മലയാളികളുടെ ഇഷ്ടഭക്ഷണം പുട്ടും മുട്ടക്കറിയും തിരിച്ചെത്തി ; റെയിൽവേയുടെ പരിഷ്‌കരിച്ച മെനു പിൻവലിച്ചു

മലയാളികളുടെ ഇഷ്ടഭക്ഷണം പുട്ടും മുട്ടക്കറിയും തിരിച്ചെത്തി ; റെയിൽവേയുടെ പരിഷ്‌കരിച്ച മെനു പിൻവലിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: മലയാളികളുടെ ഇഷ്ടഭക്ഷണമായ പുട്ടും മുട്ടക്കറിയും തിരിച്ചെത്തി.കേരളീയ വിഭവങ്ങൾ ഒഴിവാക്കി പരിഷ്‌കരിച്ച റെയിൽവേയുടെ പുതിയ മെനു അധികൃതർ പിൻവലിച്ചു. മാധ്യമ പ്രവർത്തകനായ ദീപു സെബാസ്റ്റ്യന്റെ ട്വീറ്റിന് മറുപടിയായാണ് റെയിൽവേ മെനു പിൻവലിച്ച കാര്യം അറിയിച്ചത്. കേരളീയരുടെ ഭക്ഷണ ശീലത്തിൽ പ്രധാനഭാഗമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവ ഒഴിവാക്കിയത് സാംസ്‌കാരിക ഫാസിസം അല്ലേ എന്നായിരുന്നു ദീപു ട്വിറ്ററിലൂടെ റെയിൽവേ അധികൃരോട് ചോദിച്ചത്.

ഇതിനു മറുപടിയായിട്ടാണ് നേരത്തെ വിതരണം ചെയ്ത എല്ലാ വിഭവങ്ങളും വീണ്ടും വിതരണം ചെയ്യുമെന്ന് ട്വീറ്റിൽ റെയിൽവേ വ്യക്തമാക്കിയത്.കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതലായി വിറ്റഴിച്ചിരുന്ന അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നീ കേരളീയ വിഭവങ്ങളെയാണ് കഴിഞ്ഞ ദിവസം റെയിൽവേ മെനുവിൽ നിന്ന് ഒഴിവാക്കിയത്. ഇതിനു പുറമെ പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയൻ എന്നിവയും മെനുവിൽ നിന്ന് റെയിൽവേ പുറത്താക്കിയിരുന്നു. ഇതിനു പകരമായി സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ എന്നിവയാണ് പുതിയ മെനുവിൽ ഉൾപ്പെടുത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group