അഞ്ച് ഇറ്റാലിയൻ സീരി എ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടന്നിരുന്നു.

അതേസമയം ലൊംബാർഡിയിൽ സ്‌കൂളുകൾ, യൂണിവേഴ്‌സിറ്റികൾ, ജിം, മ്യൂസിയം, നിശാക്ലബ്ബുകൾ ദേവാലയങ്ങൾ എന്നിവയെല്ലാം ഏപ്രിൽ മൂന്നുവരെ അടച്ചു. ഹോട്ടലുകൾക്ക് പ്രവർത്തനാനുമതി ഉണ്ടെങ്കിലും ഒരു മീറ്റർ ദൂരത്തിലെ ഉപയോക്താക്കളെ ഇരുത്താൻ അനുമതിയുള്ളൂ. വിവാഹപാർട്ടികളും ശവസംസ്‌കാര ശുശ്രൂഷകളും നിരോധിച്ചു. മതപരവും സാംസ്‌കാരികവുമായ എല്ലാ പരിപാടികളും നിർത്തിവയ്ക്കാൻ നിർദ്ദേശമുണ്ട്. ഇറ്റലിയിലെ പള്ളികളിൽ തിങ്കളാഴ്ച കുർബാന ഓൺലൈനാക്കി.

ഇറ്റലിയിൽ 1807 പേർക്കുകൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ, രാജ്യത്താകെ രോഗം ബാധിച്ചവരുടെ എണ്ണം 9172 ആയി ഉയർന്നു.